പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പൗരന്മാരോട് മടങ്ങാന്‍ നിര്‍ദേശിച്ച് യുഎസ്; മേഖലയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍
ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് ട്രംപ്
വാഷിങ്ടണ്‍ ഡിസി: വിവിധ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പൗരന്മാരോട് മടങ്ങാന്‍ നിര്‍ദേശിച്ച് യുഎസ്. യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് നിര്‍ദേശം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എത്രയും വേഗം മടങ്ങണമെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അസി. സെക്രട്ടറി മോറ നംദാര്‍ പറഞ്ഞു.
ബഹ്റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, ഗസ്സ, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, കുവൈത്ത്, ലെബനന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യുഎഇ, യെമെന്‍ എന്നിവിടങ്ങളിലെ പൗരന്മാരോടാണ് മടങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, വ്യോമഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ക്കുള്ള ഈ നിര്‍ദേശം എങ്ങനെ പ്രായോഗികമാകുമെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, യുദ്ധം നീണ്ടേക്കുമെന്ന സൂചന നല്‍കി പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതല്‍ യുദ്ധവിമാനങ്ങളും ഇന്ധനവിമാനങ്ങളും അയച്ചിരിക്കുകയാണ്. യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള 15 വിമാനങ്ങളെയാണ് അയച്ചിരിക്കുന്നത്. ഇവയ്ക്ക് വായുവില്‍ വെച്ചു തന്നെ ഇന്ധനം നിറയ്ക്കാന്‍ സാധിക്കും.
ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ നാലാം ദിവസമാണിന്ന്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉള്‍പ്പെടെ കൊല്ലപ്പെട്ട ആക്രമണങ്ങള്‍ക്ക് പശ്ചിമേഷ്യയിലെ വിവിധ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിച്ചാണ് ഇറാന്‍ മറുപടി നല്‍കിയത്. പ്രധാന വാണിജ്യ കപ്പല്‍ ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ യുദ്ധം ലോക സമ്പദ്ഘടനയെ തന്നെ ബാധിക്കുന്ന സാഹചര്യമാണ്.
ഇറാനെതിരായ സൈനിക നടപടി തുടരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ചത്. വേണ്ടി വന്നാല്‍ കരയുദ്ധം നടത്തുമെന്നും യുദ്ധം ഒരു മാസം വരെ നീണ്ടേക്കാമെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയാണ്. മുന്നറിയിപ്പുകള്‍ എല്ലാം ഇറാന്‍ അവഗണിച്ചെന്നും ഇറാന്റെ 10 കപ്പല്‍ തകര്‍ത്തെന്നും ട്രംപ് പറഞ്ഞു.
ഫെബ്രുവരി 28ന് പുലര്‍ച്ചെയോടെയാണ് ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനിലെ വിവിധ നഗരങ്ങളില്‍ വ്യോമാക്രമണം ആരംഭിച്ചത്. തലസ്ഥാനമായ തെഹ്‌റാന്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' എന്ന് പെന്റഗണ്‍ വിശേഷിപ്പിച്ച ഈ സൈനിക നീക്കം നടന്നത്. ഇറാനുമായി ആണവ ചര്‍ച്ചകള്‍ തുടരവേയായിരുന്നു ആക്രമണം. ഇറാന്‍ കനത്ത പ്രത്യാക്രമണം നടത്തിയതോടെ സമ്പൂര്‍ണ യുദ്ധസാഹചര്യത്തിലേക്ക് മാറുകയായിരുന്നു.