Writer - രാഗേന്ദു പി.ആർ
Web Journalist
വാഷിങ്ടണ്‍: റഷ്യക്കെതിരായ ഉപരോധത്തില്‍ മലക്കംമറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ബില്‍ തടയുകയും ചെയ്തു.
നിലവില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് പുതിയ ഉത്തരവിറക്കിയിട്ടുണ്ട്. റഷ്യ-യുക്രൈന്‍ ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുഎസിന്റെ പുതിയ നീക്കം. ആഗോള വിലപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇളവുകളെന്നാണ് വിശദീകരണം.
എന്നാല്‍ റഷ്യക്കെതിരായ ഉപരോധത്തില്‍ ഇളവ് വരുത്തിയ യുഎസിന്റെ നടപടിയില്‍ യുക്രൈന് അതൃപ്‍തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ ഊര്‍ജ കയറ്റുമതി വരുമാനം തടയുക, നാല് വര്‍ഷത്തിലധികം നീണ്ട യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മോസ്‌കോയെ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് യുഎസ് ഉപരോധ ബില്‍ പാസാക്കിയത്.
കഴിഞ്ഞ 12 മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ റഷ്യന്‍ ക്രൂഡ് ഓയിലും വാതകവും ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളെ കണ്ടെത്താന്‍ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളാണ് ഈ ബില്‍ മൂലം ആശങ്കയിലായിരുന്നത്. പുതിയ തീരുമാനം ഇരുരാജ്യങ്ങൾക്കും ആശ്വാസം നൽകുന്നതാണ്.
അതേസമയം ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് അമേരിക്ക തീരുമാനിച്ചതായി ആക്‌സിയസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അവസരം മുതലെടുത്ത് ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ അക്രമിച്ച് ഇറാന്‍ നടപടി കടുപ്പിക്കുകയാണെന്നാണ് വിവരം.
ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഉടന്‍ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ ഊര്‍ജ മന്ത്രി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇറാനെതിരായ യുദ്ധത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കരസേനാ നീക്കത്തിന് സാധ്യതയില്ലെന്നും ട്രംപ് പ്രതികരിച്ചു.
അതേസമയം യുഎസ് തന്ത്രങ്ങള്‍ നിഷ്ഫലമാക്കി ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 110 ഡോളറിലേക്ക് കുതിക്കുകയാണ്. ഹോര്‍മുസിലൂടെ അനധികൃതമായി നീങ്ങിയ എണ്ണ കപ്പലിന് തീപിടിച്ചതായി ഇറാന്‍ സേന അറിയിച്ചു.