ജോലി-പാത്രം കഴുകാനും തുണി മടക്കാനും റോബോട്ടുകളെ പരിശീലിപ്പിക്കണം; മാസ ശമ്പളം 75,000 രൂപ

വീടുകൾ, ഫാക്ടറികൾ, സൂപ്പര്‍മാര്‍ക്കറ്റുകൾ എന്നിവക്കായിട്ടാണ് റോബോട്ടുകളെ പരിശീലിപ്പിക്കുന്നത്

Update: 2026-10-18 02:53 GMT

ബെയ്ജിങ്: ജോലി ചെയ്യാൻ മനസുണ്ടെങ്കിൽ ചൈനയിൽ അവസരങ്ങൾക്ക് ഒരു പഞ്ഞവുമില്ല. എവിടെത്തിരിഞ്ഞാലും എന്തെങ്കിലും ജോലി കിട്ടും. ഹ്യൂമനോയിഡ് റോബോട്ടുകളെ വീട്ടുജോലി ചെയ്യാൻ പരിശീലീപ്പിക്കുകയാണ് ഇപ്പോൾ ചൈനയിൽ ട്രെൻഡിംഗായിക്കൊണ്ടിരിക്കുന്ന തൊഴിൽ. പാത്രം കഴുകുക, തുണി മടക്കുക, മേശ തുടയ്ക്കുക, കുപ്പിയുടെ അടപ്പ് തുറക്കുക തുടങ്ങിയ കാര്യങ്ങൾ ദിവസവും നൂറിലധികം തവണ ചെയ്ത് റോബോട്ടുകൾക്ക് പരിശീലനം നൽകുന്നതാണ് ഈ ജോലി.

വീടുകൾ, ഫാക്ടറികൾ, സൂപ്പര്‍മാര്‍ക്കറ്റുകൾ എന്നിവക്കായിട്ടാണ് റോബോട്ടുകളെ പരിശീലിപ്പിക്കുന്നത്. ചൈനീസ് സോഷ്യൽമീഡിയയിലും റിക്രൂട്ട്മെന്‍റ് പ്ലാറ്റ്ഫോമുകളിലും ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ വ്യാപകമാകുന്നുണ്ട്. പ്രതിമാസം 4,000 യുവാൻ മുതൽ 6,000 യുവാൻ വരെ (ഏകദേശം $600 മുതൽ $900 വരെ / 50,000 മുതൽ 75,000 ഇന്ത്യൻ രൂപ വരെ) ആണ് ശമ്പളം.

Advertising
Advertising

ജോലി ചെയ്യുന്ന വ്യക്തികൾ മോഷൻ-ക്യാപ്ചർ സെൻസറുകളും മോണിറ്ററിംഗ് ഉപകരണങ്ങളും ധരിച്ചാണ് ജോലികൾ ചെയ്യുന്നത്. ഇവരുടെ ഓരോ ചലനവും ക്യാമറകളും സെൻസറുകളും റെക്കോഡ് ചെയ്ത് ഡാറ്റയാക്കി മാറ്റും. ഈ ഡാറ്റ ഉപയോഗിച്ചാണ് എഐ റോബോട്ടുകൾക്ക് അടുക്കളകളിലും വീടുകളിലും ഫാക്ടറികളിലും കൃത്യമായി ജോലി ചെയ്യാനുള്ള പരിശീലനം നൽകുന്നത്.

ഓട്ടോമൊബൈൽ രംഗത്ത് ജോലി നഷ്ടപ്പെടുകയും പ്രായക്കൂടുതൽ മൂലം ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുകയും ചെയ്ത 40 കാരിയായ ലിയു യുൻ റോബോട്ട് പരിശീലനത്തിൽ ശ്രദ്ധ നേടിയ സ്ത്രീയാണ്. ബെയ്ജിങ്ങിലെ ഒരു സ്റ്റുഡിയോയിൽ വെച്ച് ലിയു കൈകളിൽ സെൻസർ ബ്രേസലുകളും വിരലുകളിൽ ചിപ്പുകളും ധരിച്ച്, കമ്പ്യൂട്ടർ സ്ക്രീനിൽ കാണിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് കപ്പുകൾ മാറ്റുകയും പ്രതലങ്ങൾ തുടയ്ക്കുകയും ചെയ്യുന്ന ജോലി ആവർത്തിച്ചു ചെയ്തു. "റോബോട്ടുകളെ പരിശീലിപ്പിക്കുന്നതിനേക്കാൾ ഉപരി, രണ്ട് വയസ്സുള്ള ഒരു കുട്ടിയെ പഠിപ്പിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്" എന്നാണ് ലിയു ഈ ജോലിയെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

ജീവനക്കാരുടെ ഉൽപാദനക്ഷമതയും കൃത്യതയും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ദിവസേന 160 സാമ്പിളുകൾ റെക്കോർഡ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ചിലർ 260-ൽ അധികം പൂർത്തിയാക്കി. എന്നാൽ ഒരു ദിവസം 200 തവണയോളം പാത്രം കഴുകൽ പോലുള്ള ജോലികൾ ആവർത്തിക്കുന്നത് തന്റെ കായിക പരിധികൾക്കപ്പുറമാണെന്നും ലിയു വ്യക്തമാക്കി.

ഷാൻസി പ്രവിശ്യയിൽ നിന്നുള്ള 22 വയസ്സുള്ള വിദ്യാർഥിയായ സൺ, വേനൽക്കാല അവധിക്കാലത്ത് ഇന്റേൺഷിപ്പ് അന്വേഷിക്കുന്നതിനിടയിൽ റോബോട്ട് പരിശീലനം ഏറ്റെടുത്തു.വസ്ത്രങ്ങൾ മടക്കുക, തറ തൂത്തുവാരുക, ചലനങ്ങൾ റെക്കോഡ് ചെയ്യുക എന്നിവയായിരുന്നു ജോലി. പകൽ ഷിഫ്റ്റിന് 120 യുവാനും രാത്രി ഷിഫ്റ്റിന് 135 യുവാനും അദ്ദേഹത്തിന് ലഭിച്ചു. എന്നാൽ ഈ വരുമാനം പര്യാപ്തമല്ലെന്നായിരുന്നു സൺ പറയുന്നത്.റോബോട്ട് ട്രെയിനിംഗ് ജോലികൾ വീട്ടമ്മമാര്‍ക്കും വൻതോതിൽ പ്രയോജനപ്പെടുന്നുണ്ട്. കൂടാതെ ഈ മേഖല വീടുകളിൽ നിന്ന് പുറത്തേക്ക്, മറ്റ് മേഖലകളിലേക്കും വ്യാപിച്ച് വരികയാണ്.

ജിയാങ്സു പ്രവിശ്യയിൽ നിന്നുള്ള ഗുവോ ഹോങ്ജുവാൻ എന്ന സ്ത്രീ ദിവസവും 6 മണിക്കൂറോളമാണ് വീട്ടിലിരുന്ന് ഈ ജോലി ചെയ്യുന്നത്. പുസ്തകങ്ങൾ അടുക്കിവെക്കുക, മേശ തുടയ്ക്കുക, വസ്തുക്കൾ മാറ്റിവെക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്ത്, കുട്ടിയെ നോക്കുന്നതിനോടൊപ്പം മാസം ഏകദേശം 4,000 യുവാൻ (ഏകദേശം 50,000 രൂപ) സമ്പാദിക്കുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News