അബൂ ഉബൈദ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ്; മുഖംമറയ്ക്കാത്ത ചിത്രം പുറത്ത്

പട്ടാള യൂണിഫോമിൽ കണ്ണ് മാത്രം പുറത്തേക്ക് കാണുന്ന വിധത്തിൽ ചുവന്ന കഫിയ്യ കൊണ്ട് മുഖം മറച്ചാണ് അദ്ദേഹം മാധ്യമങ്ങളുമായി സംവദിച്ചിരുന്നത്.

Update: 2025-12-29 17:43 GMT

​ഗസ്സ സിറ്റി: അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്അബു ഉബൈദ ഉൾപ്പെടെയുള്ള മുതിർന്ന ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടതായി തിങ്കളാഴ്ച പുതിയ സൈനിക വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ ഹമാസ് അറിയിച്ചു. ഹുദൈഫ അബ്ദുല്ല അൽ-കഹ്‌ലൗത്ത്‌ എന്ന അബൂ ഉബൈദ ആ​ഗസ്റ്റ് 31ന് ​ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ച് പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന അബൂ ഉബൈദയുടെ മുഖംമറയ്ക്കാത്ത ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഫലസ്തീനിലെ റെസിസ്റ്റൻസ് ന്യൂസ് നെറ്റ്‌വർക്കാണ് ചിത്രം പുറത്തുവിട്ടത്. ഇസ്രായേലുമായുള്ള പോരാട്ടത്തിൽ ഹമാസിന്റെ ഏറ്റവും ശക്തമായ ശബ്ദമായി നിലയുറപ്പിച്ചിരുന്ന അബൂ ഉബൈദയിലൂടെയാണ് യുദ്ധഭൂമിയിലെ പുതിയ വിവരങ്ങൾ, ഇസ്രായേലിന്റെ വെടിനിർത്തൽ ലംഘനങ്ങൾ, ഇസ്രായേലി- ഫലസ്തീൻ തടവുകാരെക്കുറിച്ചുള്ള പ്രസ്താവനകൾ ഉൾപ്പെടെയുള്ള പല നിർണായക സന്ദേശങ്ങളും പുറത്തുവന്നത്.

Advertising
Advertising

പട്ടാള യൂണിഫോമിൽ കണ്ണ് മാത്രം പുറത്തേക്ക് കാണുന്ന വിധത്തിൽ ചുവന്ന കഫിയ്യ കൊണ്ട് മുഖം മറച്ചാണ് അദ്ദേഹം മാധ്യമങ്ങളുമായി സംവദിച്ചിരുന്നത്. ഗസ്സയിലെ ഇസ്രായേൽ നാശനഷ്ടത്തിന്റേയും ഹമാസ് പ്രതിരോധത്തിന്റെയും വിശദാംശങ്ങൾക്കായി ഓരോ ഫലസ്തീനിയും അബൂ ഉബൈദക്കായി കാത് കൂർപ്പിച്ചിരുന്നു.

ആഗസ്റ്റ് 29നാണ് അബൂ ഉബൈദയുടെ അവസാന വീഡിയോ പുറത്തുവരുന്നത്. ഗസ്സ മുനമ്പ് കൈവശപ്പെടുത്താനുള്ള ഇസ്രായേൽ സൈന്യത്തിന്റെ ഏതൊരു ശ്രമവും അതിന്റെ രാഷ്ട്രീയ, സൈനിക നേതൃത്വത്തിന് തിരിച്ചടിയാകുമെന്ന് വീഡിയോ സന്ദേശത്തിൽ അബു ഉബൈദ പറഞ്ഞിരുന്നു. അധിനിവേശ സേനയെ കഠിനമായ പാഠങ്ങൾ പഠിപ്പിക്കും. അൽ-ഖസ്സാം പോരാളികൾ ശക്തമായ ജാഗ്രതയിലും സന്നദ്ധതയിലുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അബൂ ഉബൈദയെ കൂടാതെ, ബ്രി​ഗേഡിന്റെ ഗസ്സ മേധാവി മുഹമ്മദ് സിൻവാർ, റഫ ബ്രിഗേഡ് തലവൻ മുഹമ്മദ് ഷബാന, മറ്റ് നേതാക്കളായ ഹകം അൽ-ഇസ്സി, റായ്ദ് സാദ് എന്നിവരുടെ വധവും ഹമാസ് സ്ഥിരീകരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു മുഹമ്മദ് സിൻവാർ.

മെയിൽ മുൻ ഹമാസ് നേതാവ് യഹ്‌യ സിൻവാറിന്റെ ഇളയ സഹോദരനായ മുഹമ്മദ് സിൻവാറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം, അബൂ ഉബൈദയെയും കൊലപ്പെടുത്തിയതായി അവർ അറിയിച്ചിരുന്നു. എന്നാല്‍ അബൂ ഉബൈദയുടെ മരണം ഹമാസോ അൽ ഖസ്സാമോ ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല.

രണ്ട് വർഷത്തിനിടെ ഹമാസ് ഉന്നത രാഷ്ട്രീയ നേതാവ് യഹ്‌യ സിൻവാർ, 1990കളിൽ ഖസ്സാം ബ്രിഗേഡുകളുടെ സ്ഥാപകരിലൊരാളായ സൈനിക കമാൻഡർ മുഹമ്മദ് ദെയ്ഫ്, ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയ തുടങ്ങിയവരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ് ഷിയാസ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍.2012 മാധ്യമപ്രവര്‍ത്തന രംഗത്ത്. ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയം, കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പത്ര- ഓണ്‍ലൈന്‍ മീഡിയകളിൽ പ്രവര്‍ത്തനപരിചയം

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ് ഷിയാസ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍.2012 മാധ്യമപ്രവര്‍ത്തന രംഗത്ത്. ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയം, കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പത്ര- ഓണ്‍ലൈന്‍ മീഡിയകളിൽ പ്രവര്‍ത്തനപരിചയം

By - Web Desk

contributor

Similar News