യുക്രൈനുള്ള പിന്തുണ ചർച്ച ചെയ്യാൻ ജർമൻ വിദേശകാര്യ മന്ത്രി കിയവിൽ
യുഎസ് കഴിഞ്ഞാൽ യുക്രൈന് ഏറ്റവും കൂടുതൽ സൈനിക സഹായം നൽകുന്ന രണ്ടാമത്തെ രാജ്യമാണ് ജർമനി.
ബെർലിൻ: റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈനുള്ള പിന്തുണ ചർച്ച ചെയ്യുന്നതിനായി ജർമൻ വിദേശകാര്യ മന്ത്രി ജൊഹാന് വഡെഫുൾ കിയവിലെത്തി. യുക്രൈനുള്ള പിന്തുണ തുടരുമെന്ന് വഡെഫുൾ പ്രസ്താവനയിൽ പറഞ്ഞു.
സ്വയം പ്രതിരോധിക്കാനുള്ള യുക്രൈന്റെ അവകാശത്തിനായി ഞങ്ങൾ അവർക്കൊപ്പം ഉറച്ചുനിൽക്കും. ആധുനിക വ്യോമ പ്രതിരോധ സംവിധാനവും മാനുഷികവും സാമ്പത്തികവുമായ സഹായവും നൽകുമെന്നും വഡെഫുൾ വ്യക്തമാക്കി.
നൂറുകണക്കിന് ഡ്രോണുകളും ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഞായറാഴ്ച രാത്രി റഷ്യ യുക്രൈനെതിരെ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്താൻ അമേരിക്കയുടെയും പാശ്ചാത്യൻ സഖ്യകക്ഷികളുടെയും സഹായം ആവശ്യപ്പെട്ടിരുന്നു. യുഎസ് കഴിഞ്ഞാൽ യുക്രൈന് ഏറ്റവും കൂടുതൽ സൈനിക സഹായം നൽകുന്ന രണ്ടാമത്തെ രാജ്യമാണ് ജർമനി.