ആണവ പ്ലാന്റുകളിലെ നാശനഷ്ടം വിലയിരുത്താൻ ഇറാൻ; യുഎസുമായുള്ള ചർച്ച കൂടിയാലോചനക്ക് ശേഷം
അടുത്തയാഴ്ച ഇറാനുമായി ഒന്നിച്ചിരിക്കുമെന്ന ട്രംപിന്റെ പ്രസ്താവന ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളി
തെഹ്റാന്‍: ആണവ പ്ലാന്റുകളിലെ നാശനഷ്ടം വിലയിരുത്താൻ ഇറാൻ ഒരുങ്ങുന്നു. പദ്ധതി തകർക്കാനായില്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെയാണ് ഇറാന്റെ നീക്കം. പ്ലാന്റിലുണ്ടായ നാശത്തിന്റെ സ്വഭാവത്തിനനുസരിച്ചാകും തുടർ ചർച്ചകളിൽ ഇറാൻ സഹകരിക്കുക. ഇറാന് ആവശ്യമായ സിവിലിയൻ ആണവ പദ്ധതിക്ക് സഹായം നൽകാൻ യുഎസ് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അടുത്തയാഴ്ച ഇറാനുമായി ഒന്നിച്ചിരിക്കുമെന്ന ട്രംപിന്റെ പ്രസ്താവന ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളി.
12 ദിനം നീണ്ട യുദ്ധത്തിനൊടുവിൽ വെടിനിർത്തലിലാണ് ഇസ്രായേലും ഇറാനും. ഇരു കൂട്ടരും ഒരുപോലെ വിജയം പ്രഖ്യാപിക്കുന്നുണ്ട്. ആണവ പ്ലാന്റുകളിൽ യുഎസ് നടത്തിയ ആക്രമണത്തിന്റെ ആഘാതം ഇറാൻ ആണവ ഏജൻസി വിലയിരുത്തും. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും ഭാവി പദ്ധതികൾ തീരുമാനിക്കുക. ഇത് യുഎസുമായുളള വരാനിരിക്കുന്ന ചർച്ചകളിൽ രാജ്യം മുന്നോട്ട് വെക്കും. പ്ലാന്റിന് നാശമുണ്ടായെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് പദ്ധതി ഇല്ലാതാക്കും വിധത്തിലാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.
യുഎസ് ഡിഫൻസ് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം പ്ലാന്റിന് കാര്യമായ നാശനഷ്ടമില്ല. എന്നാൽ ട്രംപ് ഭരണകൂടം ഇത് തള്ളി. ഇന്നലെ പെന്റഗൺ ട്രംപിന്റെ നിർദേശപ്രകാരം പ്രത്യേക വാർത്താ സമ്മേളനം നടത്തി നാശമുണ്ടായെന്ന് വാദിച്ചിരുന്നു. എന്നാൽ തെളിവുകളൊന്നും ഹാജരാക്കാനായില്ല. തുടരെ മാധ്യമ റിപ്പോർട്ടുകൾ വന്നതോടെ മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞിട്ടുണ്ട് ട്രംപ് ഭരണകൂടം. ഇറാനോ ആണവ ഏജൻസി പരിശോധനയിലോ മാത്രമേ നിലവിലെ സ്ഥിതി വ്യക്തമാകൂ.
ആണവ ഏജൻസിയുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് നിലവിൽ ഇറാൻ. പാർലമെന്റ് പാസാക്കായിയ ഇത് സംബന്ധിച്ച ബില്ലിൽ പരമോന്നത നേതാവ് ഒപ്പുവെക്കണം. തീരുമാനം നടപ്പായാൽ ഇറാന് മേൽ കൂടുതൽ ഉപരോധങ്ങളുണ്ടാകും. എന്നാൽ തീരുമാനം വെച്ച് സമ്മർദ്ദം സൃഷ്ടിക്കാനാണ് ഇറാന്റെ നീക്കം. ഇതിനിടെ ഇറാന് ആവശ്യമായ സിവിലിയൻ ആണവ പദ്ധതിക്ക് സഹായം നൽകാൻ യുഎസ് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മുപ്പത് ബില്യൺ ഇതിന് ചിലവഴിക്കാനും യുഎസ് തയ്യാറാണ്. ഉപരോധങ്ങളും യുഎസ് നീക്കും. എന്നാൽ ചർച്ചക്കായി അടുത്തയാഴ്ച ഒന്നിച്ചിരിക്കുമെന്ന റിപ്പോർട്ട് ഇറാൻ തള്ളി. രാജ്യത്തിനകത്തെ ചർച്ചകൾക്ക് ശേഷമേ തീരുമാനമെടുക്കൂ എന്നാണ് ഇറാന്റെ നിലപാട്.