ചുമതലയേറ്റ് അഞ്ച് ദിവസം മാത്രം; ട്രംപ് കൊണ്ടുവന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പുറത്തേക്ക്

യോഗ്യതാ വിവാദങ്ങളുടെയും മാധ്യമങ്ങളില്‍നിന്ന് നേരിട്ട കടുത്ത വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തിലാണ് കാറ്റി സക്കറിയയുടെ പടിയിറക്കം

Update: 2026-10-17 10:37 GMT

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ച കാറ്റി സക്കറിയ അഞ്ച് ദിവസത്തിനകം പുറത്തേക്ക്. യോഗ്യതാ വിവാദങ്ങളുടെയും മാധ്യമങ്ങളില്‍നിന്ന് നേരിട്ട കടുത്ത വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തിലാണ് കാറ്റി സക്കറിയയുടെ പടിയിറക്കം. പ്രസ് സെക്രട്ടറി സ്ഥാനത്തേക്കുള്ള യോഗ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങളും ആദ്യ വാര്‍ത്താസമ്മേളനത്തിലെ പ്രകടനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും കാറ്റിയെ വിവാദത്തിലാക്കിയിരുന്നു.

മുന്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിന് പകരക്കാരിയായാണ് കാറ്റി സക്കറിയയെ ട്രംപ് പ്രഖ്യാപിച്ചത്. ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പില്‍ കമ്മ്യൂണിക്കേഷന്‍സ് ഉപദേഷ്ടാവായും ആഭ്യന്തര സുരക്ഷാ വകുപ്പില്‍ വക്താവായും പ്രവര്‍ത്തിച്ച ശേഷമാണ് കാറ്റി വൈറ്റ് ഹൗസിലെത്തിയത്. തിങ്കളാഴ്ച ഔദ്യോഗികമായി ചുമതലയേറ്റ കാറ്റിയുടെ ആദ്യ വാര്‍ത്താസമ്മേളനം ചൊവ്വാഴ്ചയായിരുന്നു. എന്നാല്‍, വെറും 14 മിനിറ്റ് മാത്രം നീണ്ട വാര്‍ത്താസമ്മേളനത്തില്‍ അവര്‍ സര്‍ക്കാര്‍ അനുകൂലികളായ മൂന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മാത്രമാണ് മറുപടി നല്‍കിയത്. തയ്യാറെടുപ്പില്ലാതെയാണ് പ്രസ് സെക്രട്ടറി എത്തിയതെന്ന വിമര്‍ശനവും ഉയര്‍ന്നു.

Advertising
Advertising

നിയമ ബിരുദമുണ്ടെങ്കിലും അമേരിക്കയില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കാനുള്ള ബാര്‍ പരീക്ഷയില്‍ വിജയിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലാണ് മറ്റൊരു വിവാദത്തിന് വഴിവെച്ചത്. കാലിഫോര്‍ണിയയിലെ പെപ്പര്‍ഡൈന്‍ സര്‍വകലാശാലയില്‍നിന്ന് നിയമപഠനം പൂര്‍ത്തിയാക്കിയ കാറ്റി സക്കറിയ, അഭിഭാഷകയെന്ന നിലയില്‍ സ്വയം പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍, ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബാര്‍ പരീക്ഷയില്‍ വിജയിച്ചിട്ടില്ലെന്ന് അവര്‍ സമ്മതിച്ചു. ഇതോടെ അവരുടെ പ്രൊഫഷണല്‍ യോഗ്യതകളെക്കുറിച്ചും ചോദ്യങ്ങളുയര്‍ന്നു.

വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, ജോലി തുടരണമോയെന്ന് പുനഃപരിശോധിക്കാന്‍ കാറ്റി സക്കറിയയോട് നിര്‍ദേശിച്ചതായി പറഞ്ഞിരുന്നു. മാധ്യമങ്ങളുടെ വിമര്‍ശനം കാരണം അവര്‍ ബുദ്ധിമുട്ടുന്നത് താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. പിന്നാലെയാണ് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം പ്രസ് സെക്രട്ടറി സ്ഥാനമൊഴിയുന്നത്. ട്രംപിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്ന് കാറ്റി സക്കറിയ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News