കണ്ണുകൾ കുഴിഞ്ഞു, കവിളൊട്ടി... പേടിക്കേണ്ട, സുനിത ആരോഗ്യവതിയെന്ന് നാസ

ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തുവന്ന പുതിയ ചിത്രമാണ് ആശങ്കകൾക്ക് ഇടയാക്കിയത്.

Update: 2024-11-08 05:45 GMT
Editor : banuisahak | By : Web Desk

കാലിഫോര്‍ണിയ: ചിരിച്ചുകൊണ്ട് പെപ്പറോണി പിസ തയ്യാറാക്കുകയാണ് ബുച്ച് വിൽമോറിനും സുനിതാ വില്യംസും... കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രം ഉണ്ടാക്കിയ ആശങ്ക ചെറുതല്ല. വളരെ സന്തോഷത്തോടെ ഭക്ഷണം തയ്യാറാക്കുകയാണ് ഇരുവരുമെങ്കിലും അതിൽ സുനിതയുടെ രൂപമാണ് ആശങ്കകൾക്ക് ഇടയാക്കിയത്. ശരീരം വല്ലാതെ മെലിഞ്ഞിരിക്കുന്നു, കണ്ണുകൾ കുഴിഞ്ഞു... രണ്ട് കവിളുകളും ഒട്ടിപ്പോയിരിക്കുന്നു. ദീർഘകാല ബഹിരാകാശവാസം കാരണം സുനിതാ വില്യംസിന്റെ ആരോഗ്യം ക്ഷയിച്ചോ? സുരക്ഷിതയാണോ? എന്നാണ് അവരെ തിരിച്ചെത്തിക്കുക? ആശങ്കൾ നിറഞ്ഞ ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്നിരിക്കുന്നു. 

Advertising
Advertising

എന്നാൽ, എല്ലാവരും സുഖമായിരിക്കുന്നു എന്നാണ് നാസയുടെ മറുപടി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എല്ലാ ബഹിരാകാശയാത്രികരും നല്ല ആരോഗ്യത്തോടെ തന്നെയാണുള്ളതെന്ന് നാസ വ്യക്തമാക്കി. പതിവ് മെഡിക്കൽ ചെക്കപ്പുകൾ നടത്തുന്നുണ്ടെന്നും ഫ്ലൈറ്റ് സർജന്മാർ അവരെ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും നാസയുടെ സ്‌പേസ് ഓപ്പറേഷൻസ് മിഷൻ ഡയറക്‌ടറേറ്റിൻ്റെ വക്താവ് ജിമി റസ്സൽ പറഞ്ഞു. 

പുറത്തുവന്ന ചിത്രത്തിൽ സുനിതാ വില്യംസിന്റെ ഭാരം വളരെയധികം കുറഞ്ഞതായാണ് തോന്നുന്നത്. ഉയർന്ന ഉയരത്തിൽ ദീർഘനേരം താമസിക്കുന്നതിൻ്റെ സ്വാഭാവിക സമ്മർദ്ദങ്ങൾ കാരണമാണെന്ന് സിയാറ്റിൽ ആസ്ഥാനമായുള്ള ഒരു പൾമോണോളജിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. സാധാരണഗതിയിൽ ശരീരഭാരം കുറയുമ്പോഴാണ് കവിളുകൾ കുഴിഞ്ഞതായി കാണപ്പെടുന്നത്. സുനിതാ വില്യംസിന്റെ മുഖവും കണ്ണുകളും കാണുമ്പോൾ മനസിലാകുന്നത് ഏറെനാളായി അവർ കലോറി ഡെഫിസിറ്റിൽ ആയിരിക്കാമെന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ശരീരത്തിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി നഷ്‌ടമാകുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ശരീര താപം നിലനിര്‍ത്തുന്നതിനായി ശരീരം കൂടുതല്‍ ഊര്‍ജം ഉപയോഗപ്പെടുത്തുന്നുണ്ടാവാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണാര്‍ഥം വെറും എട്ട് ദിവസം മാത്രം നീണ്ട ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയതായിരുന്നു നാസയുടെ സഞ്ചാരികളായ ബുച്ച് വില്‍മോറും സുനിത വില്യംസും. എന്നാൽ, പേടകത്തിന്റെ തകരാറുകാരണം മാസങ്ങൾ പിന്നിട്ടിട്ടും തിരിച്ചുവരാനായില്ല. ഫെബ്രുവരിയില്‍ തിരിച്ചുവരുന്ന ക്രൂ 9 പേടകത്തിലാണ് ഇരുവരെയും തിരികെ എത്തിക്കുക. 

ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ദിവസേന 2.5 മണിക്കൂര്‍ വ്യായാമം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യം നഷ്‌ടമാകാതിരിക്കാന്‍ മതിയായ വ്യായാമം ബുച്ച് വില്‍മോറും സുനിത വില്യംസും ചെയ്യുന്നുണ്ടെന്നാണ് നാസ വ്യക്തമാക്കുന്നത്. അതിനാൽ സുനിതാ വില്യംസിന് പെട്ടെന്നൊരു അത്യാഹിതം സംഭവിക്കുമെന്ന ആശങ്ക വേണ്ടെന്നും അവർ സേഫാണെന്നും നാസ അറിയിച്ചു. 

Summery: In Good Health: NASA Amid Reports Of Sunita William's Declining Health

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News