ഗസ്സയിലെ നവജാത ശിശുക്കള്‍ക്ക് 'തൂക്കമില്ല'; ജനിച്ചപാടേ മരിച്ചവരും നിരവധി

പ്രസവത്തിനായി അനസ്‌തേഷ്യ നല്‍കാനില്ലാത്തതിനാല്‍ വേദന സഹിച്ചാണ് ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്.

Update: 2024-03-17 06:50 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഗസ്സസിറ്റി: ഇസ്രായേല്‍ ആക്രമണത്തിന്റെ ദുരിതം പേറുന്ന ഗസ്സയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അനാരോഗ്യവും അസുഖങ്ങളും തൂക്കകുറവും. പട്ടിണിയും അടിസ്ഥാന സൗകര്യ പരിമിതിയും നേരിടുന്ന ഗസ്സയില്‍ ഗര്‍ഭമെന്നാല്‍ ഉമ്മമാര്‍ക്ക് പേടിസ്വപ്‌നമാവുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പോഷകാഹാര ദൗര്‍ലഭ്യവും കുടിവെള്ള പ്രശ്‌നവും ഗസ്സയെ വലച്ചിരിക്കയാണ്. ഗസ്സയില്‍ ഓരോ ദിവസവും 180നടുത്ത് പ്രസവങ്ങള്‍ നടക്കുന്നതായും എന്നാല്‍ ഇവര്‍ക്ക് അനസ്‌തേഷ്യ പോലും നല്‍കാനില്ലെന്നും യുഎന്‍ പോപുലേഷന്‍ ഫണ്ട് പ്രതിനിധി ഡൊമിനിക് അലന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ ഒരു നവജാത ശിശുവിന് വേണ്ടുന്ന തൂക്കമോ വലിപ്പമോ ഗസ്സയില്‍ ജനിച്ചു വീഴുന്ന കുട്ടികള്‍ക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും അലന്‍ വ്യക്തമാക്കി. പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത് വലിയ രീതിയില്‍ ഉയര്‍ന്നിട്ടുണ്ടെന്നും പോഷകാഹാരക്കുറവ്, നിര്‍ജ്ജലീകരണം എന്നിവ കുട്ടികളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണെന്നും അലന്‍ പറഞ്ഞു.

പട്ടിണിയും അടിസ്ഥാന സൗകര്യ പരിമിതിയും ഗര്‍ഭിണികളായ സ്ത്രീകളെ മാനസികമായും ശാരീരികമായും ബാധിക്കുന്നുണ്ട്. വേണ്ട പരിചരണമോ ഭക്ഷണമോ നിലവില്‍ ഗസ്സയില്‍ ലഭ്യമല്ല. ആശുപത്രി സൗകര്യങ്ങള്‍ പരിമിതമായ ഗസ്സയില്‍ ഏതു നിമിഷവും ഇസ്രായേലിന്റെ ആക്രമണത്തെയും വെടിയൊച്ചകളും ഭയന്നാണ് ഇവര്‍ കഴിയുന്നത്. പ്രസവത്തിനായി അനസ്‌തേഷ്യ നല്‍കാനില്ലാത്തതിനാല്‍ വേദന സഹിച്ചാണ് ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്.

അതേസമയം ഗസ്സയിലെ ഇസ്രായേല്‍ യുദ്ധം ആറുമാസം പിന്നിടുമ്പോള്‍ ഗസ്സ കടുത്ത ഭക്ഷ്യ ക്ഷാമത്തിലൂടെയാണ് കടന്നു പോവുന്നത്. പട്ടിണി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗസ്സയിലേക്ക് റോഡ് മാര്‍ഗം മാനുഷിക സഹായം എത്തിക്കുന്നതില്‍ ഇസ്രായേല്‍ തടസ്സം സൃഷ്ടിച്ചതോടെ റോഡ് മാര്‍ഗമുള്ള സഹായമെത്തിക്കല്‍ പൂര്‍ണമായും നിലച്ച അവസ്ഥയാണ്. ഗസ്സയില്‍ അവശ്യസാധനങ്ങള്‍ വിവിധ രാജ്യങ്ങള്‍ വിമാനമാര്‍ഗം എത്തിച്ചിരുന്നുവെങ്കിലും ഇത് പരിമിതമാണ്. ഗസ്സയില്‍ കടല്‍മാര്‍ഗം മാനുഷിക സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ഗസ്സയുടെ തീരത്ത് യു.എസ് താല്‍കാലിക തുറമുഖം നിര്‍മ്മിക്കുന്നുണ്ട്. സമുദ്ര ഇടനാഴിയിലൂടെ അവശ്യ വസ്തുക്കളുമായി വന്ന കപ്പല്‍ വെള്ളിയാഴ്ച ഗസ്സയിലെത്തിയിരുന്നു. അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍ എന്നിവരുള്‍പ്പെടെയുള്ള അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ ഗസ്സയിലേക്കുള്ള ആദ്യ കപ്പലായിരുന്നു ഇത്. യു.എസ് ആസ്ഥാനമായുള്ള വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്‍ എന്ന ചാരിറ്റി സംഭാവന ചെയ്ത 200 ടണ്‍ ഭക്ഷണമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ 31,490 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News