ത്രിരാഷ്ട്ര ഉടമ്പടിയില്‍ അതൃപ്തി; ആസ്ട്രേലിയ, യു.എസ് സ്ഥാനപതികളെ തിരികെ വിളിച്ച് ഫ്രാന്‍സ്

ആസ്ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാന്‍ പുതുതായി രൂപീകരിച്ച ആസ്ട്രേലിയ- യു.കെ-യു.എസ് സഖ്യം (ഓക്കസ്) തീരുമാനിച്ചിരുന്നു.

Update: 2021-09-18 07:20 GMT
Advertising

ഇന്തോ- പസഫിക്ക് മേഖലയില്‍ ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ ത്രിരാഷ്ട്ര ഉടമ്പടിയില്‍ പ്രതിഷേധം കടുപ്പിച്ച് ഫ്രാന്‍സ്. ഇതിന്‍റെ ഭാഗമായി ആസ്ട്രേലിയ, യു.എസ് എന്നിവിടങ്ങളില്‍ നിന്ന് സ്ഥാനപതിമാരെ തിരിച്ചു വിളിച്ചു. അപൂര്‍വ്വമായ അവസ്ഥയില്‍ ഇത്തരം നടപടികള്‍ അത്യവശ്യമാണെന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ വീസ് ലീ ഡ്രിയന്‍റെ വിശദീകരണം. 

ആസ്ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാന്‍ പുതുതായി രൂപീകരിച്ച ആസ്ട്രേലിയ- യു.കെ- യു.എസ് സഖ്യം (ഓക്കസ്) തീരുമാനിച്ചിരുന്നു. ഇന്തോ- പസഫിക് മേഖലയില്‍ ഓസ്ട്രേലിയന്‍ നാവിക ശേഷി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാന്‍ യു.എസും യു.കെയും സമ്മതിച്ചത്.  

എന്നാല്‍, ഈ സാങ്കേതിക കൈമാറ്റം ഫ്രാന്‍സുമായി ആസ്ട്രേലിയ ഉണ്ടാക്കിയ ശതകോടികളുടെ ആയുധ കരാറുകളെ ബാധിക്കുമെന്നതിനാലാണ് ഫ്രാന്‍സ് പ്രതിഷേധവുമായി രംഗത്തുവരുന്നത്. ആസ്‌ട്രേലിയ 'പിന്നില്‍നിന്ന് കുത്തി' എന്നായിരുന്നു ഉടമ്പടി സംബന്ധിച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഓക്കസ് ഉടമ്പടി വന്നതോടെ ആസ്ട്രേലിയയുമായി ഒപ്പുവച്ച ഏകദേശം 65 ബില്യണ്‍ ഡോളറിന്റെ അന്തര്‍വാഹിനി കരാറിനാണ് തിരശ്ശീല വീഴുന്നത്.

പുതിയ സഖ്യത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കാത്തതിലും ഫ്രാന്‍സിന് പ്രതിഷേധമുണ്ട്. അതേസമയം, ഫ്രാന്‍സുമായി സഹകരണം തുടരുമെന്നും പ്രശ്നങ്ങള്‍ വരും ദിവസങ്ങളില്‍ പരിഹരിക്കുമെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News