ആണവോർജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ഇറാൻ
ആണവോർജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന ബിൽ ഇറാൻ പാർലമെന്റ് പാസാക്കി.
തെഹ്‌റാൻ: അന്താരാഷ്ട്ര ആണവോർജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ഇറാൻ. ഇത് സംബന്ധിച്ച് ഇറാൻ പാർലമെന്റ് പാസാക്കിയ ബില്ലിന് ഗാർഡിയൻ കൗൺസിൽ അംഗീകാരം നൽകി. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലെന്ന് ഖാംനഈ വ്യക്തമാക്കി. തങ്ങളുടെ ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കിയാൽ സഹകരണം പുനരാരംഭിക്കുന്നത് ആലോചിക്കാമെന്നും ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
I offer my congratulations on the victory over the fallacious Zionist regime.
— Khamenei.ir (@khamenei_ir) June 26, 2025
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയും ഖാംനഈ രുക്ഷ വിമർശനമുന്നയിച്ചു. ട്രംപ് അധികം ഷോ കാണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് തങ്ങളുടെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചെങ്കിലും അവർക്ക് ലക്ഷ്യം നേടാൻ കഴിഞ്ഞിട്ടില്ല. ഇസ്രായേലിനെതിരായ യുദ്ധത്തിൽ വലിയ വിജയം നേടിയതിൽ അദ്ദേഹം സൈന്യത്തെ അഭിനന്ദിച്ചു.
ഖത്തറിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചത് ഒരു മുന്നറിയിപ്പാണെന്നും ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇറാനെതിരെ ഉണ്ടായാൽ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഖാംനഈ പറഞ്ഞു. ആണവ പദ്ധതികൾ പോലുള്ള ആരോപണങ്ങളാണ് ഇറാന്റെ ശത്രുക്കൾ ആക്രമണത്തിന് കാരണമായി പറയാറുള്ളത്. എന്നാൽ യഥാർഥത്തിൽ അവർ ആഗ്രഹിക്കുന്നത് ഇറാന്റെ സമ്പൂർണ കീഴടങ്ങലാണ്. അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഖാംനഈ പറഞ്ഞു.