മൂന്നിൽ നിന്ന് 21ലേക്ക്; ലോക കോടീശ്വര പട്ടികയിൽ മൂക്കുംകുത്തി വീണ് അദാനി

തുടർച്ചയായ തിരിച്ചടിക്ക് പിന്നാലെ ബ്ലൂംബർഗിന്റെ ഇന്ത്യൻ കോടീശ്വര സൂചികയിൽ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി.

Update: 2023-02-03 14:57 GMT
Advertising

ഓഹരി മൂല്യത്തിൽ വൻ ഇടിവ് തുടരുന്നതിനു പിന്നാലെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ആഗോള കോടീശ്വരപ്പട്ടികയിൽ മൂക്കുകുത്തി വീണു. ബ്ലൂംബർഗിന്റെ ആഗോള കോടീശ്വരപ്പട്ടികയിൽ നേരത്തെ മൂന്നാമതായിരുന്ന അദാനി ഇപ്പോൾ 21ാം സ്ഥാനത്താണ്. ഓരോ ദിവസം പിന്നിടുന്തോറും റാങ്ക് താഴേക്ക് പോയിക്കൊണ്ടിരിക്കുന്ന അദാനിക്ക് ഹിൻഡൻബർഗിന്റെ ഓഹരി തട്ടിപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് തിരിച്ചടി തുടങ്ങിയത്.

ജനുവരി 31ന് ബ്ലൂംബർ​ഗിന്റെ ആഗോള ധനികരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്നും അദാനി പുറത്തായിരുന്നു. അതിനു മുമ്പ് പട്ടികയിൽ മൂന്നിൽ നിന്ന് നാലാം സ്ഥാനത്തേക്ക് വീണ അദാനി കഴിഞ്ഞദിവസം 11ലേക്കാണ് കൂപ്പുകുത്തിയത്. ഇതാണ് ഇപ്പോൾ 10 റാങ്ക് കൂടി താഴ്ന്ന് 21ലേക്ക് വീണിരിക്കുന്നത്. അതേസമയം, മുമ്പ് ഫോബ്‌സിന്റെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാമതെത്തിയിരുന്ന അദാനി ഇപ്പോൾ 17ാം സ്ഥാനത്താണ്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള മറ്റൊരു കോടീശ്വരനായ അംബാനി 12ാം സ്ഥാനത്തിലേക്ക് കയറി.

തുടർച്ചയായ തിരിച്ചടിക്ക് പിന്നാലെ ബ്ലൂംബർഗിന്റെ ഇന്ത്യൻ കോടീശ്വര സൂചികയിൽ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി. ബ്ലൂംബർഗിന്റെ ആ​ഗോള കോടീശ്വര പട്ടികയിലും 12ാമതാണ് അംബാനിയുടെ സ്ഥാനം. 193 ബില്യൺ ഡോളർ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബെർണാൾഡ് ആർണോൾട്ടാണ് പട്ടികയിൽ ഒന്നാമത്. 174 ബില്യൺ ഡോളറുമായി ട്വിറ്റർ ഉടമ ഇലോൺ മസ്ക് രണ്ടാമതെത്തിയപ്പോൾ മെറ്റ ഉടമ മാർക്ക് സക്കർബർ​ഗ് 13ാമതാണ്.


ഫോബ്സ് പട്ടികയിലും ഫ്രഞ്ച് വ്യവസായി ബെർണാൾഡ് ആർണോൾട്ട് തന്നെയാണ് ഒന്നാമത്. ഈ പട്ടികയിലും മസ്ക് രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ സക്കർബർ​ഗ് 16ാം സ്ഥാനം കരസ്ഥമാക്കി അദാനിക്ക് തൊട്ടുമുമ്പിലെത്തി. മൂന്ന് ദിവസം മുമ്പ് 3400 കോടിയിലേറെ ഡോളറിന്റെ നഷ്ടമാണ് അദാനിക്കുണ്ടായത്. പത്ത് ദിവസത്തിനിടെ 11800 കോടി ഡോളറാണ് നഷ്ടം.

