വെടിനിർത്തൽ ചർച്ച വഴിമുട്ടിനിൽക്കെ ഗസ്സ ചോരക്കളമാക്കി ഇസ്രായേൽ; 24 മണിക്കൂറിനിടെ 116 പേരെ കൊന്നൊടുക്കി
ആയിരക്കണക്കിന് ഫലസ്തീനികൾ പട്ടിണി മരണത്തിന്റെ വക്കിലാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം
ഗസ്സസിറ്റി: വെടിനിർത്തൽ ചർച്ച വഴിമുട്ടിനിൽക്കെ, ഗസ്സയിൽ ഇന്നലെ മാത്രം ഇസ്രായേൽ കൊന്നൊടുക്കിയത് 116 ഫലസ്തീനികളെ. ഇവരിൽ 37 പേരും റഫയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വരിനിന്നവരാണ്. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 58,765 ആയി.
ആയിരക്കണക്കിന് ഫലസ്തീനികൾ പട്ടിണി മരണത്തിന്റെ വക്കിലാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. മൂന്നിലൊന്നുപേർക്ക് ദിവസങ്ങളായി കഴിക്കാൻ ഭക്ഷണം ലഭിക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയോടെ നടത്തുന്ന ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ മുഖേനയുള്ള ഭക്ഷണ വിതരണ കേന്ദ്രത്തിൽ എത്തുന്നവർക്കു നേരെ പ്രകോപനമില്ലാതെ വെടിവെപ്പ് തുടരുകയാണ്.
ഗസ്സയിൽ ശുദ്ധജലമില്ലാതെ പകർച്ച രോഗങ്ങളും വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. 48 മണിക്കൂറിനിടെ, 3 കുഞ്ഞുങ്ങൾ പോഷകാഹാര കുറവ് മൂലം മരണത്തിന് കീഴടങ്ങി. പട്ടിണി തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂട്ടമരണം ഉറപ്പാണെന്ന് വിവിധ സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകി. അതേസമയം ദോഹയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും തന്നെയില്ലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുദ്ധവിരാമത്തിന് തയാറായാൽ മുഴുവൻ ബന്ദികളെയും ഒരുമിച്ച് വിട്ടയക്കാമെന്ന നിർദേശം ഇസ്രായേൽ തള്ളിയതായി ഹമാസ് കുറ്റപ്പെടുത്തിയിരുന്നു. ഹമാസുമായി ഉടൻ സമഗ്ര വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ ഇന്നലെ രാത്രി തെൽഅവിവിൽ റാലി നടത്തി.