ഗസ്സ പൂർണമായും പിടിച്ചെടുക്കാനുള്ള സൈനിക ഓപ്പറേഷൻ ആരംഭിച്ച് ഇസ്രായേൽ; വടക്കൻ ഗസ്സയിൽ നിന്ന് ആളുകളെ ആട്ടിയോടിക്കുന്നു

ആസൂത്രിതമായി ഗസ്സയുടെ വിവിധ ഭാഗങ്ങൾ കൈവശപ്പെടുത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നത്

Update: 2025-05-17 07:47 GMT
Editor : rishad | By : Web Desk

ഗസ്സസിറ്റി: ഗസ്സയെ പൂർണമായും പിടിച്ചെടുക്കാനുള്ള സൈനിക ഓപ്പറേഷൻ ഇസ്രായേൽ ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ വ്യാപക വ്യോമാക്രമണങ്ങളിൽ ഗസ്സയിൽ 115 പേർ കൊല്ലപ്പെട്ടു. ആസൂത്രിതമായി ഗസ്സയുടെ വിവിധ ഭാഗങ്ങൾ കൈവശപ്പെടുത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നത്.

വടക്കൻ ഗസ്സയിലെ നിരവധി മേഖലകളിൽ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം ആട്ടിയോടിച്ചു. ഗസ്സയിലേക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ പോലും ഇസ്രായേൽ കടത്തിവിടുന്നില്ല.

അതേസമയം ജറുസലേമിലും ഇസ്രായേൽ അതിക്രമം തുടരുകയാണ്. ഫലസ്തീൻ യുവാവ് മുഹമ്മദ് നിദാൽ അബു ലിബ്ദെയെ ഇസ്രായേൽ സൈന്യം അൽ അഖ്സാ മസ്ജിദ് ഗേറ്റിന് സമീപം വെടിവെച്ച് കൊന്നു. ഇതിനിടെ ഗസ്സയില്‍ പട്ടിണി രൂക്ഷമാകുകയാണ്. ഗസ്സയില്‍ ഫലസ്തീനികളുടെ ശരീരത്തിൽ പട്ടിണിയുടെ ഫലങ്ങൾ പ്രകടമായിത്തുടങ്ങിയെന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് ഖലീൽ അൽ-ഡെഗ്രാൻ പറയുന്നത്.

Advertising
Advertising

പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന വ്യാപകമായ വിളർച്ചയും ഇതിൽ ഉൾപ്പെടുന്നു. അതായത് ആളുകൾക്ക് ഇനി രക്തം ദാനം ചെയ്യാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇതോടെ ആശുപത്രികളിപ്പോള്‍ രൂക്ഷമായ രക്ത ക്ഷാമം അനുഭവപ്പെടുന്നു. മരണസംഖ്യ ഉയരാനും രക്തക്ഷാമം വഴിവെക്കും. ഇതിനിടെ തുടർച്ചയായ ഇസ്രായേലി ബോംബാക്രമണം കാരണം ഗസ്സ മുനമ്പിലെ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കാണാതായ ഫലസ്തീനികളെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.

ഇസ്രായേലിന്റെ ഏറ്റവും പുതിയ ആക്രമണങ്ങളിൽ ഡസൻ കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടതെന്നും പലരും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹമൂദ് ബാസൽ പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News