ഇറാന്റെ ശേഖരത്തില്‍ ഇനിയും പുറത്തിറക്കാത്ത മാരകായുധങ്ങളെന്ന് ഐഡിഎഫ് വിലയിരുത്തല്‍-ഇസ്രായേല്‍ ചാനല്‍

പഴയ ആയുധശേഖരത്തിലുള്ള മിസൈലുകൾ മാത്രമാണ് ഇതുവരെ ഇറാൻ പുറത്തെടുത്തതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ശബാബ്-3, ഖൈബർ ഷെകൻ, ഇമാദ്, ഖാദിർ ഉൾപ്പെടെയുള്ളവയാണ് ഇതുവരെ ആക്രമണത്തിന് ഉപയോഗിച്ചത്. അവസാനമായി വജ്രായുധങ്ങളായ ഫാത്തിഹും സെജ്ജിലും ഏറ്റവും വലിയ മിസൈലായ ഖുറംഷഹർ-4ഉം ഉപയോഗിച്ചും വലിയ ആക്രമണങ്ങൾ നടത്തി

Update: 2025-06-26 06:34 GMT
Editor : Shaheer | By : Web Desk

ഇറാനുമായുള്ള 12 ദിവസത്തെ സംഘർഷത്തിന് ശേഷം ഇസ്രായേൽ വെടിനിർത്തലിന് സമ്മതിച്ചതിന് പിന്നിൽ പല വിശകലനങ്ങളും വരുന്നുണ്ട്. എയർ ഡിഫൻസ് സംവിധാനങ്ങളും ആയുധങ്ങളും പോർമുനകളുമൊക്കെ തീരാൻ പോകുകയാണെന്നും യുദ്ധം കൂടുതൽ നാൾ നീണ്ടാൽ ഇസ്രായേൽ പ്രതിസന്ധിയിലാകുമെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ, ഒരു സുപ്രധാന വാർത്ത കഴിഞ്ഞ ദിവസം ഇസ്രായേലിലെ 'ന്യൂസ് 12' ചാനൽ പുറത്തുവിട്ടിരിക്കുന്നു. ഇനിയും പുറത്തെടുക്കാത്ത മാരകായുധങ്ങൾ ഇറാന്റെ കൈവശമുണ്ടെന്ന ഇസ്രായേൽ പ്രതിരോധ സേനയുടെ വിലയിരുത്തലാണ് ആ റിപ്പോർട്ടിലുള്ളത്.

Advertising
Advertising
Full View

ഇറാന്റെ ആണവ പദ്ധതികളെ തകർക്കുകയും ഉന്നത സൈനിക നേതൃത്വത്തെ ഇല്ലാതാക്കുകയും ചെയ്യുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ഇസ്രായേൽ ജൂൺ 13ന് ആക്രമണത്തിനു തുടക്കമിട്ടത്. ഇറാന്റെ 12 ദിവസം കൊണ്ട് മൂന്ന് ഉന്നത സൈനിക കമാൻഡർമാരെ വധിക്കുകയും, ആണവ ഗവേഷണ കേന്ദ്രങ്ങൾ ഉൾപ്പെടെ 100ലധികം സൈനികകേന്ദ്രങ്ങൾ തകർക്കുകയും ചെയ്‌തെന്നാണ് ഐഡിഎഫ് വൃത്തങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ, ഇറാൻ തിരിച്ചടി ഇസ്രായേൽ പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു. അവരുടെ എയർ ഡിഫൻസ് സംവിധാനങ്ങളെയെല്ലാം തകർത്ത് ഇറാന്റെ മിസൈലുകൾ ഇസ്രായേലിൽ വലിയ പ്രഹരമേൽപ്പിച്ചു. ഡിഫൻസ് ആസ്ഥാനത്തും സയൻസ് റിസർച്ച് കേന്ദ്രത്തിലും തെക്കൻ ഇസ്രായേലിലെ സൈനിക താവളങ്ങളിലും ടെക് പാർക്കിലുമെല്ലാം വൻ നാശം വിതച്ചു. കൂടുതൽ നാൾ നീണ്ടുനിൽക്കുന്ന അപായസാധ്യതയുള്ള ക്ലസ്റ്റർ ബോംബുകൾ വരെ ഇറാൻ പ്രയോഗിച്ചതായി ഇസ്രായേൽ ആരോപിക്കുകയുമുണ്ടായി.

എന്നാൽ, ന്യൂസ് 12 ചാനലിന്റെ റിപ്പോർട്ട് പ്രകാരം, ഇറാന്റെ കൈവശം ഇനിയും 'പുറത്തെടുക്കാത്ത' മാരകായുധങ്ങൾ ഉണ്ടെന്നാണ് ഐഡിഎഫ് വിലയിരുത്തിയത്. ഇതുവരെ 500 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ കണക്ക്. ഇതിൽ 90 ശതമാനവും വിജയകരമായി തകർക്കാനായെങ്കിലും പത്തു ശതമാനം പ്രതിരോധം തകർത്ത് അപകടമുണ്ടാക്കിയെന്നും സൈന്യം സമ്മതിക്കുന്നു.

