Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഗസ്സ സിറ്റി: ഗസ്സയിലെ ഖാൻയൂനുസിൽ നിന്ന് ഫലസ്തീനികളെ കൂട്ടമായി പുറന്തള്ളി ഇസ്രായേൽ. ലോകത്തിന്‍റെ എതിർപ്പ് മറികടന്ന് ഗസ്സയിൽ ആക്രമണം ശക്തമാക്കുമെന്ന് സൈന്യം. മൂന്ന് മാസത്തിനു ശേഷം ഭക്ഷ്യവസ്തുക്കളുമായി വെറും അഞ്ച് ട്രക്കുകൾ മാത്രമാണ് ഗസ്സയിൽ എത്തിയത്.
ആക്രമണം നിർത്തിയില്ലെങ്കിൽ ഉപരോധം നേരിടേണ്ടിവരുമെന്ന് ബ്രിട്ടനും ഫ്രാൻസും കാനഡയും ഇസ്രായേലിനെ താക്കീത് ചെയ്തു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 80ലധികം ആളുകൾ മരിച്ചു.
ഗസ്സയിലെ ഏറ്റവും വലിയ രണ്ടാമത് പട്ടണമായ ഖാൻയൂനുസിൽ നിന്നാണ് ഫലസ്തീനികളെ ഇസ്രായേൽ കൂട്ടമായി പുറന്തള്ളിയത്. രാത്രിയും പ്രദേശത്ത് കനത്ത തോതിൽ വ്യോമാക്രമണം നടന്നു. ബനീ സുഹൈല, അബസാൻ എന്നിവിടങ്ങളിലുള്ളവരോടും അടിയന്തരമായി ഒഴിഞ്ഞുപോകാനാണ് ഇസ്രായേൽ മുന്നറിയിപ്പ്. സമീപത്തെ മവാസിയിലേക്കാണ് ആയിരങ്ങൾ അഭയം തേടി നീങ്ങുന്നത്.
മധ്യഗസ്സയിലെ ഫലസ്തീൻ ഒഴിപ്പിക്കലിനു പിന്നാലെയാണ് ഖാൻ യൂനുസിൽ നിന്നുള്ള പുറന്തള്ളൽ. ഗസ്സ പൂർണമായും പിടിച്ചടക്കുന്നതിന്റെ ഭാഗമായാണ് കരസേനാനീക്കവും കുടിയൊഴിപ്പിക്കലുമെന്നാണ് റിപ്പോർട്ട്. ഇന്നലെ മാത്രം ഗസ്സയിൽ എൺപതിലേറെ പേരാണ് കൊല്ലപ്പെട്ടത്. നുസൈറാത്തിൽ സ്കൂളിനു മേൽ ബോംബിട്ട് നിരവധി കുട്ടികളെ കൊലപ്പെടുത്തി.
അതിനിടെ, ഗസ്സയിൽ പരിമിതമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ കടത്തിവിടാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സമ്മതിച്ചു. ബേബി ഫുഡ് ഉൾപ്പെടെയുള്ളവയുമായി അഞ്ച് ട്രക്കുകൾ ഗസ്സയിലെത്തി. മാർച്ച് രണ്ട് മുതൽ ആരംഭിച്ച ഉപരോധത്തിനു ശേഷം ഇതാദ്യമായാണ് സഹായട്രക്കുകൾ എത്തുന്നത്. എന്നാൽ ദിനംപ്രതി 500 ട്രക്കുകളെങ്കിലും എത്തിയാൽ മാത്രമേ ആവശ്യം പൂർത്തീകരിക്കാൻ കഴിയൂ എന്ന് യുഎൻ വ്യക്തമാക്കി.
യുഎസ് ബന്ദി ഏഡൻ അലക്സാണ്ടറുടെ മോചന വേളയിൽ ഹമാസിന് നൽകിയ ഉറപ്പിനെ തുടർന്നാണ് ട്രക്കുകൾ എത്തിയതെന്ന് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു. യുഎൻ ഏജൻസികൾക്കു പകരം ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് വിതരണചുമതല കൈമാറാനാണ് ഇസ്രായേൽ നീക്കം. ഗസ്സയിലെ 21 ലക്ഷം ജനങ്ങളും കൊടുംപട്ടിണിയിലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനം ഗബ്രിയെസൂസ് പറഞു. ഗസ്സയിലേക്ക് മാനുഷികസഹായം വിലക്കി ആക്രമണം വിപുലീകരിക്കുന്ന ഇസ്രായേൽ നടപടിക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്, കനഡ എന്നീ രാജ്യങ്ങൾ രംഗത്തുവന്നു. ദോഹയിൽ വെടിനിർത്തൽ ചർച്ച തുടരുമെന്ന് ഇസ്രായേൽ അറിയിച്ചു.