അൽ ശിഫയുടെ വിവിധ ഭാഗങ്ങൾ ബുൽഡോസർ കൊണ്ട് തകർത്തു; ആക്രമണം കടുപ്പിച്ച് ഇസ്രായേൽ

മൃതദേഹങ്ങൾ അടക്കം ഇസ്രായേൽ സേന കൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ

Update: 2023-11-16 17:42 GMT
Advertising

ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു. ആശുപത്രിയുടെ വിവിധ ഭാഗങ്ങൾ ഇസ്രായേൽ സേന ബുൾഡോസർ കൊണ്ട് തകർത്തു. നൂറ് കണക്കിന് ഇസ്രായേൽ സൈനികരാണ് ആശുപത്രിയിലുള്ളത്.

മൃതദേഹങ്ങൾ അടക്കം ഇസ്രായേൽ സേന കൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ആശുപത്രക്കകത്ത് നിന്ന് ഇസ്രായേൽ സേനയ്‌ക്കെതിരെ ആക്രമണമുണ്ടായിട്ടില്ലെന്ന് അൽ ശിഫ ആശുപത്രി ഡയറക്ടർ അറിയിച്ചു. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുമായി ബന്ധം പൂർണമായും നഷ്ടപ്പെട്ടതായാണ് ഗസ്സ ആശുപത്രി ഡയറക്ടർ അറിയിക്കുന്നത്.

അൽ ശിഫയിൽ നിന്ന് കണ്ടെടുത്ത ലാപ്‌ടോപ്പിലേതെന്ന് അവകാശപ്പെട്ട് ബന്ദികളുടെ ദൃശ്യങ്ങൾ ഇസ്രായേൽ പുറത്ത് വിട്ടിരുന്നു. എന്നാൽ ആദ്യം പുറത്ത് വിട്ട ദൃശ്യങ്ങൾ പിൻവലിച്ച് വീണ്ടും അപ്ലോഡ് ചെയ്തിട്ടുണ്ട്.

അതേസമയം ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് തെൽ അവീവിൽ റാലി നടത്താൻ പൊലീസ് അനുമതി നൽകി. ഇസ്രായേലിലെ പൗരാവകാശ സംഘടനയാണ് ശനിയാഴ്ച്ച റാലി നടത്തുന്നത്. റാലിക്ക് അനുമതി തേടി സംഘടന ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അനുമതി. ഇതിനിടെ നെതന്യാഹു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യാഇർ ലാപിഡും രംഗത്തെത്തി.

മധ്യ ഗസ്സയിലും തെക്കൻ ഗസ്സയിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. മധ്യഗസ്സയിലെ പള്ളിയിൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു,, ഖാൻ യുനിസിലെ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു.

വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ജെറുസലേമിലെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു,, നിരവധി പേർക്ക് പരിക്കേറ്റു,, വെസ്റ്റ് ബാങ്കിൽ ഇന്ന് മാത്രം 69 പേരെയാണ് അറസ്റ്റ് ചെയ്തത്. ലബനാൻ - ഇസ്രായേൽ അതിർത്തിയിലും സംഘർഷം കനക്കുകയാണ്.

അതേ സമയം ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെക്കുറിച്ചുള്ള യുഎൻ ആരോപണങ്ങൾ ഇസ്രായേൽ നിരസിച്ചു ,,അന്താരാഷ്ട്ര നിയമം ആത്മഹത്യ കരാറല്ലെന്ന് യുഎന്നിലെ ഇസ്രായേൽ അംബാസഡർ മീരവ് ഐലോൺ ഷഹർ പറഞ്ഞു. തങ്ങളുടെ പ്രവർത്തനങ്ങളെ ഹമാസുമായി തുലനം ചെയ്യേണ്ടെന്നും അംബാസഡർ വ്യക്തമാക്കി.

യുദ്ധത്തിന് നീണ്ട അടിയന്തര മാനുഷിക ഇടവേള ആവശ്യപ്പെട്ടുള്ള പ്രമേയം യുഎൻ രക്ഷാസമിതി പാസ്സാക്കി. മാൾട്ട കൊണ്ടുവന്ന പ്രമേയത്തെ 15ൽ 12 രാജ്യങ്ങളും അനുകൂലിച്ചപ്പോൾ യുഎസ്, യുകെ, റഷ്യ എന്നീ രാജ്യങ്ങൾ വിട്ടുനിന്നു.. പ്രമേയം തള്ളി ഇസ്രായേൽ വീണ്ടും രംഗത്തെത്തി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News