ഗ്യാനേഷ് കുമാറിൻ്റെ രാജി: ലണ്ടനിൽ എസ്എഫ്ഐ പ്രതിഷേധം; ബദൽ പ്രതിഷേധവുമായി ബിജെപി അനുകൂലികളും
ലണ്ടനിൽ പ്രതിഷേധം സംഘടിപ്പിക്കാൻ യൂട്യൂബർ ധ്രുവ് റാഠി ആഹ്വാനം ചെയ്തിരുന്നു
ലണ്ടൻ: തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായുള്ള പ്രതിഷേധം രാജ്യത്തിന് പുറത്തേക്കും വ്യാപിക്കുന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. അതേസമയം തന്നെ കേന്ദ്ര സർക്കാരിനെ പിന്തുണച്ചുകൊണ്ട് ബിജെപി അനുകൂലികളും ബദൽ പ്രതിഷേധവുമായി എത്തി. ഇരുവിഭാഗവും കയ്യിൽ ത്രിവർണ പതാകകളുമായി മുദ്രാവാക്യം വിളിച്ചത് സ്ഥലത്ത് ചെറിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ലണ്ടനിൽ പ്രതിഷേധം സംഘടിപ്പിക്കാൻ യൂട്യൂബർ ധ്രുവ് റാഠി ആഹ്വാനം ചെയ്തിരുന്നു. താൻ ലണ്ടനിൽ എത്തിയെന്നും വോട്ടുകൊള്ള ഇനി ലോകം അറിയാൻ സമയമായെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഉച്ചയോടെ ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് സമീപം എത്തിച്ചേരാനാണ് ആഹ്വാനം. ഇന്ത്യൻ സമയം വൈകിട്ടോടെയാണ് ഈ പ്രതിഷേധം നടക്കുക.
കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ എത്തിയ ധ്രുവ് റാഠി ബാംഗ്ലൂരിലടക്കം പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നു. ഹരിയാനയിലെ വസതിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്ത അദ്ദേഹത്തെ 18 മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. താൻ പോരാട്ടം തുടരുമെന്നും പ്രതിഷേധം രാജ്യാന്തര തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.