ഓഹരി വിപണിയിൽ ഇടിവ് തുടരുന്നു

ഹിൻഡൻബർ​ഗ് റിപ്പോർട്ട് ഇരുട്ടടിയായതോടെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ ഇടിവ് തുടരുകയാണ്. ജനുവരി 27ന് 124 ബില്യൺ യു.എസ് ഡോളറായിരുന്നു അദാനിയുടെ ആസ്തി. വെള്ളിയാഴ്ച ഇത് 61.3 ബില്യണായി ചുരുങ്ങി. അദാനി എന്റർപ്രൈസസ് 35 ശതമാനത്തിലേറെ നഷ്ടത്തിലാണ്. അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമാർ, അദാനി ട്രാൻസ്മിഷൻ, എൻഡിടിവി എന്നിവയുടെ ഓഹരികൾ ലോവർ സർക്യൂട്ടിലെത്തി.

ഇന്നലെ അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യൺ യു.എസ് ഡോളർ കടന്നിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നതിന് മുമ്പ് അദാനി ഓഹരികളുടെ വിപണി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞദിവസം അത് 10.89 ലക്ഷം കോടിയിലേക്ക് ഇടിഞ്ഞു. ഇതിനിടെ, അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസിന്റെ ഓഹരി മൂല്യത്തിൽ 76 ശതമാനം ഇടിവുണ്ടായി.

31 വ്യാപാര സെഷനുകളിലാണ് കമ്പനിയുടെ മൂല്യം ഇത്രയും താഴ്ന്നത്. ആകെ വിപണിമൂല്യത്തിൽനിന്ന് മൂന്നു ലക്ഷം കോടി രൂപയാണ് കമ്പനിക്ക് നഷ്ടമായത്. ഡിസംബർ 21ന് 4,189.55 രൂപയുണ്ടായിരുന്ന ഓഹരിവില വെള്ളിയാഴ്ച ഒരു ഘട്ടത്തില്‍ 1017.10 രൂപയിലേക്ക് താഴ്ന്നു. പിന്നീട് മെച്ചപ്പെടുത്തിയ ഓഹരി 1,533 ലാണ് ക്ലോസ് ചെയ്തത്. നേരത്തെ 4.45 ലക്ഷം കോടിയുണ്ടായിരുന്ന എന്‍റര്‍പ്രൈസസിന്‍റെ വിപണിമൂല്യം 2.88 ലക്ഷമായി ചുരുങ്ങി.

തിരിച്ചടികൾക്ക് പിന്നാലെ, അദാനി എന്റർപ്രൈസസിനെ എസ് ആൻഡ് പി ഡൗ ജോൺസ് സുസ്ഥിരപ്പട്ടികയിൽ നിന്ന് നീക്കം ചെയ്തു. അതിനിടെ, വായ്പകൾക്ക് ഈടായി അദാനി ഗ്രൂപ്പ് കമ്പനികളുടെ ബോണ്ടുകൾ സ്വീകരിക്കുന്നത് ആഗോള ബാങ്കുകൾ നിർത്തിയതും അദാനിക്ക് ആഘാതമായി. സൂറിച്ച് ആസ്ഥാനമായ ക്രഡി സ്വീസും ന്യൂയോർക്ക് ആസ്ഥാനമായ സിറ്റി ഗ്രൂപ്പുമാണ് അദാനിയുടെ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് അറിയിച്ചത്.

ഇതുസംബന്ധിച്ച് തങ്ങൾക്കു കീഴിലുള്ള സ്വകാര്യ ബാങ്കുകൾക്ക് ധനകാര്യ സ്ഥാപനങ്ങൾ നിർദേശം നൽകി. അതേസമയം, യു.എസ് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഹിൻഡൻബർഗ് സ്ഥാപകൻ നഥാൻ ആൻഡേഴ്‌സനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജിയാണ് നൽകിയിരിക്കുന്നത്. 





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News