നഗരങ്ങൾ പിടിച്ചടക്കി താലിബാൻ; അഫ്ഗാനിൽനിന്ന് 50 നയതന്ത്ര പ്രതിനിധികളെ പിൻവലിച്ച് ഇന്ത്യ
കാണ്ഡഹാറിലെ കോൺസുലേറ്റിലുള്ള ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയുമാണ് സൈനിക വിമാനത്തിൽ നാട്ടിലെത്തിച്ചത്
യുഎസ്-നാറ്റോ സൈന്യത്തിന്റെ പിന്മാറ്റത്തിനുപിറകെ അഫ്ഗാനിസ്താനിൽ സുരക്ഷാ സാഹചര്യങ്ങൾ വഷളായതോടെ നയതന്ത്ര പ്രതിനിധികളെ പിൻവലിച്ച് ഇന്ത്യ. കാണ്ഡഹാറിൽ സ്ഥിതി ചെയ്യുന്ന കോൺസുലേറ്റിലുള്ള 50 ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയുമാണ് സൈനിക വിമാനത്തിൽ നാട്ടിലെത്തിച്ചത്. എന്നാൽ, കോൺസുലേറ്റ് അടച്ചിട്ടില്ല.
ദക്ഷിണ അഫ്ഗാൻ നഗരമായ കാണ്ഡഹാറിന്റെ പരിസര പ്രദേശങ്ങളെല്ലാം താലിബാൻ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. അഫ്ഗാനിലെ തന്ത്രപ്രധാന മേഖലകളെല്ലാം തങ്ങൾ പിടിച്ചടക്കിയിട്ടുണെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. രാജ്യത്തിന്റെ 85 ശതമാനവും നിയന്ത്രണത്തിലാക്കിയെന്നാണ് താലിബാന്റെ അവകാശവാദം.
കാണ്ഡഹാർ കോൺസുലേറ്റിലെ ജീവനക്കാർക്കു പുറമെ ഇന്തോ-ടിബറ്റൻ അതിർത്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ഇന്ത്യ അയച്ച സൈനിക വിമാനത്തിൽ നാട്ടിലെത്തിയിട്ടുണ്ട്. കാണ്ഡഹാർ നഗരപരിധിയിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായതോടെയാണ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു. ഇത് താൽക്കാലിക നടപടിയാണെന്നും തദ്ദേശീയരായ ഉദ്യോഗസ്ഥരുള്ളതിനാൽ കോൺസുലേറ്റ് പ്രവർത്തനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
എംബസിയോ കാണ്ഡഹാറിലെയും മസാറെ ശരീഫിലെയും കോൺസുലേറ്റോ അടയ്ക്കില്ലെന്നും പ്രവർത്തനം പതിവുപോലെ തുടരുമെന്നുമായിരുന്നു ദിവസങ്ങൾക്കുമുൻപ് കാബൂളിലെ ഇന്ത്യൻ സ്ഥാനപതിയുടെ കാര്യാലയം അറിയിച്ചിരുന്നത്. എന്നാൽ, സ്ഥിതിഗതികൾ വഷളായതോടെ തീരുമാനം മാറ്റാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു.