ഹെർമിസ് മുതൽ ആപ്പിൾ വരെ; ഫ്രാൻസിൽ ആഡംബര കടകൾ കൊള്ളയടിച്ച് പ്രതിഷേധക്കാർ

ആഡംബര ബ്രാൻഡായ ഹെർമിസിന്റെ സ്റ്റോറുകൾ, ആപ്പിൾ ഷോറൂമുകൾ, സൂപ്പർമാർക്കറ്റുകൾ, ഇലക്ട്രോണിക്സ് കടകൾ എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ കൊള്ളയടിച്ചു

Update: 2026-10-18 05:10 GMT

പാരിസ്: ജീവിതച്ചെലവ് വർധിക്കുന്നതിനെതിരായ പ്രതിഷേധം അക്രമാസക്തമായതോടെ ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ വ്യാപക കൊള്ളയും നാശനഷ്ടങ്ങളും. ആഡംബര ബ്രാൻഡായ ഹെർമിസിന്റെ സ്റ്റോറുകൾ, ആപ്പിൾ ഷോറൂമുകൾ, സൂപ്പർമാർക്കറ്റുകൾ, ഇലക്ട്രോണിക്സ് കടകൾ എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ കൊള്ളയടിച്ചു. സംഭവങ്ങളിൽ 1,200 പേരെ അറസ്റ്റ് ചെയ്തതായും 150 പൊലീസുകാർക്ക് പരിക്കേറ്റതായും ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെക്കോർണു അറിയിച്ചു.

മാർസെയിൽ നഗരത്തിൽ ഹെർമിസ് ഉൾപ്പെടെ നിരവധി കടകൾ പ്രതിഷേധക്കാർ തകർത്തു. ആഭരണങ്ങൾ, വസ്ത്രങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. ഒരു ചെരുപ്പ് കടയിലുണ്ടായ തീ അണയ്ക്കാൻ അഗ്നിരക്ഷാസേന ഇടപെട്ടു.

Advertising
Advertising

പാരിസിൽ റിപ്പബ്ലിക് സ്ക്വയറിന് സമീപമുള്ള ചർമസംരക്ഷണ ഉൽപ്പന്നങ്ങളുടെ കടയുടെ ചില്ലുകൾ തകർത്ത അക്രമികൾ സാധനങ്ങൾ പുറത്തുനിന്നിരുന്ന ജനക്കൂട്ടത്തിന് നേരെ എറിഞ്ഞു. ടെലികോം കടയിലും അതിക്രമിച്ചു കയറിയ സംഘം മൊബൈൽ ഫോണുകൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. സമീപത്തെ ബാറിലും തീപിടിത്തമുണ്ടായി. സൂപ്പർമാർക്കറ്റിൽ കൊള്ള നടത്തിയ സംഘം പൊലീസിന് നേരെ കുപ്പികളും ടിന്നുകളും എറിഞ്ഞു.

ലില്ലെയിൽ നഗരമധ്യത്തിലെ ആപ്പിൾ സ്റ്റോറും തകർത്തു. പാരിസ്, മാർസെയിൽ, നാന്ത്, ബോർഡോ, ടുലൂസ്, സ്ട്രാസ്ബർഗ് തുടങ്ങി നിരവധി നഗരങ്ങളിൽ സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, വസ്ത്രശാലകൾ, സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ കടകൾ, ഇലക്ട്രോണിക്സ് സ്ഥാപനങ്ങൾ എന്നിവയും ആക്രമണത്തിനിരയായി.

നഗരസഭാ മന്ദിരത്തിനും തീയിട്ടു

പൊതുസ്ഥാപനങ്ങൾക്കു നേരെയും ആക്രമണമുണ്ടായി. ലിമോജസിൽ 140 വർഷത്തിലേറെ പഴക്കമുള്ള നഗരസഭാ മന്ദിരത്തിന് മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ തീയിട്ടു. കെട്ടിടത്തിന്റെ വലിയൊരു ഭാഗം അഗ്നിക്കിരയായി. മാർസെയിലെയും ലില്ലെയിലെയും നഗരസഭാ മന്ദിരങ്ങൾ തകർത്തു. ബോർഡോയിലെ പൊലീസ് കേന്ദ്രത്തിനുനേരെ ആക്രമണമുണ്ടായപ്പോൾ ലിയോണിലെ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസിനും തീയിട്ടു.

പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിട്ടത്. അക്രമികൾ പൊലീസിന് നേരെ വിവിധ വസ്തുക്കളും പടക്കങ്ങളും എറിഞ്ഞു. തെക്കൻ നഗരമായ സെന്റ് എറ്റിയേനിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉപയോഗിച്ച ഗ്രനേഡ് പതിച്ച് 17കാരന് വലതുകൈ നഷ്ടപ്പെട്ടു.

അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. കടകളും ഭരണകാര്യാലയങ്ങളും തകർക്കുകയും കൊള്ള നടത്തുകയും ചെയ്തവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം എക്സിലൂടെ അറിയിച്ചു.

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News