ഗസ്സയിലേക്കുള്ള സഹായ ട്രക്കുകൾ തടഞ്ഞ് ഇസ്രായേൽ; വൻ പ്രതിഷേധം
സഹായം വിലക്കിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യുഎൻ കുറ്റപ്പെടുത്തി
ഗസ്സ സിറ്റി: റമദാനിൽ ഗസ്സയിലേക്കെത്തുന്ന സഹായ ട്രക്കുകൾ തടഞ്ഞ ഇസ്രായേൽ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. വെടിനിർത്തൽ കരാറിന്‍റെ ആദ്യഘട്ടം നീട്ടാൻ ഹമാസ് വിസമ്മതിച്ചെന്ന് ആരോപിച്ചാണ് ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടയാൻ ഇസ്രായേൽ തീരുമാനിച്ചത്.
അതേസമയം, വില കുറഞ്ഞ ബ്ലാക്മെയിൽ തന്ത്രം മാത്രമാണിതെന്നും അന്തർദേശീയ സമൂഹം ഇതിനെതിരെ രംഗത്തിറങ്ങണമെന്നും ഹമാസ് ആവശ്യപ്പെട്ടു. രണ്ടാംഘട്ട കരാർ അട്ടിമറിക്കുന്നതിലൂടെ ബന്ദികളുടെ ജീവൻ കൂടി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപകടത്തിലാക്കുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി.
മാനുഷിക സഹായം തടഞ്ഞ നടപടി അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും പട്ടിണി ആയുധമാക്കാനുള്ള നീക്കത്തിൽനിന്ന് ഇസ്രായേൽ പിന്തിരിയണമെന്നും മധ്യസ്ഥ രാജ്യമായ ഈജിപ്ത് വ്യക്തമാക്കി. ഗസ്സക്കുള്ള സഹായം തടയുന്നത് നീതീകരിക്കാനാവാത്ത പാതകമാണെന്ന് സൗദി അറേബ്യ ഉൾപ്പെടെ വിവിധ അറബ് രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. ഗസ്സക്കുള്ള സഹായം വിലക്കിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യു.എൻ കുറ്റപ്പെടുത്തി.
എന്നാൽ, നടപടിയെ അനുകൂലിച്ച സ്മോട്രിച് ഉൾപ്പെടെ ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാർ ഗസ്സക്കുള്ള വൈദ്യുതിയും വെള്ളവും വിലക്കി സമ്പൂർണ ഉപരോധമാണ് ഏർപ്പെടുത്തേണ്ടതെന്ന് നിർദേശിച്ചു. ഗസ്സയിലെ റഫയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഫലസ്തീൻകാർ കൊല്ലപ്പെട്ടു. ആദ്യഘട്ട വെടിനിർത്തൽ കരാറിന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെ ഇത് 42 ദിവസം കൂടി ദീർഘിപ്പിക്കണമെന്ന അമേരിക്കൻ നിർദേശം ഹമാസ് തള്ളുകയായിരുന്നു.
അതേസമയം, ഗസ്സയിലെ വെടിനിർത്തലും ബന്ദിമോചന പ്രക്രിയയും തുടരണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് പേർ ഇസ്രായേലിലെ തെൽ അവീവിൽ കഴിഞ്ഞദിവസം പ്രകടനവുമായി തെരുവിലിറങ്ങി. ജനുവരി 19നാണ് ഒന്നാംഘട്ടം ആരംഭിച്ചത്. മാർച്ച് ഒന്നിന് ഇത് അവസാനിച്ചു. രണ്ടാംഘട്ടത്തിനായുള്ള ചർച്ചകൾക്ക് ഇസ്രായേൽ ഇതുവരെ മുതിർന്നിട്ടില്ല.