രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിൽ വലിയ തിരക്ക്: വിമാനത്തിൽ കയറിപ്പറ്റാൻ നിരവധി പേർ

കാബൂൾ വിമാനത്താവളത്തില്‍ നിർത്തിയിട്ടിരിക്കുന്ന വിമാനത്തില്‍ കയറിപ്പറ്റാനുള്ള ആളുകളുടെ ശ്രമമാണ് പുറത്തുവന്നത്. ബസ് സ്റ്റാൻഡിന് സമാനമായ അവസ്ഥയാണ് കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ളതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

Update: 2021-08-16 05:59 GMT
Editor : rishad | By : Web Desk
Advertising

അഫ്ഗാനിസ്താന്റെ പൂർണനിയന്ത്രണം ഏറ്റെടുത്തതോടെ യുദ്ധം അവസാനിച്ചെന്ന് താലിബാൻ. പുതിയ സർക്കാർ ഉടനെന്നും പ്രഖ്യാപനം. അതിനിടെ രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ യുഎസ് സൈന്യം ആകാശത്തേക്ക് നിറയൊഴിച്ചു.

അതേസമയം അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ നീക്കം ഊർജിതമാക്കി. കാബൂളിലേക്ക് രണ്ട് വിമാനങ്ങൾ അടിയന്തിരമായി സജ്ജമാക്കാൻ എയർ ഇന്ത്യക്ക് നിര്‍ദേശം നല്‍കി. 

കാബൂൾ വിമാനത്താവളത്തില്‍ നിർത്തിയിട്ടിരിക്കുന്ന വിമാനത്തില്‍ കയറിപ്പറ്റാനുള്ള ആളുകളുടെ ശ്രമമാണ് പുറത്തുവന്നത്. ബസ് സ്റ്റാൻഡിന് സമാനമായ അവസ്ഥയാണ് കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ളതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തിരക്ക് നിയന്ത്രിക്കാനാണ് യുഎസ് സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തത്. ''ഇവിടെ നില്‍ക്കാന്‍ ഭയം തോന്നുന്നു. അവർ ആകാശത്തേക്ക് ധാരാളം വെടിയുതിർക്കുന്നു''- ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.  

അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് താലിബാന്‍ നേതാക്കള്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ പ്രവേശിച്ചത്. കൊട്ടാരത്തിലെ അഫ്ഗാന്‍ കൊടി നീക്കി താലിബാന്‍ അവരുടെ കൊടി നാട്ടുകയായിരുന്നു. അഫ്ഗാന്‍റെ പേര് 'ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്നാക്കി ഉടൻ പ്രഖ്യാപിക്കുമെന്നു താലിബാൻ അറിയിച്ചു. താല്‍ക്കാലികമായി രൂപീകരിച്ച മൂന്നംഗ സമിതിക്ക് ഭരണച്ചുമതല നല്‍കിയതായാണ് സൂചന. മുൻ പ്രസിഡന്‍റ് ഹാമിദ് കർസായിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.

താലിബാന്‍ കാബൂള്‍ പിടിച്ചതിന് പിന്നാലെ പ്രസിഡന്‍റ് അഷ്റഫ് ഗനി താജിക്കിസ്ഥാനിലേക്ക് നാടുവിട്ടു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യത്ത് നിന്ന് മാറിനില്‍ക്കുന്നതെന്ന് അഷ്റഫ് ഗനി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും മാനിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടേറസ് താലിബാനോട് ആവശ്യപ്പെട്ടു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News