ഇറാന്‍ പതാകയുമേന്തി ആയിരങ്ങള്‍ തെരുവില്‍; അവര്‍ക്കിടയില്‍ പെസഷ്‌കിയാനും അബ്ബാസ് അരാഗ്ചിയും, വൈറലായി ദൃശ്യങ്ങള്‍
യുഎസിൻ്റെയും ഇസ്രായേലിൻ്റെയും ആക്രമണങ്ങള്‍ക്ക് മുന്നില്‍ ധീരതയോടെ പൊരുതുന്ന രാജ്യത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാനാണ് ജനങ്ങള്‍ തെഹ്‌റാനില്‍ റാലിയില്‍ അണിനിരന്നത്
തെഹ്‌റാന്‍: യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ക്ക് മുന്നില്‍ ധീരതയോടെ പൊരുതുന്ന രാജ്യത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാന്‍ തെഹ്‌റാനില്‍ തെരുവിലേക്കിറങ്ങിയത് ആയിരങ്ങള്‍. ദേശീയപതാകയേന്തിയും മുദ്രാവാക്യം വിളിച്ചും പോരാളികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നവര്‍ക്കിടയിലേക്ക് അപ്രതീക്ഷിത അതിഥികളായെത്തിയ രണ്ടുപേരെ കണ്ട് ഏവരും അമ്പരന്നു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായിരുന്നു തെഹ്‌റാനിലെ ആള്‍ക്കൂട്ടത്തിനിടയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
ഹസ്തദാനം ചെയ്തും ആശ്ലേഷിച്ചും കൈവീശിക്കാണിച്ചും ഇരുവരും ജനങ്ങള്‍ക്കൊപ്പം തെരുവിലൂടെ നീങ്ങി. 'ഈ ജനങ്ങളില്‍ നിന്ന് പ്രചോദനം ഏറ്റുവാങ്ങാനാണ് ഞാന്‍ ഇവിടേക്ക് വന്നത്. ഇവരെ കാണുമ്പോള്‍ എല്ലാവര്‍ക്കും പ്രചോദനമാണ്. ഞാനും ഈ ജനതയുടെ ഭാഗമാണ്. ജനങ്ങളുടെ ഐക്യവും ഐക്യദാര്‍ഢ്യവും അറിയാനും അനുഭവിക്കാനും കൂടിയാണ് ഈ റാലിയിലേക്ക് വന്നത്' -വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. രാജ്യത്തിന് വേണ്ടിയാണ് ഇവര്‍ ഈ ഐക്യത്തോടെ തെരുവില്‍ അണിനിരക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. അല്ലാഹു എല്ലാവര്‍ക്കും കരുത്ത് നല്‍കട്ടെ -അദ്ദേഹം പറഞ്ഞു.
യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ പശ്ചിമേഷ്യയില്‍ തുടക്കമായ യുദ്ധം 33ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധത്തിന്റെ ദൈര്‍ഘ്യം നിശ്ചയിക്കുന്നത് തങ്ങളായിരിക്കുമെന്നും ഒരു ദീര്‍ഘകാല പോരാട്ടത്തിന് തങ്ങള്‍ പൂര്‍ണ്ണ സജ്ജരാണെന്നും ഇറാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ശത്രുവിനെ തളര്‍ത്തുന്ന രീതിയിലുള്ള നീണ്ടുനില്‍ക്കുന്ന പോരാട്ടത്തിനാണ് ഇറാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി വന്‍തോതിലുള്ള സൈനിക തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും പറയപ്പെടുന്നു.
അതേസമയം, ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഹോര്‍മുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയക്കാന്‍ വിസമ്മതിച്ച നാറ്റോ സഖ്യകക്ഷികളെ പേടിത്തൊണ്ടന്മാര്‍ എന്ന് വിളിച്ച് വിമര്‍ശിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'നാറ്റോയെക്കുറിച്ച് എനിക്ക് പണ്ടേ മതിപ്പില്ല. അതൊരു കടലാസ് പുലി മാത്രമാണെന്ന് എനിക്കറിയാമായിരുന്നു. പുടിനും അത് മനസ്സിലാക്കിയിട്ടുണ്ട്'- ട്രംപ് പറഞ്ഞു. സഖ്യത്തില്‍ തുടരുന്ന കാര്യം പരിഗണിക്കാമെന്നുമാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.