തെൽ അവീവ്: ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് രാജ്യത്തെ പ്രമുഖ അറബ് രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് സമിതിയുടെ അപ്രതീക്ഷിത വിലക്ക്. അറബ് ഭൂരിപക്ഷ പാർട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റിലെ മൂന്ന് ഘടകകക്ഷികളെയും ഇസ്‌ലാമിസ്റ്റ് പാർട്ടിയായ റാമിനെയുമാണ് സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി വിലക്കിയത്. ഇതോടെ രാജ്യത്തെ അറബ് വംശജരായ ലക്ഷക്കണക്കിന് വോട്ടർമാരുടെ രാഷ്ട്രീയ പ്രാതിനിധ്യം അനിശ്ചിതത്വത്തിലായി.
ഇസ്രായേലിനെതിരായ സായുധ പോരാട്ടത്തെ പിന്തുണച്ചുവെന്ന് ആരോപിച്ചാണ് ജോയിന്റ് ലിസ്റ്റിലെ കക്ഷികൾക്കെതിരെ നടപടിയെടുത്തത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രായേലിന്റെ ജൂത സ്വഭാവത്തെ അംഗീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റാമിനെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കിയത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി, സഖ്യകക്ഷികളായ തീവ്ര ദേശീയവാദികൾ എന്നിവർ നൽകിയ ഹരജികളുടെ അടിസ്ഥാനത്തിലാണ് നിലവിലെ പാർലമെന്റ് അംഗങ്ങൾ അടങ്ങിയ ഇലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
അറബ് വംശജരായ പത്ത് ലക്ഷത്തോളം വരുന്ന പൗരന്മാരുടെ വോട്ടവകാശത്തെയും പങ്കാളിത്തത്തെയും നേരിട്ട് ബാധിക്കുന്നതാണ് സമിതിയുടെ തീരുമാനം. ഒപ്പം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള യാഷർ പാർട്ടിക്ക് ഭരണത്തിലെത്താനുള്ള സാധ്യതകൾക്ക് ഇത് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സർവേകൾ പ്രകാരം ലിക്കുഡ് പാർട്ടിയേക്കാൾ കൂടുതൽ സീറ്റുകൾ യാഷർ പാർട്ടി നേടാൻ സാധ്യതയുണ്ടെങ്കിലും, ഭൂരിപക്ഷം തികയ്ക്കാൻ മധ്യ-ഇടതുപക്ഷ കക്ഷികൾക്കൊപ്പം അറബ് പാർട്ടികളുടെ പിന്തുണയും ഐസൻകോട്ടിന് അനിവാര്യമായിരുന്നു.
വ്യക്തിഗത അയോഗ്യതയും പ്രതികരണവും
ജോയിന്റ് ലിസ്റ്റിന്റെ ഭാഗമായ ബലദ് പാർട്ടിയുടെ ചെയർമാൻ സാമി അബു ഷെഹാദയെ വ്യക്തിപരമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും കമ്മിറ്റി അയോഗ്യനാക്കി. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പിന്നാലെ അറബ് മാധ്യമത്തിൽ അദ്ദേഹം എഴുതിയ ലേഖനത്തിൽ, ആ ആക്രമണത്തെ സൈനികമായും രാഷ്ട്രീയമായും തന്ത്രപരമായും സുപ്രധാനമായ ചരിത്ര സംഭവം എന്ന് വിശേഷിപ്പിച്ചു എന്നതായിരുന്നു ആരോപണം. എന്നാൽ, അറബ് സമൂഹത്തിന്റെ രാഷ്ട്രീയ ശബ്ദത്തെയും പ്രാതിനിധ്യത്തെയും ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് സാമി അബു ഷെഹാദ പ്രതികരിച്ചു. താൻ ഒരിക്കലും അക്രമത്തിനോ ഭീകരവാദത്തിനോ ആഹ്വാനം ചെയ്തിട്ടില്ലെന്നും സായുധ പോരാട്ടത്തെ എതിർക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിനും നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള രാഷ്ട്രീയ-പൗര പോരാട്ടങ്ങളിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമി അബു ഷെഹാദയെ അയോഗ്യനാക്കാനുള്ള നീക്കത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളും ഇസ്രായേൽ അറ്റോർണി ജനറൽ ഗാലി ബഹാരവ്-മിയാരയും പിന്തുണച്ചെങ്കിലും, പാർട്ടികളെ ഒന്നാകെ വിലക്കാനുള്ള തീരുമാനത്തോട് അറ്റോർണി ജനറൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നെതന്യാഹുവും തീവ്ര ദേശീയവാദിയായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറും ചേർന്ന് ഒരുക്കിയ വംശീയ കെണിയിലാണ് പ്രതിപക്ഷ പാർട്ടികൾ വീണതെന്ന് ജോയിന്റ് ലിസ്റ്റ് വക്താവ് ആരോപിച്ചു.
അതേസമയം, രാഷ്ട്രീയ പാർട്ടികളെ അയോഗ്യരാക്കുന്ന കാര്യത്തിൽ കർശനമായ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാറുള്ള ഇസ്രായേൽ സുപ്രിംകോടതി വരും ദിവസങ്ങളിൽ ഈ വിലക്ക് റദ്ദാക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുപ്രിംകോടതി ഇത്തരം തീരുമാനങ്ങൾ റദ്ദാക്കുന്നത്, താൻ സാധാരണക്കാരുടെ പക്ഷത്താണെന്നും സുപ്രിംകോടതിയും സംവിധാനങ്ങളും തനിക്കെതിരാണെന്നുമുള്ള രാഷ്ട്രീയ ആഖ്യാനം ശക്തമാക്കാൻ നെതന്യാഹുവിന് സഹായകരമായേക്കാം.