മൊസാദിന് വേണ്ടി ചാരപ്പണി; മൂന്ന് ഇസ്രായേലി ചാരൻമാരെ ഇറാൻ തൂക്കിക്കൊന്നു
ഞായറാഴ്ചയും ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട് ഇറാൻ പൗരനെ തൂക്കിക്കൊന്നിരുന്നു
തെഹ്റാൻ: ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ബുധനാഴ്ച ഇറാനില്‍ മൂന്ന് പേരെ തൂക്കിലേറ്റിയതായി മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചയും ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട് ഇറാൻ പൗരനെ തൂക്കിക്കൊന്നിരുന്നു.
"കൊലപാതകങ്ങൾ നടത്താൻ രാജ്യത്തേക്ക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ശ്രമിച്ച ഇദ്രിസ് അലി, ആസാദ് ഷോജായി, റസൂൽ അഹമ്മദ് റസൂൽ എന്നിവരെ അറസ്റ്റ് ചെയ്യുകയും സയണിസ്റ്റ് ഭരണകൂടത്തിന് അനുകൂലമായി സഹകരിച്ചതിന് വിചാരണ ചെയ്യുകയും ചെയ്തു" ജുഡീഷ്യറി വ്യക്തമാക്കുന്നു.തുർക്കി അതിർത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറൻ നഗരമായ ഉർമിയയിലാണ് ബുധനാഴ്ച രാവിലെയാണ് വധശിക്ഷ നടപ്പാക്കിയത്.
ഇസ്രായേലുമായുള്ള തുറന്ന സംഘട്ടനത്തിനു മുൻപ് മൊസാദുമായി ബന്ധമുണ്ടെന്നും രാജ്യത്ത് മൊസാദിന്‍റെ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കിയെന്നും ആരോപിച്ച് നിരവധി പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇസ്‍ലാമിനെ അപമാനിച്ചതിനും ശത്രുവുമായി സഹകരിച്ചതിനും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രാഷ്ട്രീയ തടവുകാരനായ മുഹമ്മദമിൻ ഷായെസ്തേയെയും തിങ്കളാഴ്ച ഇതേ കുറ്റങ്ങൾ ചുമത്തി ഇറാൻ തൂക്കിലേറ്റിയിരുന്നു. മൊസാദുമായി ബന്ധമുള്ള ഒരു സൈബർ ടീമിന്‍റെ തലവൻ എന്നാരോപിച്ച് 2023 അവസാനത്തോടെയാണ് ഷായെസ്തേ അറസ്റ്റ് ചെയ്തതെന്ന് തസ്‍നിം വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂൺ 13-ന് ഇറാൻ-ഇസ്രായേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം തങ്ങളുടെ മുഖ്യശത്രുവുമായി സഹകരിച്ചുവെന്ന് സംശയിക്കുന്നവരെ വേഗത്തിൽ വിചാരണ ചെയ്യുമെന്ന് തെഹ്റാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം പന്ത്രണ്ട് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ ധാരണയായി. യു.എസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍റെ പ്രസ്താവന. അന്താരാഷ്ട്ര ചട്ടക്കൂടിൽ നിന്നുകൊണ്ട് ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ അറിയിച്ചു. സൗദി കിരീടാവകാശിയുമായുള്ള ഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്‍റ് ഇക്കാര്യം വ്യക്തമാക്കിയത്.