ഇസ്രായേലിന്റെ 'ടെക് ആസ്ഥാനത്തും' നാശം വിതച്ച് ഇറാന്‍
വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ എഐ, ഡ്രോണ്‍, സൈബര്‍ പ്രതിരോധ ഗവേഷണങ്ങള്‍ ഇസ്രായേലിന്റെ സൈനിക-സാങ്കേതിക മേഖലകളുടെ നട്ടെല്ലാണ്
തെല്‍ അവീവ്: 'ഇസ്രായേല്‍ പെന്റഗണ്‍' എന്ന പേരില്‍ അറിയപ്പെടുന്ന സൈനിക ആസ്ഥാനത്ത് ഇറാന്‍ മിസൈല്‍ നാശം വിതച്ചത് രണ്ടു ദിവസം മുന്‍പാണ്. ഇപ്പോഴിതാ ഇസ്രായേലിന്റെ 'ടെക് ബ്രെയിന്‍' ആയി അറിയപ്പെടുന്ന സ്ഥാപനത്തിനുനേരെയും വന്‍ ആക്രമണം നടന്നതായുള്ള റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. ലോകത്ത് തന്നെ അറിയപ്പെട്ട ശാസ്ത്ര ഗവേഷണ സ്ഥാപനമായ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍. വെറുമൊരു വിദ്യാഭ്യാസ കേന്ദ്രമല്ല ഇത്. ഇസ്രായേല്‍ സൈന്യത്തിനു വേണ്ടിയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന സര്‍വകലാശാലയാണത്. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിനായി ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണം വരെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നുണ്ട്.
തെക്കന്‍ തെല്‍ അവീവിലെ റെഹോവോത്തില്‍ സ്ഥിതി ചെയ്യുന്ന വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ട്രാറ്റജിക് പ്രാധാന്യം എന്താണ്? എയര്‍ ഡിഫന്‍സ് സംവിധാനങ്ങളെയെല്ലാം ഭേദിച്ച് ആദ്യം കിര്‍യ കോംപൗണ്ടും ഇപ്പോള്‍ ടെക് കേന്ദ്രവും ഇറാന്‍ ആക്രമിക്കുമ്പോള്‍ അത് ഇസ്രായേലില്‍ ഉയര്‍ത്തുന്ന സുരക്ഷാ ആശങ്ക എത്രത്തോളമാകും? വിശദമായി പരിശോധിക്കാം..
ഇസ്രായേലിന്റെ ശാസ്ത്രഹൃദയവും സാങ്കേതിക ഗവേഷണങ്ങളുടെ ആസ്ഥാനവുമായാണ് വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയപ്പെടുന്നത്. പ്രഥമ ഇസ്രായേല്‍ പ്രസിഡന്റ് ചൈം വീസ്മാന്‍ 1934ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം. ഡാനിയേല്‍ സെയ്ഫ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നായിരുന്നു ആദ്യത്തെ പേര്. ജൈവ രസതന്ത്രജ്ഞനും സയണിസ്റ്റ് നേതാവും കൂടിയായ വീസ്മാന്‍, 1949ല്‍ ഇസ്രായേലിന്റെ പ്രഥമ പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെയാണ് അദ്ദേഹത്തോടുള്ള ആദരവായി സര്‍വകലാശാലയുടെ പേരുമാറ്റുന്നത്.
അതിവേഗത്തില്‍ തന്നെ ആഗോളതലത്തില്‍ പ്രശസ്തമായ ശാസ്ത്ര ഗവേഷണ കേന്ദ്രമായി ഇതു മാറി. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ജനിതകശാസ്ത്രം, കംപ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ മേഖലകളിലെല്ലാം ലോകത്തെ എണ്ണം പറഞ്ഞ ശാത്രജ്ഞരും ഗവേഷകരും പഠിപ്പിക്കുകയും ആയിരക്കണക്കിനു ശാസ്ത്രപ്രതിഭകള്‍ പഠനം നടത്തുകയും ചെയ്തു അവിടെ. നിലവില്‍ 2,500ലധികം ഗവേഷകരും ജീവനക്കാരും കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു വിവരം. 30ലധികം അത്യാധുനിക ലബോറട്ടറികള്‍, വിപുലമായ ലൈബ്രറി, താമസ-പഠന സൗകര്യങ്ങള്‍ എന്നിവ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖമുദ്രയാണ്.
ഇസ്രായേലിന്റെ ശാസ്ത്ര ഗവേഷണത്തിന്റെ കേന്ദ്രബിന്ദുവാണ് വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. എന്നാല്‍, അതിലപ്പുറമാണ് ഇസ്രായേലിന് ആ സ്ഥാപനം. സ്ഥാപിതകാലം തൊട്ടുതന്നെ രാജ്യത്തിന്റെ സൈനിക-സാങ്കേതിക രംഗങ്ങളില്‍ നിര്‍ണായക സംഭാവനകളാണ് ഈ സര്‍വകലാശാല സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എഐ, ഡ്രോണ്‍, സൈബര്‍ പ്രതിരോധ ഗവേഷണങ്ങള്‍ ഇസ്രായേലിന്റെ സൈനിക-സാങ്കേതിക രംഗങ്ങളുടെ നട്ടെല്ലാണ്. പ്രതിരോധ ആവശ്യാര്‍ഥമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡ്രോണ്‍ ടെക്‌നോളജി, സൈബര്‍ സെക്യൂരിറ്റി മേഖലകളില്‍ സുപ്രധാനമായ ഗവേഷണമാണ് അവിടെ നടക്കുന്നത്.
