ഓൺലൈനായി ജോലി ചെയ്യുന്ന ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തണമെന്ന് ഗൂഗ്ൾ
ഹ്യുമൻ റിസോഴ്സ് വിഭാഗത്തിലും ടെക്നിക്കൽ സർവീസിലും പ്രവർത്തിക്കുന്നവർക്കാണ് പുതിയ മാറ്റം ബാധകം.
കാലിഫോർണിയ: ഓൺലൈനായി ജോലി ചെയ്യുന്ന ജീവനക്കാർ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഓഫീസിലെത്തണന്ന് ഗൂഗ്ൾ. അല്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്നമാണ് കമ്പനിയുടെ മുന്നറിയിപ്പ്. കോവിഡിന് ശേഷം ആദ്യമായാണ് കമ്പനി ഇങ്ങനെയൊരു മാറ്റം കൊണ്ടുവരുന്നത്. ഹ്യുമൻ റിസോഴ്സ് വിഭാഗത്തിലും ടെക്നിക്കൽ സർവീസിലും പ്രവർത്തിക്കുന്നവർക്കാണ് പുതിയ മാറ്റം ബാധകം.
സങ്കീർണമായ പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കുന്നുവെന്നതിന് നേരിട്ടുള്ള സഹകരണം ആവശ്യമാണെന്ന് തങ്ങൾ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്ന് ഗൂഗ്ൾ വാക്താവ് സിഎൻബിസിയോട് പ്രതികരിച്ചു.
ഗൂഗ്ൾ ടെക്നിക്കൽ സർവീസ് വിഭാഗത്തിലുള്ളവർ നിർബന്ധമായും കമ്പനിയിൽ നേരിട്ടെത്തി ജോലി ചെയ്യണമെന്നും അല്ലങ്കിൽ ജോലിയിൽ നിന്നും പിരിഞ്ഞ് പോകാണമെന്നുമാണ് കമ്പനി ആവശ്യപ്പെട്ടത്. 50 മൈൽ ദൂരപരിധിയിലേക്ക് മാറിത്താമസിക്കുന്നതിന്റെ ഒരു തവണത്തെ ചെലവ് കമ്പനി വഹിക്കുമെന്നും ഗൂഗ്ൾ വ്യക്തമാക്കി.
അതേസമയം, ഗൂഗിളിന്റെ ഏതെങ്കിലും ഓഫീസിന്റെ 50 മൈൽ പരിധിയിൽ താമസിക്കുന്ന ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിലുള്ളവരോട് ജൂണിനുള്ളിൽ നേരിട്ട് ജോലിയിലെത്താനാണ് കമ്പനിയുടെ മെമ്മോയിൽ ആവശ്യപ്പെടുന്നത്. 50 മൈൽ പരിധിക്കപ്പുറം താമസിക്കുന്നവർക്ക് നിലവിലെ സ്ഥിതി തുടരാം.
ഗൂഗ്ൾ സഹസ്ഥാപകൻ സെർജെ ബ്രിൻ കഴിഞ്ഞ ഫെബ്രുവരിയിൽ എഐ ജോലിക്കാരോട് ആഴ്ചയിൽ മുഴുവൻ പ്രവൃത്തി ദിവസവും ജോലിക്കെത്തണമെന്നും എഐയിൽ ലോകത്തോട് മത്സരിക്കാൻ ഗൂഗ്ൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു.
ഗൂഗ്ൾ മാത്രമല്ല ഇങ്ങനെ ജോലിക്കാരോട് നേരിട്ടെത്താൻ ആവശ്യപ്പെടുന്ന കമ്പനി. ആമസോൺ തന്റെ ജോലിക്കാരോട് ആഴ്ചയിൽ അഞ്ച് ദിവസം ഓഫീസിലെത്താൻ ആവശ്യപ്പെട്ടിരുന്നു. മെറ്റയും മറ്റ് പ്രധാന ടെക് ഭീമന്മാരും ഗൂഗിളിന്റെ നിലവിലെ നയത്തിനു സമാനമായ ജോലിക്രമമാണ് സ്വീകരിച്ചിരിക്കുന്നത്.