അവസാനിപ്പിക്കാതെ ഗ്രേറ്റ തുംബർഗ്; ഫ്‌ളോട്ടിലയുമായി വീണ്ടും ഗസ്സയിലേക്ക്, തുനീഷ്യയില്‍ വൻ സ്വീകരണം
ഞായറാഴ്ച തുനീഷ്യന്‍ തീരത്ത് എത്തിയ ഗ്രേറ്റ തുംബര്‍ഗിനും സംഘത്തിനും ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്
തൂനിസ്: ഗസ്സയിലേക്ക് വീണ്ടും ഫ്ലോട്ടിലയുമായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ്. ഞായറാഴ്ച തുനീഷ്യന്‍ തീരത്ത് എത്തിയ ഗ്രേറ്റ തുംബര്‍ഗിനും സംഘത്തിനും ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്.
350 സന്നദ്ധ പ്രവര്‍ത്തകരാണ് സഹായ സാമഗ്രികള്‍ നിറച്ച ബോട്ടുകളിൽ ഗ്രേറ്റയോടൊപ്പം യാത്ര ചെയ്യുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ബാഴ്‌സലോണയിൽ നിന്നാണ് ഏകദേശം 20 കപ്പലുകളുടെ ഫ്ലോട്ടില ഗസ്സയിലേക്ക് പുറപ്പെട്ടത്. ഇസ്രയേല്‍ പതിവ്പോലെ തടഞ്ഞില്ലെങ്കില്‍ സഹായവിതരണം ഗസ്സയില്‍ നടത്താനാകുമെന്നാണ് സംഘം പ്രതീക്ഷിക്കുന്നത്.
തുനീഷ്യയിലെ സിഡി ബൗ സെയ്ദ് തുറമുഖത്ത് നിരവധി പേരാണ് ഗ്രേറ്റയെ സ്വീകരിക്കാനെത്തിയത്. ഇതിന്റ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നു.
"നമ്മൾ എന്തിനാണ് ഇവിടെ വന്നതെന്ന് എല്ലാവര്‍ക്കും അറിയാം, ഈ കടലിനക്കരെ ഒരു വംശഹത്യ നടക്കുന്നുണ്ട്, ഇസ്രായേലിന്റെ നേതൃത്വത്തില്‍ ജനതയെ പട്ടിണിക്കിടുകയാണ്, അവരുടെ പുതിയ കൊലപാതക ഉപകരണമാണത്''- ജനങ്ങളെ അഭിസംബോധന ചെയ്ത് ഗ്രേറ്റ പറഞ്ഞു.
ഗസ്സയിലെ ഇസ്രായേലിന്റെ നിയമവിരുദ്ധ ഉപരോധം തകർക്കുക എന്നതാണ് തങ്ങളുടെ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് ഫ്ലോട്ടില സംഘാടകർ പറഞ്ഞു. ഗസ്സയിലേക്കുള്ള യാത്ര പുനരാരംഭിക്കുന്നതിന് മുമ്പ് തുനീഷ്യയിൽ കുറച്ച് ദിവസം സംഘം തങ്ങും. അതിന് ശേഷമാകും പുറപ്പെടുക. കഴിഞ്ഞ ജൂണിലാണ് ഫ്രീഡം ഫ്ളോട്ടിലയുമായി പുറപ്പെട്ട ഗ്രേറ്റയേയും സംഘത്തെയും ഇസ്രായേല്‍ അനധികൃതമായി കസ്റ്റഡിയിലെടുത്ത് നാട്ടിലേക്ക് പറഞ്ഞയച്ചത്.
ഗസ്സയിലെത്തും മുമ്പെ ഇസ്രായേല്‍ ഇവരെ തട്ടിക്കൊണ്ടുപോയി തടവിലാക്കുകയായിരുന്നു. കഴിയുന്നതെല്ലാം തുടർന്നും ചെയ്യാൻ ശ്രമിക്കുമെന്നും ഫലസ്തീനികൾക്കുള്ള ഞങ്ങളുടെ വാഗ്ദാനമാണിതെന്നും ഗ്രേറ്റ അന്ന് വ്യക്തമാക്കിയിരുന്നു.