ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ; അറാക് ആണവനിലയം ആക്രമിച്ചെന്ന് ഇറാന്‍
തെഹ്റാനില്‍ നിന്ന് ഏകദേശം 190 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അറാക് വാട്ടർ റിയാക്ടര്‍ സ്ഥിതി ചെയ്യുന്നത്
ഇറാന്‍ ആണവ കേന്ദ്രത്തിനടുത്ത് ഇസ്രായേൽ നടത്തിയ ആക്രമണം
തെഹ്‌റാൻ: ഇറാനിലെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ. അറാക് വാട്ടർ റിയാക്ടറിൽ ആക്രമണം നടന്നെന്ന് ഇറാൻ സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഇസ്രായേലിന്റെ ആക്രമണം.
അതേസമയം ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനു മുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. ഈ കേന്ദ്രം ആക്രമിക്കുമെന്നും മേഖലയിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്നും ഇസ്രായേൽ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതോടൊപ്പം സാധാരണക്കാക്കു നേരെയും ഇസ്രായേല്‍ മിസൈല്‍ തൊടുത്തതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. തെഹ്റാനില്‍ നിന്ന് ഏകദേശം 190 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അറാക് ഹെവി വാട്ടർ റിയാക്ടര്‍ സ്ഥിതി ചെയ്യുന്നത്.
ഇറാന്റെ വിശാലമായ ആണവ പദ്ധതിയുടെ ഭാഗമായി 2000ത്തിന്റെ തുടക്കത്തിലാണ് നിർമ്മാണം ആരംഭിച്ചത്. വളരെ പെട്ടെന്ന് തന്നെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അതേസമയം ആണവ കേന്ദ്രങ്ങളിലെ ആക്രമണത്തിന്, മിസൈൽ വർഷത്തിലൂടെയായിരുന്നു ഇറാന്റെ മറുപടി. അയേൺ ഡോമിനെ മറികടന്ന് നിരവധി മിസൈലുകൾ ഇസ്രായേലിൽ പതിച്ചു. സൈനിക ആശുപത്രിയായ സൊറോക്കയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.
ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ മറികടന്ന് നിരവധി കെട്ടിടങ്ങളിൽ ഇറാന്റെ മിസൈൽ പതിച്ചു. കനത്ത നാശനഷ്ടമുണ്ടായി. അമ്പതിലേറെ പേർ ചികിത്സയിലാണ്. ഇന്റലിജൻസ് ആസ്ഥാനം ലക്ഷ്യം വെച്ച് ഇറാൻ നടത്തിയ മിസൈലാക്രമണത്തിനിടെയാണ് സൈനിക ആശുപത്രിയായ സൊറോകയിലും മിസൈൽ പതിച്ചത്. ഗസ്സയിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കുന്ന ആശുപത്രിയാണിത്. ഇതിന് ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.