തെഹ്‌റാൻ: പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയും മുതിർന്ന ഉദ്യോഗസ്ഥരും യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ യുദ്ധത്തിന്റെ നിഴലിലാണ് പശ്ചിമേഷ്യ. ഖാംനഈയുടെ വധത്തിന് പ്രതികാരമായി ഇസ്രായേലിനും ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ ശക്തമായ മിസൈൽ ആക്രമണമാണ് നടത്തുന്നത്. ഇതൊരു ചെറിയ തിരിച്ചടിയിൽ അവസാനിക്കുമോ അതോ ലോക വിപണിയെയും ഊർജ മേഖലയെയും തകർക്കുന്ന നീണ്ടുനിൽക്കുന്ന യുദ്ധമായി മാറുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.
ആധുനിക വ്യോമസേനയുടെ അഭാവം തങ്ങളുടെ മിസൈൽ ശേഖരംകൊണ്ട് പരിഹരിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലുതും വൈവിധ്യമേറിയതുമായ മിസൈൽ ശേഖരമാണ് ഇറാന്റേതെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. 150 മുതൽ 800 കിലോമീറ്റർ വരെ പരിധിയുള്ള ഫതഹ്, സുൾഫിക്കർ, ഖിയാം-1 തുടങ്ങിയ ഹ്രസ്വദൂര മിസൈലുകൾ അയൽരാജ്യങ്ങളിലെ സൈനിക താവളങ്ങളെ തകർക്കാൻ ശേഷിയുള്ളവയാണ്.
1,500 മുതൽ 2,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഷഹാബ്-3, ഇമാദ്, സെജ്ജിൽ തുടങ്ങിയ മധ്യദൂര മിസൈലുകൾ ഇസ്രായേലിനെയും ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങളെയും ലക്ഷ്യംവെക്കുന്നു. ഇതിൽ 'സെജ്ജിൽ' മിസൈലുകൾ ഖര ഇന്ധനം ഉപയോഗിക്കുന്നതിനാൽ അതിവേഗം വിക്ഷേപിക്കാൻ സാധിക്കും. റഡാറുകളെ വെട്ടിച്ച് താഴ്ന്നുപറക്കുന്ന സൗമർ, പാവെ തുടങ്ങിയ ക്രൂസ് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്.
മിസൈലുകൾക്ക് പുറമെ ആത്മഹത്യാ ഡ്രോണുകളുടെ വലിയ ശേഖരവും ഇറാന്റെ പക്കലുണ്ട്. കുറഞ്ഞ ചെലവിൽ വിക്ഷേപിക്കാവുന്ന ഇത്തരം ഡ്രോണുകൾ ഉപയോഗിച്ച് ശത്രുക്കളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കാൻ ഇറാന് സാധിക്കും. കൂടാതെ, ഭൂമിക്കടിയിൽ നിർമിച്ചിട്ടുള്ള അത്യാധുനിക 'മിസൈൽ നഗരങ്ങൾ' വലിയ ആക്രമണങ്ങളെ അതിജീവിച്ച് നിരന്തരം തിരിച്ചടി നൽകാൻ ഇറാനെ പ്രാപ്തമാക്കുന്നു.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന നീക്കങ്ങൾ ആഗോള സാമ്പത്തിക രംഗത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. യുഎസ്, യുകെ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ഇതിനോടകം ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. പ്രമുഖ കപ്പൽ ചാലായ മായർസ്‌ക് ഈ മേഖലയിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു.
2025 ജൂണിലെ 12 ദിവസത്തെ യുദ്ധത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ഖാംനഈയുടെ വധം തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഒന്നായാണ് ഇറാൻ കാണുന്നത്. തിരിച്ചടി വൈകുന്നത് ദുർബലതയായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കിയിട്ടുണ്ട്.
ലെബനനിലെ ഹിസ്ബുല്ലയും യമനിലെ ഹൂതികളും ഇറാനൊപ്പം ചേരുന്നതോടെ യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാനാണ് സാധ്യത. കേവലം ഒരു തിരിച്ചടി എന്നതിലുപരി, യുഎസിനെയും ഇസ്രായേലിനെയും ദീർഘകാലം സമ്മർദത്തിലാക്കുന്ന ഒരു വൻ പോരാട്ടത്തിനാണ് ഇറാൻ തയ്യാറെടുക്കുന്നത്.