ഇന്ത്യ വാക്‌സിൻ കയറ്റുമതി വീണ്ടും തുടങ്ങിയേക്കും; ചർച്ചക്കൊരുങ്ങി അമേരിക്ക

സെപ്തംബർ 24 ന് ഇന്ത്യ, ആസ്‌ട്രേലിയ, ജപ്പാൻ എന്നീ 'ക്വാഡ്' രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ചർച്ച നടത്തും

Update: 2021-09-14 09:25 GMT
Advertising

ന്യൂയോർക്ക്: ഇന്ത്യ വാക്‌സിൻ കയറ്റുമതി വീണ്ടും തുടങ്ങിയേക്കും. ഇതിനായി ഇന്ത്യയുമായി നിരന്തര ചർച്ച നടക്കുന്നുണ്ടെന്ന് ബൈഡൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

സെപ്തംബർ 24 ന് 'ക്വാഡ്' എന്നറിയപ്പെടുന്ന രാജ്യങ്ങളായ ഇന്ത്യ, ആസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ വ്യക്തിഗത ചർച്ച നടത്തും.

സെപ്തംബർ 21 നടക്കുന്ന യുനൈറ്റഡ് നാഷൻസ് അസംബ്ലിക്കായി ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി യോഷിഹൈഡ് സൂഗ എന്നിവർ എത്തുന്നുണ്ട്. യു.എൻ വേദിയെ ബൈഡൻ അഭിസംബോധന ചെയ്യുന്നുമുണ്ട്.

കഴിഞ്ഞ മാർച്ചിൽ ക്വാഡ് നേതാക്കൾ ഓൺലൈനായി ചർച്ച നടത്തുകയും കോവിഡ് വാക്‌സിൻ വിതരണത്തിന് ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഏറ്റവും വലിയ വാക്‌സിൻ നിർമാതാവായ ഇന്ത്യയിൽ മഹാമാരി വ്യാപിച്ചതോടെ കയറ്റുമതി നിലച്ചു.

ഇന്ത്യയുടെ ആവശ്യം മനസ്സിലാക്കി കഴിഞ്ഞ ഏപ്രിലിൽ അമേരിക്ക വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ നൽകിയതായി ഉദ്യേഗസ്ഥർ അറിയിച്ചു.

വാക്‌സിൻ വിതരണത്തിൽ ഇന്ത്യയുടെ പങ്കിനെ പ്രശംസിക്കുന്നതായും യു.എൻ സംഘടനയായ കോവാക്‌സും ലോകം തന്നെയും ഇന്ത്യയെ ആശ്രയിക്കുന്നത് തങ്ങൾ ശ്രദ്ധിക്കുന്നതായും അമേരിക്ക പറഞ്ഞു. ഈ മഹാമാരി ഇല്ലാതാക്കാൻ എല്ലാ സഖ്യ കക്ഷികളുമായും രാജ്യം ചേർന്നുപ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News