ഫാമിൽ നിന്ന് മോഷണം പോയത് 93.6 ലക്ഷം രൂപ വില വരുന്ന ഒച്ചുകൾ
ക്രിസ്മസ്- ന്യൂ ഇയർ വിപണി മുന്നിൽക്കണ്ട് സംഭരിച്ചിരുന്ന ഒച്ചുകളാണ് മോഷണം പോയത്
പാരിസ്: വടക്കൻ ഫ്രാൻസിലെ ഫാമിൽ നിന്ന് ഹോട്ടലുകളിൽ വിതരണം ചെയ്യാനായി വളർത്തിയിരുന്ന ഒച്ചുകൾ മോഷണം പോയി. ഏകദേശം 93.6 ലക്ഷം രൂപ വില വരുന്ന ഒച്ചുകളാണ് മോഷണം പോയത്. റീംസിനടുത്ത് ബൗസിയിലുള്ള എൽ എസ്‌കാർഗോട്ട് ഡെസ് ഗ്രാൻഡ്‌സ് ക്രൂസ് എന്ന ഫാമിലാണ് മോഷണം നടന്നത്. പുതിയതും ശീതീകരിച്ചതുമായ മുഴുവൻ സ്റ്റോക്കം കൊള്ളയടിക്കപ്പെട്ടെന്നും അവധിക്കാല വിപണി ലക്ഷ്യമിട്ടിരുന്ന തങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാണെന്നും ഉടമകൾ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഫാമിൽ അതിക്രമിച്ചുകയറിയ മോഷ്ടാക്കൾ അതിർത്തിയിലെ വേലി മുറിച്ചുകടന്ന് ഫാം കെട്ടിടങ്ങൾ തകർത്താണ് മോഷണം നടത്തിയത്. ഈ ആഴ്ച അവസാനമാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി എത്തിയത്. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ് മുന്നിൽക്കണ്ട് വീണ്ടും സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഉടമകൾ.
ഭക്ഷയോഗ്യമായ ഒച്ചുകൾ ഫ്രഞ്ചുകാരുടെ പ്രിയപ്പെട്ട വിഭവമാണ്. വെള്ളുത്തുള്ളി വെണ്ണയിലോ വീഞ്ഞിലോ പാകം ചെയ്ത് തോടിൽ നിന്ന് വേർതിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷവേളകളിൽ ആളുകൾ ഒച്ച് വിഭവങ്ങൾക്ക് നല്ല ഡിമാൻഡ് ആയതിനാൽ വ്യാപാരികൾക്ക് നല്ല കച്ചവടം ഉണ്ടാവാറുണ്ട്.