ഇസ്രായേലില്‍ സഖ്യചര്‍ച്ചകള്‍ സജീവം; റആം പാര്‍ട്ടിയുടെ പിന്തുണ ഐസന്‍കോട്ടിന്
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും നിര്‍ദേശിക്കില്ലെന്ന് നെതന്യാഹുവിൻ്റെ സഖ്യകക്ഷിയായ തോറ ജുദായിസം പാര്‍ട്ടി
തെല്‍ അവിവ്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ സഖ്യചര്‍ച്ചകള്‍ സജീവം. അറബ് സഖ്യത്തിലെ റആം പാര്‍ട്ടി ഗാഡി ഐസന്‍കോട്ടിന് പിന്തുണ പ്രഖ്യാപിച്ചു. റആം പാര്‍ട്ടിക്കുള്ളത് എട്ട് എംപിമാരാണ്. ഐസന്‍കോട്ടിനെ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായി ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി റആം പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ആരേയും നിര്‍ദേശിക്കില്ലെന്ന് നെതന്യാഹുവിന്റെ സഖ്യകക്ഷി പ്രഖ്യാപിച്ചിരിക്കുകയാണ്. ലിക്കുഡ് സഖ്യത്തിലുള്ള യുണൈറ്റഡ് തോറ ജുദായിസം പാര്‍ട്ടിയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും നിര്‍ദേശിക്കില്ലെന്ന് പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പില്‍ 61 സീറ്റുകളെന്ന കേവല ഭൂരിപക്ഷത്തിലെത്താന്‍ ഒരു സഖ്യത്തിനും സാധിച്ചിരുന്നില്ല. 120 അംഗ ക്‌നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് 53 സീറ്റ് നേടി മുന്നിലെത്തിയത്. പ്രധാന എതിരാളിയായ മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റാണ് ലഭിച്ചത്. 19 സീറ്റുകള്‍ നേടിയ അറബ് പാര്‍ട്ടികളാണ് നിര്‍ണായക ശക്തിയായത്. അറബ് പാര്‍ട്ടികള്‍ പ്രതിപക്ഷ സഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല. അറബ് പാര്‍ട്ടികളുമായുള്ള സഖ്യം ഒരിക്കലും ഉണ്ടാവില്ലെന്നാണ് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നിലപാട്. ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇസ്രായേലില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
അറബ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും വിദേശ ഇടപെടലുണ്ടായെന്നുമുള്ള നെതന്യാഹുവിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തെരഞ്ഞെടുപ്പിനെ സംശയ നിഴലില്‍ നിര്‍ത്തുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നാണ് കമ്മീഷന്‍ ചെയര്‍മാന്‍ നോം സോള്‍ബര്‍ഗ് പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം കമ്മീഷന്‍ ഔദ്യോഗികമായി ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് കൈമാറിയിട്ടുമുണ്ട്.
നെതന്യാഹുവും ലിക്കുഡ് പാര്‍ട്ടിയുമാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉന്നയിച്ചത്. അതേസമയം, തെരഞ്ഞെടുപ്പ് ഘട്ടത്തിലും അതിന് ശേഷവും അറബ് സമൂഹത്തിനെതിരെയുണ്ടായ വംശീയ പരാമര്‍ശങ്ങളെ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് അപലപിച്ചു. തെരഞ്ഞെടുപ്പിലെ അട്ടിമറി ആരോപണങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികളില്‍ തനിക്ക് 'പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്ന്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാകാത്തത് ചൂണ്ടിക്കാട്ടിയ പ്രസിഡന്റ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത് ഒഴിവാക്കാന്‍ പാര്‍ട്ടികള്‍ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു.