'ആംബുലന്‍സായാലും ആക്രമിക്കും': ലെബനാനില്‍ ആംബുലന്‍സുകളെ ലക്ഷ്യമിട്ട് ഇസ്രായേല്‍

ഹിസ്ബുല്ല പോരാളികള്‍ ആംബുലൻസുകൾ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചാണ് ഇസ്രായേൽ ആക്രമണം

Update: 2024-10-12 12:02 GMT
Editor : ദിവ്യ വി | By : Web Desk

തെൽഅവീവ്: ലെബനാനിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ആംബുലൻസുകളെ ലക്ഷ്യമിട്ട് ഇസ്രായേലിന്‍റെ വ്യാപക ആക്രമണം. ഗസ്സയില്‍ ചെയ്തുകൂട്ടുന്നതിന് സമാനമായി രക്ഷാപ്രവര്‍ത്തനത്തിന് തുരങ്കംവെക്കുന്ന കണ്ണില്ലാത്ത ക്രൂരതയാണ് ഇസ്രായേല്‍ ലെബനാനിലും തുടരുന്നത്. ടിആർടി വേൾഡാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ഹിസ്ബുല്ല പോരാളികള്‍ ആംബുലൻസുകൾ ദുരുപയോഗം ചെയ്യുന്നുവെന്നും അവർ യാത്രയ്ക്കും ആയുധക്കടത്തിനും ഉപയോഗിക്കുന്നുവെന്നും വാദങ്ങളുയർത്തിയാണ് ഇസ്രായേൽ ആക്രമണം. 

ഹിസ്ബുല്ല പ്രവർത്തകർ ആയുധക്കടത്തിനും യാത്രക്കുമായി ആംബുലൻസ് ഉപയോഗിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചുവെന്ന് ഇസ്രായേൽ സൈനിക വക്താവ് അവിചേയ് ആദ്രേ പറഞ്ഞു. ഹിസ്ബുല്ല പോരാളികളെ കൊണ്ടു പോകുന്ന ഏതൊരു വാഹനവും ആക്രമിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. സായുധ ഉപകരണങ്ങളുമായി വരുന്ന ഏതൊരു വാഹനത്തിനെതിരെയും അത് ആംബുലൻസായാലും ഇസ്രായേൽ സൈന്യം ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

അതേസമയം ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി തെക്കൻ ലെബനാനിലെ ജനങ്ങളോട് വീട് വിട്ട് വടക്കൻ മേഖലയിലേക്ക് മാറാൻ മുന്നറിയിപ്പ് നൽകിയതായും ഇനി ഒരു ഉത്തരവ് പുറത്തുവിടും വരെ പ്രദേശത്തേക്ക് വരരുതെന്ന് ആവശ്യപ്പെട്ടതായും അവിചേയ് ആദ്രേ പറഞ്ഞു.

 ഗസ്സയിൽ ഹമാസ് പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന വ്യാജേന പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളേയും ആംബുലൻസ് സേവനങ്ങളെയും ഇസ്രായേല്‍ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ചികിത്സ പോലും നിഷേധിക്കുന്നതാണ് ഇസ്രായേലിന്‍റെ ഈ നീക്കം. 

ഹിസുബുല്ലയെ ലക്ഷ്യമിട്ടെന്ന വാദവുമായി സെപ്തംബർ 23 മുതലാണ് ലെബനാനിൽ ഇസ്രായേൽ വ്യാപക വ്യോമാക്രമണം ആരംഭിച്ചത്. ഇതിനോടകം ആയിരത്തിലധികം പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നാലായിരത്തോളം പേർക്കാണ് പരിക്കേറ്റത്. ലക്ഷക്കണക്കിന് ആളുകളാണ് ലെബനാനിൽ നിന്നും പലായനം ചെയ്യുന്നത്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News