പാർട്ടിയിൽ ആടിപ്പാടി ഫിന്നിഷ് പ്രധാനമന്ത്രി സന്ന മാരിൻ; മയക്കുമരുന്നു പരിശോധന ആവശ്യപ്പെട്ട് പ്രതിപക്ഷം

മുപ്പത്തിയാറുകാരിയായ സന്ന മാരിൻ ലോകത്തെ പ്രായം കുറഞ്ഞ ഭരണാധികാരികളിൽ ഒരാളാണ്

Update: 2022-08-19 08:46 GMT
Editor : abs | By : Web Desk
Advertising

ഹെൽസിങ്കി: സ്വകാര്യ പാർട്ടിയിൽ ആടിപ്പാടുന്ന ഫിന്നിഷ് പ്രധാനമന്ത്രി സന്ന മാരിന്റെ വീഡിയോ പുറത്ത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രധാനമന്ത്രിയെ ലഹരി മരുന്നു പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.

തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ് എന്നും പാർട്ടിക്കിടെ മദ്യം മാത്രമേ കഴിച്ചുള്ളൂ എന്നുമാണ് മാരിന്റെ വിശദീകരണം. വീഡിയോ ചിത്രീകരിക്കുന്നത് അറിയാമായിരുന്നു. എന്നാൽ പുറത്തു പോയതിൽ ദുഃഖമുണ്ട്. നൃത്തം ചെയ്യുകയും പാട്ടു പാടുകയും ചെയ്തിട്ടുണ്ട്. അത് പൂർണമായി നിയമവിധേയമാണ്. തന്റെ സ്വഭാവത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. എന്താണോ താൻ അതായി തുടരും- അവർ വ്യക്തമാക്കി. 

മാരിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽനിന്നുള്ള പാർലമെന്റ് അംഗം ഇൽമരി നുർമിനെൻ, ജനപ്രിയ ഗായിക അൽമ, ടിവി അവതാരകർ, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സ് അടക്കമുള്ളവർ പാർട്ടിയിൽ പങ്കെടുത്തിരുന്നു. എവിടെ വച്ചാണ് വീഡിയോ ചിത്രീകരിച്ചത് എന്നതിൽ വ്യക്തതയില്ല. ചടങ്ങിൽ പങ്കെടുത്ത ഒരാളുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ആയാണ് വീഡിയോ പുറത്തു പോയത്.

മുപ്പത്തിയാറുകാരിയായ സന്ന മാരിൻ ലോകത്തെ പ്രായം കുറഞ്ഞ ഭരണാധികാരികളിൽ ഒരാളാണ്. ഈയിടെ ജർമൻ ന്യൂസ് ഔട്ട്‌ലറ്റായ ബിൽഡ് ലോകത്തെ ഏറ്റവും ശാന്തയായ പ്രധാനമന്ത്രിയായി മാരിനെ തെരഞ്ഞെടുത്തിരുന്നു. 

2019ലാണ് സന്ന മാരിൻ ഫിന്നിഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ആന്റി റിന്നെ രാജിവച്ചതിനു പിന്നാലെയാണ് രാജ്യത്തെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഗതാഗത മന്ത്രിയായിരുന്ന മാരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.

ഈയിടെ, റഷ്യൻ അധിനിവേശത്തിനിടെ മാരിൻ യുക്രൈൻ സന്ദർശിച്ചത് വാർത്തയായിരുന്നു. കിയവിലെ ബുചയിലും ഇർപിനിലും കനത്ത മഴയ്ക്കിടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിട്ടായിരുന്നു മാരിന്റെ സന്ദർശനം. യുക്രൈൻ പ്രസിഡണ്ട് വ്ളോദിമിർ സെലൻസ്‌കിയുമായി അവർ കൂടിക്കാഴ്ച നടത്തിയിരുന്നു.

തലസ്ഥാനമായ കിയവിൽ നിന്ന് 30 കിലോമീറ്റർ വടക്കുകിഴക്കാണ് ബുച. റഷ്യൻ സേന സിവിലിയന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കിയത് ഇവിടെയാണ് എന്ന് നേരത്തെ യുക്രൈൻ ആരോപിച്ചിരുന്നു. റഷ്യയുമായി 830 മൈൽ അതിർത്തി പങ്കിടുന്ന ഉത്തരയൂറോപ്യൻ രാഷ്ട്രമാണ് ഫിൻലാൻഡ്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News