തെഹ്‌റാൻ: അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖാംനഈക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിൻ്റെ ആദ്യദിനത്തിൽ തന്നെ രക്തസാക്ഷിത്വം വരിച്ച അദ്ദേഹത്തിൻ്റെ സംസ്കാര ചടങ്ങുകൾക്കും വിലാപയാത്രയ്ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് ഇറാനിൽ പുരോഗമിക്കുന്നത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി തലസ്ഥാനമായ തെഹ്റാനിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന വിടവാങ്ങൽ ചടങ്ങുകളും 24 മണിക്കൂർ നീളുന്ന വിലാപയാത്രയുമാണ് അധികൃതർ ക്രമീകരിക്കുന്നത്.
ദേശീയ സ്ഥാപനങ്ങളുടെയും രാജ്യത്തുടനീളമുള്ള മുനിസിപ്പാലിറ്റികളുടെയും പൂർണ പങ്കാളിത്തത്തോടെയാണ് തെഹ്റാനിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിശദാംശങ്ങൾ തെഹ്‌റാൻ സാംസ്കാരിക-സാമൂഹിക കാര്യ ഡെപ്യൂട്ടി മേയർ മുഹമ്മദ് അമിൻ തവക്കോലിസാദെയാണ് വിശദീകരിച്ചത്. ചുരുങ്ങിയത് 24 മണിക്കൂർ എങ്കിലും നീണ്ടുനിൽക്കുന്ന വിലാപയാത്രയുടെ പ്രധാന വേദി തെഹ്റാനിലെ മുസല്ലയോ (ഗ്രാൻഡ് പ്രയേഴ്സ് ഹാൾ) ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപകൻ ഇമാം ഖുമൈനിയുടെ ശവകുടീരമോ ആയിരിക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകും.
തെഹ്റാനിലെ വിലാപയാത്രയ്ക്കും ചടങ്ങുകൾക്കും ശേഷം ഭൗതികശരീരം ഖോമിലേക്കും തുടർന്ന് മഷ്ഹദിലേക്കും വിലാപയാത്രയായി കൊണ്ടുപോകും. ഈ നഗരങ്ങളിലും സമാനമായ രീതിയിൽ വിടവാങ്ങൽ ചടങ്ങുകൾ സംഘടിപ്പിക്കും. ഉന്നത അധികാരികളുടെ തീരുമാനപ്രകാരം, വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലെ ഇമാം റിദാ പള്ളിയിലായിരിക്കും അദ്ദേഹത്തിന് അന്തിമവിശ്രമ സ്ഥലം ഒരുക്കുക.
മഷ്ഹദ് നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൂടി പരിഗണിച്ച്, വിദേശ രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുമെന്നാണ് ഇറാൻ ഭരണകൂടം കണക്കുകൂട്ടുന്നത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇന്ത്യ, ബംഗ്ലാദേശ്, കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥടകരുടെ വലിയൊരു ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റുമായി ഖുറാസാൻ റസാവി പ്രവിശ്യയിലെ ആസ്താൻ ഖുദ്സ് റസാവി ഓർഗനൈസേഷനും ഇസ്‌ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സും സംയുക്തമായി തീർഥാടകർക്കുള്ള സൗകര്യങ്ങളും സംസ്കാര ചടങ്ങുകൾക്കായുള്ള പ്രത്യേക ക്രമീകരണങ്ങളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
ഇറാനിയൻ ഇസ്ലാമിക വിപ്ലവത്തിന്റെ മുഖ്യധാരയിൽ നിന്നുകൊണ്ട് ഷാ ഭരണകൂടത്തിനെതിരെ നടത്തിയ തീവ്രമായ പോരാട്ടങ്ങളിലൂടെയാണ് ആയത്തുല്ല അലി ഖാംനഈയുടെ പ്രതിരോധ ജീവിതം ആരംഭിക്കുന്നത്. ആയത്തുല്ല ഖുമൈനിയുടെ ഏറ്റവും അടുത്ത അനുയായിയായിരുന്ന അദ്ദേഹം, തൻ്റെ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും ഇറാനിലെ യുവാക്കളെയും സാധാരണക്കാരെയും വിപ്ലവത്തിനായി അണിനിരത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഈ കാലയളവിൽ ഭരണകൂടത്തിന്റെ രഹസ്യ പൊലീസായ സാവാക്കിന്റെ ക്രൂരമായ പീഡനങ്ങൾക്കും നിരവധി തവണ ജയിൽവാസങ്ങൾക്കും അദ്ദേഹം ഇരയായിട്ടുണ്ട്. കടുത്ത വിലക്കുകളും നാടുകടത്തലുകളും നേരിട്ടിട്ടും, പഹ്‌ലവി രാജവംശത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളെ ആശയപരമായി നയിക്കാനും വിപ്ലവത്തിന് അടിത്തറ പാകാനും അദ്ദേഹത്തിന് സാധിച്ചു.
1979ലെ ഇസ്ലാമിക വിപ്ലവ വിജയത്തിനുശേഷം, ഇറാൻ-ഇറാഖ് യുദ്ധകാലത്ത് രാജ്യത്തിന്റെ സൈനികവും രാഷ്ട്രീയവുമായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. യുദ്ധമുഖത്ത് നേരിട്ട് സന്ദർശനം നടത്തുകയും സൈനികർക്ക് ആവേശം പകരുകയും ചെയ്ത അദ്ദേഹം, 1981ൽ നടന്ന ഒരു ബോംബ് ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ വധശ്രമത്തിൽ അദ്ദേഹത്തിന്റെ വലതു കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് ഇറാന്റെ പരമോന്നത നേതാവായി ചുതലയേറ്റ ശേഷം, പശ്ചിമേഷ്യയിൽ പാശ്ചാത്യ സാമ്രാജ്യത്വ ഇടപെടലുകൾക്കും ഇസ്രായേലിനുമെതിരെ സായുധവും ആശയപരവുമായ ചെറുത്തുനിൽപ്പ് ലക്ഷ്യമിടുന്ന 'പ്രതിരോധത്തിന്റെ അച്ചുതണ്ട്' എന്ന നയം രൂപീകരിക്കുന്നതിലും അത് ശക്തമായി നയിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.