പകർപ്പാവകാശ വിവാദം; ഗൂഗ്‌ളിന് 4400 കോടി രൂപ പിഴയിട്ട് ഫ്രാൻസ്

ഏതെങ്കിലും കമ്പനിക്ക് രാജ്യത്തെ കോംപിറ്റീഷൻ അതോറിറ്റി ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്

Update: 2021-07-13 09:22 GMT
Editor : abs | By : Web Desk
Advertising

മാധ്യമസ്ഥാപനങ്ങളുമായുള്ള പകർപ്പാവകാശക്കേസിൽ സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗ്‌ളിന് 50 കോടി യൂറോ (ഏകദേശം 4400 കോടി) പിഴയിട്ട് ഫ്രാൻസ്. ഏതെങ്കിലും കമ്പനിക്ക് രാജ്യത്തെ കോംപിറ്റീഷൻ അതോറിറ്റി ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്. ഉള്ളടക്കത്തിൽ യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിച്ചില്ലെന്ന കുറ്റത്തിനാണ് പിഴ.

പകർപ്പാവകാശമുള്ള ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഉറപ്പാക്കാൻ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. അല്ലെങ്കിൽ ദിനംപ്രതി 900,000 യൂറോ പിഴയൊടുക്കേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.

സർക്കാർ തീരുമാനം അങ്ങേയറ്റം നിരാശാജനകമാണ് എന്ന് ഗൂഗ്ൾ പ്രതിനിധി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉടനീളം മികച്ച വിശ്വാസത്തോടെയാണ് തങ്ങൾ പ്രവർത്തിച്ചത്. തങ്ങൾ ചെയ്ത ശ്രമങ്ങളെയും യാഥാർത്ഥ്യത്തെയും പ്രതിഫലിപ്പിക്കുന്നതല്ല ഈ പിഴ. 2020 മെയ്-സെപ്തംബർ മാസത്തിലായിരുന്നു അതോറ്റിയുമായുള്ള കൂടിക്കാഴ്ച. അക്കാലം മുതൽ വാർത്താ ഏജൻസികളുമായും പ്രസാധകരുമായും മികച്ച ധാരണയിൽ പ്രവർത്തിച്ചുവരികയാണ്- വക്താവ് കൂട്ടിച്ചേർത്തു.

പരസ്യവരുമാനമുണ്ടായിട്ടും ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയ്ക്ക് വേണ്ടത്ര നഷ്ടപരിഹാരം കിട്ടിയില്ല എന്നാണ് പ്രസാധകരുടെ പരാതി. എ.എഫ്.പി അടക്കമുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികളും റെഗുലേറ്ററി ബോഡിയിൽ പരാതി നൽകിയിരുന്നു. അതേസമയം, ഫ്രഞ്ച് പത്രങ്ങളുമായും മാഗസിനുകളുമായും ഇക്കാര്യത്തിൽ വ്യക്തിഗത കരാറുകൾ ഉണ്ടാക്കിയതായി നവംബറിൽ ഗൂഗ്ൾ പ്രഖ്യാപിച്ചിരുന്നു.

പ്രതിഫലത്തർക്കം ഓസ്‌ട്രേലിയയിലും

പ്രാദേശിക മാധ്യമങ്ങളിൽ നിന്നുള്ള വാർത്തകൾക്ക് ഗൂഗ്‌ളും ഫേസ്ബുക്കും സ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകണമെന്ന ആവശ്യം (ഫ്രാൻസിന്റേതിനു സമാനമല്ല) ഓസ്‌ട്രേലിയയും ഉന്നയിച്ചിട്ടുണ്ട്. ഇന്റർനെറ്റ് വഴിയുള്ള പരസ്യവരുമാനം നിലവിൽ ഗൂഗ്ൾ, ഫെയ്‌സ്ബുക്ക് പോലുള്ള ഭീമന്മാർ നിശ്ചയിക്കുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. ഇക്കാര്യത്തിൽ മാറ്റം വേണമെന്നാണ് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിട്ടുള്ളത്.

ഉള്ളടക്കങ്ങൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം അതു പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങൾക്ക് കൂടിയുള്ളതാണ് എന്നാണ് ഓസ്‌ട്രേലിയ പറയുന്നത്. ഇക്കാര്യങ്ങളിൽ മാധ്യമങ്ങളുമായി കൂടിയാലോചന വേണമെന്നും അല്ലെങ്കിൽ ഇടപെടുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാർ കടുംപിടുത്തവുമായി മുമ്പോട്ടു പോകുകയാണ് എങ്കിൽ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് ഗൂഗ്ൾ അറിയിച്ചത്. ഇക്കാര്യത്തിൽ പ്രസാധകരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News