Writer - രാഗേന്ദു പി.ആർ
Web Journalist
ന്യൂയോര്‍ക്ക്: ഇറാന്റെ ഏഴ് ദിന 'യുദ്ധവിരാമ റോഡ്മാപ്പ്' യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയതോടെ പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍. കരാര്‍ വേണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നത് ഉപരോധം മൂലം വലഞ്ഞത് കൊണ്ടാണെന്ന് ട്രംപ് പറഞ്ഞു.
സൈനിക നടപടികളും ഉപരോധങ്ങളും നിര്‍ത്തിവെച്ചാല്‍ ഒരാഴ്ചയ്ക്കകം ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്നും രണ്ട് മാസത്തിനുള്ളില്‍ ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇളവുകള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ അമേരിക്ക, ഇറാനെതിരായ വ്യോമ-സാമ്പത്തിക ഉപരോധങ്ങള്‍ ശക്തമാക്കുകയാണ്. വീണ്ടും ആക്രമണം ഉണ്ടായാല്‍ മേഖലയിലെ മുഴുവന്‍ യുഎസ് കേന്ദ്രങ്ങളും തകര്‍ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്ന് ഇറാഖിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഭൂരിഭാഗവും തടസപ്പെട്ടു. ഇറാഖിലെ നജഫ്, ബാഗ്ദാദ്, കിര്‍ക്കുക്ക്, ഇര്‍ബില്‍ എന്നീ മേഖലകളിലേക്ക് പതിനായിരക്കണക്കിന് ആളുകളാണ് ദിനംപ്രതി യാത്ര ചെയ്തിരുന്നത്.