ബന്ദി മോചനം തുടരുമെന്ന് ഹമാസ്; ഗസ്സക്കു നേരെയുള്ള യുദ്ധഭീതി ഒഴിയുന്നു
ശനിയാഴ്ച മൂന്നു ബന്ദികളെയാകും വിട്ടയക്കുക
തെൽ അവിവ്: വെടിനിർത്തൽ കരാർ പ്രകാരം അടുത്തഘട്ടം ബന്ദികളെ നാളെ മോചിപ്പിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചതോടെ ഗസ്സക്കു നേരെയുള്ള യുദ്ധഭീതി ഒഴിയുന്നു. ബന്ദികളിലെ 6 അമേരിക്കൻ വംശജരെയും ഹമാസ് ഉടൻ മോചിപ്പിച്ചേക്കുമെന്ന് യുഎസ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സ പദ്ധതിയിൽ നിന്ന് ഡോണൾഡ് ട്രംപ് പിൻമാറണം എന്നാവശ്യപ്പെട്ട് 143 ഡമോക്രാറ്റിക് പ്രതിനിധികളും അമേരിക്കയിലെ ജൂതവിഭാഗവും രംഗത്തെത്തി.
വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് മധ്യസ്ഥരായ ഈജിപ്തും ഖത്തറും ഉറപ്പുനൽകിയതോടെയാണ് നേരത്തേയുള്ള ധാരണപ്രകാരം അടുത്തഘട്ടം ബന്ദികളെ നാളെ മോചിപ്പിക്കാൻ ഹമാസ് തീരുമാനിച്ചത്. ശനിയാഴ്ച മൂന്നു ബന്ദികളെയാകും വിട്ടയക്കുക. ശനിയാഴ്ച ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗസ്സയിൽ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചത് ആശങ്കക്കിടയാക്കിയിരുന്നു. എല്ലാ ബന്ദികളെയും നാളേക്കകം വിട്ടയച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും താക്കീത് ചെയ്തിരുന്നു. തങ്ങളുടെ പിടിയിലുള്ള ബന്ദികളിൽ 6 യു.എസ് വംശജരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന് അമേരിക്കൻ, ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഹമാസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഔഷധ, ഇന്ധന വിതരണം, ഗസ്സയിൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കാൻ ഉപകരണങ്ങൾ എത്തിക്കുക എന്നീ കാര്യങ്ങളിൽ ഉടൻ നടപടി വേണമെന്ന് ഹമാസ് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു. രണ്ടും മൂന്നും ഘട്ട വെടിനിർത്തൽ ചർച്ച ഉടൻ ആരംഭിക്കാൻ ഇസ്രായേൽ തയ്യാറാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു. അതിനിടെ, ഫലസ്തീനികളെ പുറന്തള്ളി ഗസ്സ ഏറ്റെടുക്കുമെന്ന ട്രംപിന്‍റെ അപകടകരമായ നീക്കം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് അമേരിക്കയിലെ 143 ഡമോക്രാറ്റിക് പ്രതിനിധികൾ രംഗത്ത്. ഗസ്സ ഏറ്റെടുക്കൽ ആഗോളതലത്തിൽ യു.എസ് നയത്തിന് വൻതിരിച്ചടിയാകുമെന്ന് ട്രംപിന് കൈമാറിയ കത്തിൽ ഇവർ ആവശ്യപ്പെട്ടു. ട്രംപിന്‍റെ ഗസ്സ പദ്ധതിയെ വിമർശിച്ച് 350 ജൂതറബ്ബികളും ആക്റ്റിവിസ്റ്റുകളും രംഗത്തു വന്നു. പദ്ധതിയിൽ പ്രതിഷേധിച്ച് 'ന്യൂയോർക്ക് ടൈംസി'ൽ ഇവർ ഫുൾപേജ് പരസ്യവും പ്രസിദ്ധീകരിച്ചു.