ക്ലസ്റ്റർ ബോംബുകൾ ഇറാൻ പ്രയോഗിച്ചതായി ഇസ്രായേൽ

സിവിലിയന്മാർക്ക് പരമാവധി നാശനഷ്ടങ്ങൾ വരുത്താനാണ് ഇറാന്‍ ശ്രമിക്കുന്നതെന്ന് ഇസ്രായേല്‍

Update: 2025-06-20 09:22 GMT
Editor : rishad | By : Web Desk

തെല്‍ അവിവ്: ഇസ്രായേൽ - ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് നീളുമ്പോൾ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾ ഇറാന്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേല്‍ സേന ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഇറാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നുമില്ല. 

സംഘര്‍ഷം ഒരാഴ്ച പിന്നിടവെയാണ് ക്ലസ്റ്റർ ബോംബുകള്‍ ആദ്യമായി ഇറാന്‍ കളത്തിലിറക്കുന്നത്. ''ഇസ്രായേലിലെ ജനസാന്ദ്രതയുള്ളൊരു പ്രദേശത്ത് ക്ലസ്റ്റർ ബോംബുകളടങ്ങിയ മിസൈൽ പ്രയോഗിച്ചു''- ഇസ്രായേല്‍ എംബിസി ഇ-മെയിലിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആ പ്രദേശത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുന്നില്ല. 

Advertising
Advertising

മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റര്‍ ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി പതിക്കുന്നതാണ് ക്ലസ്റ്റര്‍ ബോംബുകള്‍. ഇത് വന്‍ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സിവിലിയന്മാർക്ക് പരമാവധി നാശനഷ്ടങ്ങൾ വരുത്താനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും മധ്യ ഇസ്രായേലിൽ എട്ട് കിലോമീറ്ററോളം ചുറ്റളവിലാണ് ക്ലസ്റ്റർ ബോംബുകൾ പതിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഇതിലൊന്ന് മധ്യ ഇസ്രായേലി പട്ടണമായ അസോറിലെ ഒരു വീട്ടിൽ പതിക്കുകയും കുറച്ച് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അപകടകരവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതുമായ മിസൈൽ അവശിഷ്ടങ്ങൾക്ക് അടുത്തേക്ക് പോകരുതെന്നും അത്തരത്തിലുള്ളത് ശ്രദ്ധയില്‍പെട്ടാല്‍ ഉടൻ തന്നെ അധിതൃതരെ അറിയിക്കണമെന്നും സൈന്യം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. 

ഇറാന്റെ മറ്റ് ബാലിസ്റ്റിക് മിസൈലുകളെക്കാള്‍ വളരെ അപകടം പിടിച്ചതാണ് ക്ലസ്റ്റര്‍ ബോംബുകളെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നതായി ടൈംസ് ഓഫ് ഇസ്രായേലും റിപ്പോര്‍ട്ട് ചെയ്യുന്നു.  ക്ലസ്റ്റർ ബോംബുകളുടെ ഉത്പാദനം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയ്‌ക്കെതിരെ 2008ല്‍ 117 രാജ്യങ്ങള്‍ രംഗത്ത് എത്തുകയും വിലക്കുകയും ചെയ്തു. എന്നാല്‍ നിരോധനത്തില്‍ ഒപ്പുവെക്കാന്‍ ഇറാനും ഇസ്രായേലും വിസമ്മതിച്ചിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News