Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
RAMALLAH, Palestine | Photo: Anadolu Agency
ഗസ്സ: ഫലസ്തീനിലെ ക്രിസ്ത്യൻ സാന്നിധ്യം ഇസ്രായേൽ നശിപ്പിച്ചതായും ഗസ്സയിലെ പള്ളികളിൽ ബോംബാക്രമണം തുടരുകയാണെന്നും ഫലസ്തീനിലെ ഹയർ പ്രസിഡൻഷ്യൽ കമ്മിറ്റി ഫോർ ചർച്ച് അഫയേഴ്‌സ് (എച്ച്പിസിസിഎ) ഞായറാഴ്ച പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെള്ളിയാഴ്ച യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് കമ്മിറ്റിയുടെ പ്രസ്താവന. മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏക രാഷ്ട്രം ഇസ്രായേൽ ആണെന്നാണ് യുഎന്നിൽ നെതന്യാഹു അവകാശപ്പെട്ടത്.
'സത്യം വ്യക്തമാണ്: വംശീയ ഉന്മൂലനം, വർണവിവേചനം, വംശഹത്യ എന്നിവയുൾപ്പെടെയുള്ള ഇസ്രായേലിന്റെ കൊളോണിയൽ നയങ്ങൾ ഫലസ്തീനിലെ ക്രിസ്ത്യൻ സാന്നിധ്യത്തെ നശിപ്പിച്ചു.'HPCCA പറഞ്ഞു. '1948-ലെ നഖ്ബക്ക് മുമ്പ് ഫലസ്തീനിലെ ജനസംഖ്യയുടെ 12.5 ശതമാനം ഫലസ്തീൻ ക്രിസ്ത്യാനികളായിരുന്നു. ഇന്ന് ഫലസ്തീനിൽ 1.2 ശതമാനം മാത്രമേ ക്രിസ്ത്യാനികൾ അവശേഷിക്കുന്നുള്ളൂ.' കമ്മിറ്റി പറഞ്ഞു.
'ഏതാണ്ട് ആളൊഴിഞ്ഞ യുഎൻ ജനറൽ അസംബ്ലി ഹാളിൽ യുദ്ധക്കുറ്റവാളിയും ഐസിസിയുടെ പിടികിട്ടാപ്പുള്ളിയുമായ ബെഞ്ചമിൻ നെതന്യാഹു വീണ്ടും ഫലസ്തീൻ ക്രിസ്ത്യാനികളെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ചു.' 2002ലെ വെസ്റ്റ് ബാങ്കിലെ അധിനിവേശത്തിനിടെ ചർച്ച് ഓഫ് നേറ്റിവിറ്റിക്ക് പുറത്തുള്ള ഒരു ഇസ്രായേലി ടാങ്കിന്റെ ഫോട്ടോ സഹിതം കമ്മിറ്റി ഫേസ്ബുക്കിൽ പങ്കുവെച്ചു.