എന്നാൽ, തങ്ങളുടെ ഏറ്റവും സുപ്രധാനമായ രണ്ട് ദീർഘദൂര മിസൈലുകൾ ഇനിയും ഇറാൻ ഉപയോഗിച്ചിട്ടില്ലെന്നാണ് ഐഡിഎഫ് മനസിലാക്കുന്നത്. വൻ പ്രഹരശേഷിയുള്ള, ഒറ്റ മിസൈലിലെ പോർമുനയിൽ പത്തോ അതിലധികമോ സ്‌ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ആയുധങ്ങളാണ് ഇവ. എയർ ഡിഫൻസിനു കണ്ടെത്താനോ തിരിച്ചറിയാനോ പോലും അത്ര എളുപ്പത്തിൽ സാധിക്കില്ല. കണ്ടെത്തിയാൽ തന്നെ നിർവീര്യമാക്കാനും ദുഷ്‌ക്കരമായ മിസൈലുകളാണ് ഇവ. എല്ലാ പ്രതിരോധ സംവിധാനങ്ങളെയും കബളിപ്പിച്ച് വൻ നാശം വിതയ്ക്കാൻ ശേഷിയുള്ള ഈ മിസൈലുകൾ ഇറാൻ ഇപ്പോഴും ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നാണ് ഐഡിഎഫ് വിലയിരുത്തുന്നെന്ന് ന്യൂസ് 12 റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

തങ്ങളുടെ പഴയ ആയുധശേഖരത്തിലുള്ള മിസൈലുകൾ മാത്രമാണ് ഇതുവരെ ഇറാൻ പുറത്തെടുത്തതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ശബാബ്-3, ഖൈബർ ഷെകൻ, ഇമാദ്, ഖാദിർ ഉൾപ്പെടെയുള്ളവയാണ് ഇതുവരെ ആക്രമണത്തിന് ഉപയോഗിച്ചത്. അവസാനമായി വജ്രായുധങ്ങളായ ഫാത്തിഹും സെജ്ജിലും ഏറ്റവും വലിയ മിസൈലായ ഖുറംഷഹർ-൪ഉം ഉപയോഗിച്ചും വലിയ ആക്രമണങ്ങൾ നടത്തിയിരുന്നു.

എന്നാൽ, ഇതിനും പുറത്തെടുക്കാത്ത, ഇതുവരെ കണ്ടതിലും ഭീകരമായ മാരകായുധങ്ങൾ ഇറാന്റെ ശേഖരത്തിലുണ്ടെന്നത് ഇസ്രായേലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. 3,000ത്തോളം വരുന്ന മിസൈൽ ശേഖരത്തിൽ വെറും 500 എണ്ണം മാത്രമാണ് ഇതുവരെ ഉപയോഗിച്ചതെന്ന മറ്റൊരു ഭീതിതമായ സ്ഥിതിയും മുന്നിലുണ്ട്. ഇതിനെല്ലാം പുറമെ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെല്ലാം കൂടുതൽ ദുർബലമാകുകയും ആയുധ ശേഖരങ്ങൾ കത്തിത്തീരുകയും ചെയ്യുകയാണെന്ന ബോധ്യം ഐഡിഎഫിനുണ്ട്. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കുക എന്നൊരു ഓപ്ഷൻ മാത്രം മുന്നിലുള്ള സമയത്താണ് ട്രംപിന്റെ പ്രഖ്യാപനത്തിൽ വെടിനിർത്തലിനു വഴിയൊരുങ്ങുന്നത്. ഹമാസ്-ഹിസ്ബുല്ല അനുഭവങ്ങളിൽനിന്നു വ്യത്യസ്തമായി ഒട്ടും അമാന്തിക്കാതെ, പെട്ടെന്നുതന്നെ ഇസ്രായേൽ വെടിനിർത്തൽ അംഗീകരിച്ചു രംഗത്തെത്തുന്നതും ഇതിനു പിന്നാലെ നമ്മൾ കണ്ടു. ഇസ്രായേൽ പ്രഖ്യാപനം വന്നു മണിക്കൂറുകൾ കഴിഞ്ഞാണ്, സ്ഥിതിഗതികൾ വിലയിരുത്തി വെടിനിർത്തൽ ആകാമെന്ന ഇറാന്റെ സ്ഥിരീകരണം വരുന്നതെന്നും ഇതോട് ചേർത്തുവായിക്കണം.

Summary: IDF assesses Iran's stockpile of deadly weapons yet to be used, Reports Israeli channel 'News 12'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News