ട്രംപ് ജയിച്ചപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങിയ മുസ്‌ലിം പെണ്‍കുട്ടി; ഇല്ലിനോയി സ്‌റ്റേറ്റ് സെനറ്റിലേക്ക് വിജയിച്ച് 27കാരിയായ ഇന്ത്യന്‍ വംശജ നബീല സഈദ്

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള ഇല്ലിനോയിയില്‍ ഒരു കുടിയേറ്റ കുടുംബത്തില്‍ നിന്നുള്ള മുസ്‌ലിം വനിതയുടെ വിജയം യുഎസിലെ മാറുന്ന രാഷ്ട്രീയത്തിൻ്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്

Update: 2026-11-05 06:59 GMT

വാഷിങ്ടണ്‍ ഡിസി: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇല്ലിനോയി സ്‌റ്റേറ്റ് സെനറ്റിലേക്ക് വിജയിച്ചത് 27കാരിയായ ഇന്ത്യന്‍ വംശജ നബീല സഈദാണ്. ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ നബീല നിലവിലെ സെനറ്റര്‍ ഡര്‍ബി ഹില്‍സിനെ പരാജയപ്പെടുത്തിയാണ് സ്റ്റേറ്റ് സെനറ്റിലേക്ക് വിജയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള ഇല്ലിനോയിയില്‍ ഒരു കുടിയേറ്റ കുടുംബത്തില്‍ നിന്നുള്ള മുസ്‌ലിം വനിതയുടെ വിജയം യുഎസിലെ മാറുന്ന രാഷ്ട്രീയത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.

ഇല്ലിനോയിയിലെ പലറ്റൈനിലാണ് നബീലയുടെ ജനനം. ഹൈദരാബാദില്‍ നിന്ന് 1980കളില്‍ യുഎസിലേക്ക് കുടിയേറിയവരാണ് നബീലയുടെ മാതാപിതാക്കള്‍. കോളജ് പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ 2022ല്‍ 23 വയസ്സുള്ളപ്പോഴാണ് നബീല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഇല്ലിനോയി ജനപ്രതിനിധി സഭയിലെ 51-ാമത് ഡിസ്ട്രിക്റ്റ് സീറ്റില്‍ നിന്നായിരുന്നു ജയം. ഇതോടെ ഇല്ലിനോയിയിലെ പ്രായം കുറഞ്ഞ ജനപ്രതിനിധിയായി നബീല മാറിയിരുന്നു. തുടര്‍ന്ന് 2024ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

Advertising
Advertising

ഇല്ലിനോയി ജനപ്രതിനിധി സഭയിലെ പ്രായം കുറഞ്ഞ അംഗമായതിന് പിന്നാലെ 2022ല്‍ ഒരു അഭിമുഖത്തില്‍ നബീല തന്റെ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞിരുന്നു. 'എനിക്ക് ഇവിടെ ജീവിക്കാന്‍ വേണ്ടി അവര്‍ ചെയ്ത എല്ലാ ത്യാഗങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവളാണ്. അവരുടെ ഏറ്റവും അങ്ങേയറ്റത്തെ സ്വപ്നങ്ങളില്‍ പോലും ഞാന്‍ രാഷ്ട്രീയത്തിലിറങ്ങി മത്സരിക്കുമെന്ന് അവര്‍ കരുതിയിരുന്നില്ല. ഇവിടെ ഞാന്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. അത് അവര്‍ കാരണമാണ്. ഞാന്‍ അത് ചെയ്തില്ലെങ്കില്‍ വേറെ ആരാണ് ചെയ്യുകയെന്നാണ് എന്റെ ഉമ്മ ചോദിച്ചത്?' -നബീല പറഞ്ഞു. 

 

ഒന്‍പതാം ക്ലാസ് മുതല്‍ ഹിജാബ് ധരിച്ചു തുടങ്ങിയതാണ് നബീല. എന്നാല്‍, മറ്റുള്ളവരില്‍ നിന്ന് എതിര്‍പ്പും വിവേചനവും നേരിടുമോയെന്ന് പിതാവ് സഈദ് മൊയിസുദ്ദീന് സംശയമുണ്ടായിരുന്നു. എന്നാല്‍, തന്നെ വ്യക്തിപരമായി രൂപപ്പെടുത്തിയ ഒരു സംഭവമാണ് അതെന്ന് നബീല പറയുന്നു. 2017ല്‍ സ്‌കൂളിലെ പ്രോം ക്വീന്‍ മത്സരത്തില്‍ പങ്കെടുത്ത് നബീല വിജയിയായി. എന്നാല്‍, തന്റെ സംസ്ഥാനത്തെ പരമോന്നത സ്ഥാനങ്ങളിലൊന്നായ സെനറ്റര്‍ പദവിയിലേക്ക് മത്സരിക്കുമെന്നും ജയിക്കുമെന്നും അന്ന് അവള്‍ കരുതിയിരുന്നില്ല.

