അൽ ഖസ്സാം ബ്രിഗേഡ് തലവൻ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ്

ദെയ്ഫിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് കഴിഞ്ഞ ജൂലൈയിൽ ഇസ്രായേൽ സൈന്യം അവകാശപ്പെട്ടിരുന്നു.

Update: 2025-01-31 04:38 GMT

ഗസ്സ: ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് തലവൻ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ്. കഴിഞ്ഞ വർഷം ജൂലൈ 13ന് തെക്കൻ ഗസ്സ നഗരമായ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ദെയ്ഫിനെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് ഹമാസ് സ്ഥിരീകരിച്ചിരുന്നില്ല.

ഡെപ്യൂട്ടി മിലിട്ടറി കമാൻഡർ മർവാൻ ഈസയും കൊല്ലപ്പെട്ടെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ പറഞ്ഞു. ഈസയെ വധിച്ചെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഹമാസ് ഇപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇസ്സ കൊല്ലപ്പെട്ടത് സംബന്ധിച്ച് തെളിവ് ലഭിച്ചിട്ടില്ല എന്നാണ് അന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞിരുന്നത്.

Advertising
Advertising

ഹമാൻസ് കമാൻഡർമാരായ ഖാദി അബൂ തമാ, റാഇദ് താബെത്, റാഫീ സലാമ തുടങ്ങിയവരും കൊല്ലപ്പെട്ടെന്ന് അബൂ ഉബൈദ അറിയിച്ചു.ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകരിൽ ഒരാളാണ് മുഹമ്മദ് ദെയ്ഫ്. 1990 മുതൽ ദീർഘകാലമായി അൽ ഖസ്സാം ബ്രിഗേഡിന്റെ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തത് മുഹമ്മദ് ദെയ്ഫ് ആയിരുന്നു. ഇസ്രായേലിന്റെ നിരവധി വധശ്രമങ്ങളെ അതിജീവിച്ച വ്യക്തി കൂടിയാണ് മുഹമ്മദ് ദെയ്ഫ്.

2014ൽ ദെയ്ഫിന്റെ ഭാര്യയെയും ഏഴുമാസം പ്രായമായ മകനെയും ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഗസ്സയിൽ ദെയ്ഫിന്റെ വസതിക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു ഇവരെ വധിച്ചത്. ഇസ്രായേൽ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ദെയ്ഫിന് ഒരു കണ്ണും ഒരു കാലും നഷ്ടമായിരുന്നു.

2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണം 'അൽ അഖ്‌സ ഫ്‌ളഡ്' സ്ഥിരീകരിച്ചത് ഹമാസ് പുറത്തുവിട്ട ദെയ്ഫിന്റെ ശബ്ദസന്ദേശത്തിലൂടെ ആയിരുന്നു. മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധഗേഹമായ മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ നടത്തിയ അതിക്രമങ്ങൾക്ക് മറുപടിയാണ് ആക്രമണം എന്നാണ് ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News