ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍; വിലക്ക് ലംഘിച്ചാല്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്നും ഇറാന്‍

Update: 2026-03-03 04:47 GMT

തെഹ്‌റാന്‍: ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിനിടെ, വാണിജ്യ കപ്പല്‍ ഗതാഗതത്തില്‍ അതിനിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ച് ഇറാന്‍. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റവലൂഷണറി ഗാര്‍ഡ് കമാന്‍ഡറുടെ ഉപദേശകന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി. യുഎസ് സഖ്യരാജ്യത്തിന്റെ അതെന നോവ എന്ന എണ്ണ ടാങ്കറിന് ആക്രമണത്തെ തുടര്‍ന്ന് തീപിടിച്ചു. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertising
Advertising

ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് രണ്ട് ദിവസം മുമ്പേ തന്നെ ഐആര്‍ജിസി റേഡിയോ സന്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതോടെ പല പ്രമുഖ ഷിപ്പിങ് കമ്പനികളും ഹോര്‍മുസിലൂടെയുള്ള യാത്ര നിര്‍ത്തി. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കാന്‍ കപ്പലുകള്‍ക്ക് യുഎസ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ കാത്തിരിക്കുകയാണെന്ന് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ വ്യക്തമാക്കുന്നു. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും സ്തംഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ചരക്കു നീക്കം പ്രതിസന്ധിയിലാകും. ആഗോള വിപണികളെ തന്നെ ബാധിക്കുകയും എണ്ണവില കുത്തനെ കൂടാന്‍ കാരണമാകുകയും ചെയ്യും. 

 

ഇറാനും ഒമാനും ഇടയിലെ ഇടുങ്ങിയ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് വെറും 33 കിലോമീറ്റര്‍ മാത്രമാണ് വീതി. ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന എക്‌സിറ്റ് മാര്‍ഗമാണിത്. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചാല്‍ വിതരണ ശൃംഖലയിലുണ്ടാവുന്ന തടസ്സങ്ങള്‍ കാരണം അസംസ്‌കൃത എണ്ണയുടെ വില വര്‍ധിപ്പിക്കും. പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്‍എന്‍ജി വിതരണവും നടക്കുന്നത് ഇതുവഴിയാണ്.

യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ എണ്ണവില വര്‍ധിച്ചിരുന്നു. ഹോര്‍മുസ് അടക്കുന്നതോടെ വിലക്കയറ്റം രൂക്ഷമാകും. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില രണ്ട് ദിവസമായി കുതിക്കുകയാണ്. ഇറാനിലെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനി കൊല്ലപ്പെട്ടതിനുപിന്നാലെ തിങ്കളാഴ്ച അസംസ്‌കൃത എണ്ണവിലയില്‍ പത്തുശതമാനം വിലവര്‍ധന രേഖപ്പെടുത്തിയിരുന്നു. യുദ്ധം തുടര്‍ന്നാല്‍ 110 ഡോളര്‍ വരെ വില ഉയരാമെന്നാണ് മുന്നറിയിപ്പ്. ആവശ്യമായതിന്റെ 90 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് വില വര്‍ധന വലിയ തിരിച്ചടിയാകും.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News