അതുവരെ രാഷ്ട്രീയ താല്‍പര്യമൊന്നും കാണിക്കാതിരുന്ന നബീല 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചതിനു ശേഷമാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചത്. യുഎസിലെ വെളുത്ത വംശജരുടെ ആധിപത്യത്തെ പിന്തുണക്കുന്നവര്‍ക്ക് ട്രംപിന്റെ വിജയം ഏറെ സന്തോഷം നല്‍കുന്നത് അവള്‍ കണ്ടു. ഇരുണ്ട നിറക്കാരിയായ ആ പെണ്‍കുട്ടിക്ക് അത് ഏറെ പ്രയാസമുണ്ടാക്കി. ട്രംപിന്റെ വിജയത്തോടെ താന്‍ ജനിച്ചു വളര്‍ന്ന സ്ഥലത്ത് ഇനി തനിക്കൊരു സ്ഥാനവുമില്ലെന്ന് അവള്‍ക്ക് തോന്നി.

തീവ്ര വലതുപക്ഷ കാഴ്ചപ്പാടുള്ളവര്‍ സ്‌കൂള്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കണ്ടപ്പോള്‍, പുരോഗമന സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണങ്ങളില്‍ നബീല സജീവമായി. സ്‌കൂള്‍ പഠന ശേഷം ബെര്‍ക്ക്ലീയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ഇരട്ട ബിരുദത്തോടെ നബീല ബിരുദം നേടി. മുസ്‌ലിം യുവതികളെ നേതൃത്വപരമായ പദവികള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രാദേശിക വ്യവസായ സംരംഭങ്ങളെ സഹായിക്കുന്ന ഒരു കണ്‍സള്‍ട്ടിങ് സംഘടനയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ശേഷമാണ് 2022ല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. 

 

റിപ്പബ്ലിക്കന്മാര്‍ കയ്യടക്കിവെച്ച സീറ്റുകള്‍ പല നിറങ്ങളിലുള്ള ഡെമോക്രാറ്റ് യുവതികള്‍ പിടിച്ചെടുക്കുന്നത് നിങ്ങള്‍ കാണുന്നുണ്ടോയെന്നാണ് സ്റ്റേറ്റ് സെനറ്റിലേക്കുള്ള വിജയത്തിന് പിന്നാലെ നബീല ചോദിച്ചത്. വെളുത്തവര്‍ക്ക് ആധിപത്യമുള്ള സംസ്ഥാനത്താണ് നബീലയുടെ വിജയമെന്നത് ഇതിന്റെ മാധുരം വര്‍ധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ ആളുകളിലേക്കുമെത്തിയെന്ന് നബീല പറയുന്നു. വിദ്യാഭ്യാസം, നികുതി, പ്രത്യുല്‍പാദന അവകാശം, തോക്ക് നിയന്ത്രണം തുടങ്ങിയവയായിരുന്നു പ്രധാന പ്രചാരണ വിഷയങ്ങള്‍. എല്ലായിടത്തും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് നബീല പറയുന്നു. എന്നാല്‍, ചിലരൊക്കെ 'നിങ്ങള്‍ അമേരിക്കക്കാരിയെ പോലെ തോന്നിക്കുന്നില്ല' എന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു.

ഏറ്റവും വാശിയേറിയ മത്സരം നടന്ന ഇല്ലിനോയിയില്‍ 57 ശതമാനം വോട്ട് നേടിയാണ് നബീലയുടെ വിജയം. നബീലക്ക് 4.7 മില്യണ്‍ ഡോളര്‍ തെരഞ്ഞെടുപ്പ് സംഭാവനയായി ലഭിച്ചത് ഇവരുടെ പിന്തുണയെ എടുത്തുകാട്ടുന്നു. തൊഴിലാളി യൂണിയനുകളും നബീലക്ക് പിന്നില്‍ അണിനിരന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News