Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ടെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനു വേണ്ടി ചാരവൃത്തി നടത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാളെ ഇറാൻ വധശിക്ഷക്ക് വിധേയനാക്കിയതായി അൽ ജസീറ, ടെഹ്‌റാൻ ടൈംസ് എന്നിവർ റിപ്പോർട്ട് ചെയ്തു. ജുഡീഷ്യറിയുടെ മീഡിയ സെന്റർ പുറത്തിറക്കിയ പ്രസ്താവന പ്രകാരം 2023 ഡിസംബറിൽ ഇറാൻ സുരക്ഷാ ഏജൻസികൾ നടത്തിയ ഇന്റലിജൻസ് ഓപ്പറേഷനിലാണ് ഫെക്രി എന്നയാൾ അറസ്റ്റിലായത്.
അറസ്റ്റ് ചെയ്യുന്ന സന്ദർഭത്തിൽ ഇയാൾ മൊസാദിന് വിവരങ്ങൾ കൈമാറിയതായി ഇന്റലിജൻസ് കണ്ടെത്തിയെന്ന് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. സുരക്ഷിതമായ ആശയവിനിമയ മാർഗങ്ങളിലൂടെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ സ്ഥാനങ്ങൾ, പ്രത്യേക വ്യക്തികളുടെ വിശദാംശങ്ങൾ, ആന്തരിക സംഘടനാ ദൗത്യങ്ങൾ എന്നിവ പോലുള്ള വളരെ സെൻസിറ്റീവും രഹസ്യവുമായ ദേശീയ സുരക്ഷാ വിവരങ്ങൾ ശേഖരിക്കാനും കൈമാറാനും ശ്രമിച്ചിരുന്നുവെന്നും ജുഡീഷ്യൽ രേഖകൾ വെളിപ്പെടുത്തുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ ഫെക്രിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക് വിശകലനം നടത്തിയത്തിൽ മൊസാദിൽ നിന്നുള്ള ആളുകളുമായുള്ള ആശയവിനിമയങ്ങളും നിർദ്ദേശങ്ങളും കണ്ടെത്തി. വിവരങ്ങൾ ശേഖരിച്ച് ഇസ്രായേലി ഇന്റലിജൻസിന് കൈമാറാനുള്ള വ്യക്തമായ നിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് സംശയിച്ച് രണ്ട് പേരെ ഇറാൻ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.