അഞ്ച് ഇസ്രായേലി സൈനിക താവളങ്ങളിൽ ഇറാന്റെ മിസൈലുകൾ നാശംവിതച്ചെന്ന് റിപ്പോർട്ട്; പ്രതികരിക്കാതെ ഐഡിഎഫ്
ഓരോ ദിവസം കഴിയുംതോറും പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് എത്തുന്ന മിസൈലുകളുടെ എണ്ണം വര്‍ധിച്ചുവന്നതായും ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു
തെല്‍ അവിവ്: ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ ഇറാനില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകള്‍ കനത്ത നാശം വിതച്ചിരുന്നു. തെല്‍ അവിവില്‍ നിന്നും പുറത്തുവന്ന ചിത്രങ്ങള്‍ അത് ശരിവെക്കുന്നതായിരുന്നു.
ഇപ്പോഴിതാ ഇസ്രായേലിലെ അഞ്ച് സൈനിക കേന്ദ്രങ്ങളെ ഇറാന്‍, കാര്യമായി തന്നെ പ്രഹരമേല്‍പ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. യുഎസിലെ ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപഗ്രഹ ഡാറ്റ വിലയിരുത്തിയാണ് ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ആക്രമണം വിശദീകരിക്കുന്നത്. 12 ദിവസമാണ് ഇറാനും ഇസ്രായേലും തമ്മിലെ സംഘര്‍ഷം നീണ്ടുനിന്നത്. കനത്ത ആക്രമണ- പ്രത്യാക്രമണങ്ങള്‍ക്കാണ് ഈ ദിവസങ്ങൾ സാക്ഷ്യം വഹിച്ചിരുന്നത്.
അഞ്ച് ഐഡിഎഫ് താവളങ്ങൾ ആകെ ആറ് റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പഴയതും എന്നാല്‍ വ്യോമസേനയുടെ പ്രധാനപ്പെട്ടതുമായ ടെൽ നോഫ് എയർബേസ്, ഗ്ലിലോട്ട് ഇന്റലിജൻസ് ബേസ്, സിപ്പോറിറ്റിലെ ആയുധ നിർമ്മാണ കേന്ദ്രം എന്നിവയടക്കം ഇതിലുള്‍പ്പെടും. ആറ് റോക്കറ്റുകൾക്ക് പുറമേ ഇസ്രായേലിന്റെയും യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നും 36 മറ്റ് മിസൈലുകൾ കൂടി ഇസ്രായേലിനുള്ളിൽ പതിച്ചു.
ഇതില്‍ 28 പേർ കൊല്ലപ്പെടുകയും 2,305 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രണ്ട് സർവകലാശാലകളും ഒരു ആശുപത്രിയും ഇതിലുള്‍പ്പെടുന്നു. 13,000ത്തിലധികം ഇസ്രായേലികളാണ് ആക്രമണം മൂലം വീട്ടില്‍ നിന്നിറങ്ങാന്‍ നിര്‍ബന്ധിതരായത്. ഇസ്രായേലിന് നേരെ 500ലധികം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചതെങ്കിലും അധികവും തടുക്കാനായി. 1,100 ഡ്രോണുകൾ വിക്ഷേപിച്ചതില്‍ ഒന്ന് മാത്രമാണ് ഇസ്രായേലിനുള്ളിൽ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രതിരോധിച്ച മിസൈലുകളുടെ എണ്ണം ഉയര്‍ന്നതാണെങ്കിലും ഓരോ ദിവസം കഴിയുംതോറും പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് എത്തുന്ന മിസൈലുകളുടെ എണ്ണം വര്‍ധിച്ചുവന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ട് പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ഇറാന്‍ മിസൈലുകള്‍ക്കായി എന്ന് പറയുന്നില്ല.
അതേസമയം ഇസ്രയേല്‍ പ്രതിരോധ സേനയുടെ താവളങ്ങളിലും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സൈനിക സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കാരണം ഇസ്രയേലില്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞിട്ടുണ്ട്. ഇറാന് ഉപകാരനാകുമെന്ന് കണ്ടാണ് ഇസ്രായേലിന്റെ നീക്കം. എന്നാല്‍ ടെലഗ്രാഫ് റിപ്പോര്‍ട്ടിനോട് ഐഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.