40 വേണ്ട, 20 ​ബന്ദികളെ മോചിപ്പിച്ചാൽ മതി; വെടിനിർത്തൽ കരാർ വ്യവസ്ഥ മയപ്പെടുത്തി ഇസ്രാ​യേൽ

യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്

Update: 2024-04-26 13:11 GMT
Advertising

ജെറുസലേം: ഫലസ്തീനി തടവുകാരുടെ കൈമാറ്റം, ഗസ്സയിലെ വെടിനിർത്തൽ എന്നിവ സംബന്ധിച്ച് ഇസ്രായേൽ പുതിയ കരാർ വ്യവസ്ഥകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കുന്നതുമായി ബദ്ധപ്പെട്ട് പുതിയ വ്യവസ്ഥകൾ അവതരിപ്പിക്കാൻ ഇസ്രായേലി സുരക്ഷാ കാബിനറ്റ് യോഗം ചേർന്നു. ഇസ്രായേലി മധ്യസ്ഥർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മന്ത്രിസഭക്കും മുന്നിൽ പുതിയ പദ്ധതി അവതരിപ്പിച്ചതായാണ് റിപ്പോർട്ട്. ഇത് മധ്യസ്ഥർ മുഖേനെ ഹമാസിന് മുന്നിൽ അവതരിപ്പിക്കാനാണ് തീരുമാനം.

പുതിയ നിർദേശങ്ങൾ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. അതേസമയം, കരാറിന്റെ ഭാഗമായി 20 ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്ന ആവശ്യം ഇതിൽ അടങ്ങിയതായി ഇസ്രായേലി മാധ്യമങ്ങ​ൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തേ 40 ബന്ദികളെ മോചിപ്പിക്കണമെന്നായിരുന്നു ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നത്.

ഗസ്സയിൽ ആഴ്ചകൾ നീളുന്ന വെടിനിർത്തൽ പ്രഖ്യാപിക്കുമെന്നും ഈ കാലയളവിൽ ഇസ്രായേൽ സൈനിക​രെ പിൻവലിക്കുമെന്നും നിർദിഷ്ട കരാറിലുണ്ട്. അതേസമയം, ബന്ദികളെ വിട്ടയക്കുന്നതിന് പകരം എത്ര ഫലസ്തീനികളെ മോചിപ്പിക്കുമെന്നത് കരാറിലില്ല. കരാർ നിലവിൽ വന്നശേഷമാകും അതിനെക്കുറിച്ചുള്ള ചർച്ചകൾ.

കരാറിന്റെ കാലാവധി തീർന്നാൽ ആക്രമണം വീണ്ടും ആരംഭിക്കുമെന്നുമാണ് ഇസ്രായേൽ നിലപാട്. ഈജിപ്ഷ്യൻ പ്രതിനിധി വെള്ളിയാഴ്ച ഇസ്രായേലിലെത്തി കരാറിലെ വിശദാംശങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം.

അതേസമയം, ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ഹമാസ് വക്താവ് സമി അബു സുഹ്‍രി വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 18 രാജ്യങ്ങളുടെ നേതാക്കൾ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് കഴിഞ്ഞദിവസം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം വരുന്നത്.

അമേരിക്കക്ക് പുറമെ ഫ്രാൻസ്, യു.കെ, ജർമ്മനി, അർജൻ്റീന, ഓസ്ട്രിയ, ബൾഗേറിയ, കാനഡ, കൊളംബിയ, ഡെൻമാർക്ക്, ഹംഗറി, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സെർബിയ, സ്പെയിൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളുടെ നേതാക്കൾ പ്രസ്താവനയിൽ ഒപ്പുവെച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കുക, യുദ്ധം അവസാനിപ്പിക്കുക, മാനുഷിക സഹായവിതരണം വിപുലീകരിക്കുക, വടക്കൻ ഗസ്സയിലേക്ക് ജനങ്ങളെ മടങ്ങിപ്പോകാൻ അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

യുദ്ധം പൂർണമായി അവസാനിപ്പിക്കുക, ഇസ്രായേൽ അധിനിവേശ സേനയെ പിൻവലിക്കുക, ഫലസ്തീനികളെ ഗസ്സയിലെ എല്ലാ മേഖലകളിലേക്കും തിരികെ പോകാൻ അനുവദിക്കുക, ഉപരോധം അവസാനിപ്പിക്കുക, എല്ലാവർക്കും മാനുഷിക സഹായം എത്തിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഹമാസ് ആവർത്തിക്കുകയാണ്. ഹമാസിന്റെ കൈവശം നിലവിൽ 130 ബന്ദികളുണ്ടെന്നാണ് വിവരം. അതേസമയം, ഇസ്രായേൽ 9100ലധികം ഫലസ്തീനിക​ളെയാണ് തടവിലാക്കിയിട്ടുള്ളത്.

വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുമ്പോഴും തെക്കൻ ഗസ്സയിലെ റഫയിൽ കരയാക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേൽ സൈന്യം. എന്നാൽ, റഫയിൽ ചെറുത്തിനിൽപ്പിന് തങ്ങൾ സജ്ജമായിട്ടുണ്ടെന്ന് ഹമാസ് വ്യക്തമാക്കി. ഞങ്ങൾ വെറുതെയിരിക്കില്ല. എല്ലാവിധ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ടെന്നും ഹമാസ് അറിയിച്ചു.

ഇസ്രായേൽ സേനയെ പ്രതിരോധിക്കാനായി റഫയിൽ ഹമാസ് തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണെന്ന് ഇസ്രായേൽ അധിനിവേശ സേനയുടെ മുൻ മേജർ ജനറൽ ഇസ്രായേൽ സിൽ മുന്നറിയിപ്പ് നൽകി. ഇത് ഇസ്രായേലിന് വലിയ ദുരന്തമാകും സമ്മാനിക്കുക. റഫയിലെ ആക്രമണം വലിയ അപകട സാധ്യതയുള്ളതാണ്. ധാരാളം ജനങ്ങൾ അധിവസിക്കുന്നതിനാൽ അവിടെ യുദ്ധം ചെയ്യുക ഏറെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News