'ഞങ്ങളെ സഹായിക്കൂ', ഞങ്ങളുടെ രാജ്യം സുരക്ഷിതരല്ല': സഹായത്തിനായി യാചിച്ച് കുടിയേറ്റക്കാർ; കുടിയേറ്റക്കാരെ പനാമയിൽ തടഞ്ഞ് വെച്ച് ട്രംപ്
തടവിൽ കഴിയുന്ന 40 ശതമാനം ആളുകളും സ്വമേധയാ മടങ്ങിപ്പോകാൻ തയ്യാറല്ലാത്തവരാണെന്നാണ് പനാമ അധികൃതർ വ്യക്തമാക്കുന്നത്
പാനമ സിറ്റി : ഇന്ത്യക്കാരുൾപ്പെടെയുള്ള മുന്നൂറോളം അനധികൃത കുടിയേറ്റക്കാരെ പനാമയിലേക്ക് കടത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ, ഇറാൻ, നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ് പനാമയിൽ തടഞ്ഞ് വെച്ചിരിക്കുന്നത്. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങും വരെ പനാമയിൽ കഴിയണമെന്നുമാണ് അറിയിപ്പ്.
കുടിയേറ്റക്കാരെ നേരിട്ട് രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിലെ തടസം കാരണം മുന്നൂറോളം കൂടിയേറ്റക്കാരെ പനാമയിലെ ഹോട്ടലിൽ തടഞ്ഞ് വെച്ചിരിക്കുകയാണ് അമേരിക്ക. തിരികെ പോകുന്നതുവരെ പനാമയിൽ കഴിയണമെന്നാണ് അറിയിപ്പ്. പനാമയും യുഎസും തമ്മിലുള്ള കുടിയേറ്റ കരാറിന്റെ ഭാഗമായി കുടിയേറ്റക്കാർക്ക് വൈദ്യസഹായവും ഭക്ഷണവും എത്തിക്കുമെന്ന് പനാമ സുരക്ഷാ മന്ത്രി ഫ്രാങ്ക് അബ്രെഗോ അറിയിച്ചു. അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ ഒരു പാലമായി പ്രവർത്തിക്കാമെന്ന് പനാമ നേരത്തെ സമ്മതിച്ചിരുന്നു. ചെലവുകൾ അമേരിക്ക വഹിക്കും.
നാടുകടത്തപ്പെട്ട 299 പേരിൽ 171 പേർ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെയും യുഎൻ അഭയാർത്ഥി ഏജൻസിയുടെയും സഹായത്തോടെ സ്വമേധയാ അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ സമ്മതിച്ചിട്ടുണ്ടെന്നും എന്നാൽ, തടവിൽ കഴിയുന്ന 40 ശതമാനം ആളുകളും സ്വമേധയാ മടങ്ങിപ്പോകാൻ തയ്യാറല്ലാത്തവരാണെന്നാണ് പനാമ അധികൃതർ വ്യക്തമാക്കുന്നത്.
'ദയവായി ഞങ്ങളെ സഹായിക്കൂ', 'ഞങ്ങളുടെ രാജ്യത്ത് ഞങ്ങൾ സുരക്ഷിതരല്ല' എന്ന കുറിപ്പുകൾ താമസിക്കുന്ന ഹോട്ടലിന്റെ ജനലുകളിൽ ഇവർ എഴുതി പ്രദർശിപ്പിച്ചിട്ടുമുണ്ട്. പനാമയിലേക്ക് എത്തിച്ചതുപോലെ വൻതോതിൽ കോസ്റ്ററീക്കയിലേക്കും അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തുമെന്നാണ് വിവരം.