വെടിനിര്‍ത്തൽ; ഞായറാഴ്ച മുതൽ ഗസ്സയിലേക്കുള്ള സഹായവിതരണം തുടങ്ങുമെന്ന് യുഎൻ

ഗസ്സയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളം തുറന്ന് വലിയ തോതിൽ സഹായം എത്തിക്കണം

Update: 2025-10-11 03:11 GMT

Photo| UN News

തെൽ അവിവ്: വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന്, ഞായറാഴ്ച മുതൽ ഗസ്സയിലേക്കുള്ള സഹായം വിതരണം തുടങ്ങുമെന്ന് ഐക്യരാഷ്ട്രസഭ (യുഎൻ) ഉദ്യോഗസ്ഥൻ. ഗസ്സയിലുടനീളമുള്ള ഭക്ഷ്യവിതരണം 2.1 ദശലക്ഷം ആളുകളിലേക്കും പോഷകാഹാര സഹായം ആവശ്യമുള്ള ഏകദേശം 500,000 ആളുകളിലേക്കും എത്തിക്കുക എന്നതാണ് യു.എന്നിന്‍റെ ലക്ഷ്യം.

ഗസ്സ മുനമ്പിലെ ദുരിതപൂർണമായ സാഹചര്യം പരിഹരിക്കുന്നതിന് ആവശ്യമായ സഹായത്തിന്‍റെ 20% മാത്രമേ സമീപ മാസങ്ങളിൽ ഐക്യരാഷ്ട്രസഭയ്ക്കും പങ്കാളികൾക്കും എത്തിക്കാൻ കഴിഞ്ഞിട്ടുള്ളുവെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയൻ വിഭാഗം തലവൻ ടോം ഫ്ലെച്ചർ പറഞ്ഞു. ഗസ്സയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളം തുറന്ന് വലിയ തോതിൽ സഹായം എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരിതമേഖലയിലേക്ക് കൂടുതൽ സഹായമെത്തിക്കാൻ ഇസ്രായേൽ അധികൃതര്‍ പച്ചക്കൊടി കാണിച്ചതായി യുഎൻ ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

Advertising
Advertising

പ്രതിദിനം 600 ഓളം സഹായ ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം അധികൃതര്‍ വ്യക്തമാക്കി. '' ഞങ്ങളുടെ 145ലധികം കമ്മ്യൂണിറ്റി വിതരണ കേന്ദ്രങ്ങളും 30 ഓളം ബേക്കറികളും ഞങ്ങളുടെ എല്ലാ പോഷകാഹാര കേന്ദ്രങ്ങളും ഗസ്സയിലുണ്ടാകും ” ഡയറക്ടർ ഓഫ് എമർജൻസീസീസ് റോസ് സ്മിത്ത് വെള്ളിയാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു. അടുത്ത ആഴ്ച ആദ്യം തന്നെ ഡെലിവറികൾ വര്‍ധിപ്പിക്കുമെന്നും പക്ഷെ അത് ഇസ്രായേൽ സൈന്യത്തിന്‍റെ പിൻവാങ്ങലിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്ര സഭയുടെയും അംഗീകൃത അന്താരാഷ്ട്ര സംഘടനകളുടെയും സ്വകാര്യ സംഘടനകളുടെയും സഹായ ട്രക്കുകൾക്കും ദാതാക്കളായ രാജ്യങ്ങൾക്കും ഗസ്സയിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടെന്ന്  ഇസ്രായേലി സൈനിക വിഭാഗമായ COGAT((Coordinator of Government Activities in the Territories) പ്രസ്താവനയിൽ അറിയിച്ചു. ട്രക്കുകളിൽ പ്രധാനമായും ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ഷെൽട്ടർ സപ്ലൈസ്, ജല ലൈനുകളും മലിനജല സംവിധാനങ്ങളും നന്നാക്കാൻ ആവശ്യമായ ഇന്ധനവും ഉപകരണങ്ങളും ഉൾപ്പെടും.വടക്കൻ ഗസ്സയിലേക്കുള്ള പ്രവേശനം നിർണായകമാണെന്ന് ഡബ്ള്യൂഎഫ്‍പി ചൂണ്ടിക്കാട്ടി. 400,000 വരെ ആളുകൾക്ക് നിരവധി ആഴ്ചകളായി സഹായം ലഭിച്ചിട്ടില്ല.ട്രക്കുകളുടെ പ്രവേശനം വേഗത്തിലാക്കാൻ സഹായ വാഹനവ്യൂഹങ്ങളുടെ സ്കാനിങ്ങും മറ്റ് നടപടിക്രമങ്ങളും മെച്ചപ്പെടുത്തണമെന്ന് ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്.

ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണത്തിനുള്ള എല്ലാ ക്രോസിങ്ങുകളും തുറക്കണമെന്ന് യുനിസെഫ് വെള്ളിയാഴ്ച ആവശ്യപ്പെട്ടു. വളരെക്കാലമായി ശരിയായ രീതിയിൽ ഭക്ഷണം ലഭിക്കാത്തതിനാൽ പ്രദേശത്തെ കുട്ടികൾ ക്ഷീണിതരാണെന്ന് പറഞ്ഞു. "സ്ഥിതി ഗുരുതരമാണ്. നവജാതശിശുക്കളുടെ മാത്രമല്ല, ശിശുക്കളുടെയും രോഗപ്രതിരോധ സംവിധാനങ്ങൾ മുമ്പെന്നത്തേക്കാളും കൂടുതൽ ദുർബലമായതിനാൽ, ശിശുമരണത്തിൽ വൻ വർധനവ് കാണാൻ ഞങ്ങൾ സാധ്യതയുണ്ട്," യുനിസെഫ് വക്താവ് റിക്കാർഡോ പൈറസ് വ്യക്തമാക്കി. കുട്ടികളുടെ പ്രതിരോധശേഷി കുറവാണ്, കാരണം അവർ വളരെക്കാലമായി ശരിയായി ഭക്ഷണം കഴിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

50,000 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുണ്ടെന്നും അടിയന്തര ചികിത്സ ആവശ്യമാണെന്നും യുനിസെഫ് അറിയിച്ചു. ഗസ്സയിലെ കുട്ടികൾക്ക് പത്ത് ലക്ഷം പുതപ്പുകൾ നൽകുക എന്നതാണ് യുനിസെഫിന്‍റെ ലക്ഷ്യം. തടഞ്ഞുവച്ചിരുന്ന വീൽചെയറുകളും ക്രച്ചസുകളും വിതരണം ചെയ്യാനാണ് യുനിസെഫ് ലക്ഷ്യമിടുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News