നൂതന ആയുധ സംവിധാനങ്ങളും ആണവ ഗവേഷണത്തെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളും കേന്ദ്രത്തില്‍ നടക്കുന്നുണ്ടെന്നാണ് 'യൂറോ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേലിന്റെ പ്രമുഖ പ്രതിരോധ ഇലക്ട്രോണിക്‌സ് കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസുമായി സഹകരിച്ചും അല്ലാതെയും, ബയോ-ഇന്‍സ്പയേര്‍ഡ് മെറ്റീരിയല്‍, എഐ നിയന്ത്രിത ടാര്‍ഗെറ്റിങ് സംവിധാനങ്ങള്‍, യുദ്ധരംഗത്തെ എന്‍ക്രിപ്റ്റഡ് ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിക്കുന്നുണ്ട്.
ഇസ്രായേല്‍ പ്രതിരോധസേനയുടെ കരുത്തായ പല നൂതന സങ്കേതങ്ങളും ആയുധങ്ങളുമെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ വികസിപ്പിച്ചതാണ്. മറ്റൊരു വാക്കില്‍, സാങ്കേതികമായി ലോകത്തെ ഏറ്റവും അത്യാധുനിക സൈനികശക്തിയാക്കി ഇസ്രായേലിനെ മാറ്റിയതില്‍ സുപ്രധാന റോള്‍ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ടെന്നു പറയേണ്ടിവരും. മൈക്രോസോഫ്റ്റ്, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ആഗോള കുത്തകഭീമന്മാര്‍ എഐ ഉള്‍പ്പെടെയുള്ള സാങ്കേതിക സഹായങ്ങള്‍ ഇസ്രായേലിനു നല്‍കിവരുന്നുണ്ടെന്നതു യാഥാര്‍ഥ്യം തന്നെയാണ്. എന്നാല്‍, അതോടൊപ്പം തന്നെ എഐ അധിഷ്ഠിത ഡിഫന്‍സ് ടെക്‌നോളജികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരെ ഉപയോഗിച്ച് ഇസ്രായേല്‍ സ്വതന്ത്രമായി വികസിപ്പിക്കുന്നുമുണ്ട്. ഗസ്സയില്‍ ഉള്‍പ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ മുതല്‍, സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സങ്കേതങ്ങള്‍ വരെ കേന്ദ്രം ഐഡിഎഫിനു നല്‍കുന്നുണ്ടെന്നാണു വിവരം. ഇതിനെല്ലാം പുറമെ, ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പുറത്തിറങ്ങിയ അലൂംനികളില്‍ പലരും ഇപ്പോള്‍ ഇസ്രായേല്‍ ആയുധനിര്‍മാണ രംഗത്ത് നേതൃസ്ഥാനങ്ങളിലുണ്ട്.
തന്ത്രപരമായി ഇസ്രായേല്‍ എന്ന രാജ്യത്തിനും അവരുടെ സൈന്യത്തിനും അത്രയും പ്രധാനമായ ഒരു കേന്ദ്രത്തിലാണ് ഇറാന്‍ മിസൈല്‍ വര്‍ഷിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കിര്‍യ ആക്രമണത്തിനുശേഷമുള്ള പുതിയ സംഭവവും വലിയ ആഗോള ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഗവേഷണ കേന്ദ്രത്തിന്റെ ലബോറട്ടറി കെട്ടിടങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമാക്കി മിസൈലുകള്‍ എത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറി കെട്ടിടങ്ങള്‍ക്കുമേലെയാണ് മിസൈല്‍ പതിച്ചത്. ഇതിനു പിന്നാലെ കെട്ടിടങ്ങളില്‍ വന്‍ തീപിടിത്തവുമുണ്ടായി. നാശനഷ്ടത്തിന്റെ വ്യാപ്തി ഇസ്രായേല്‍ വൃത്തങ്ങള്‍ ഇപ്പോഴും വിലയിരുത്തി വരികയാണ്.
സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജീവനക്കാര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഐഡിഎഫ് വ്യക്തമാക്കിയത്. അതേസമയം, ഈ സംഭവം ഇസ്രായേലിന്റെ സൈനിക-സാങ്കേതിക രംഗത്ത് വലിയ ആഘാതമാണു സൃഷ്ടിച്ചിരിക്കുന്നതെന്ന് ഉറപ്പാണ്. ശാസ്ത്ര ഗവേഷണ സംവിധാനങ്ങള്‍ക്കും ലബോറട്ടറിയിലും നാശങ്ങള്‍ സംഭവിച്ചതായാണു വിവരം.
Summary: Iran targets Israeli security’s brain, hits Weizmann Institute of Science