'ഗസ്സയിലെ അനീതി നിങ്ങൾക്ക് ദോഷം ചെയ്യും'; ഇസ്രായേൽ സൈനിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഫലസ്തീൻ അനുകൂലികൾ

'ഫലസ്തീനിലും ഗസ്സയിലുമുള്ള ജനങ്ങളോട് ജോർദാനിൽ നിന്നുള്ള സഹോദരന്മാർ അറിയിക്കുന്നത്: മനസ്സ് കൊണ്ടും പ്രവൃത്തി കൊണ്ടും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്'

Update: 2023-12-14 07:09 GMT
Advertising

ജറുസലേം: ഇസ്രായേൽ സൈനിക വെബ്‌സൈറ്റ് ഫലസ്തീൻ അനുകൂലികൾ ഹാക്ക് ചെയ്തു. ഫലസ്തീനെ വിമോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 'അനോണിമസ് ജോ'യെന്ന് സ്വയം വിശേഷിപ്പിച്ച സംഘമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്.

'ഗസ്സയിലെ ഞങ്ങളുടെ ആളുകളോട് നിങ്ങൾ നടത്തുന്ന അനീതിയും അക്രമവും മൂലം ഭീകരതയും കൊലപാതകവും യുദ്ധവും മാത്രമാണ് നിങ്ങൾക്ക് ലഭിക്കുക. അത് കരയിലൂടെയോ ആകാശത്തിലൂടെയോ ഇലക്‌ട്രോണിക് വഴിയോ ലഭിക്കും' ജോർദാൻ കേന്ദ്രമാക്കിയുള്ള ഹാക്കർമാർ കുറിച്ചു. ഹാക്കിംഗ് സൈന്യവും സ്ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഹാക്കർമാർ ഹാക്ക് ചെയ്ത വെബ്‌സൈറ്റിൽ അറബിയിൽ കുറിച്ചത്: ഫലസ്തീനിലും ഗസ്സയിലുമുള്ള ജനങ്ങളോട് ജോർദാനിൽ നിന്നുള്ള സഹോദരന്മാർ അറിയിക്കുന്നത്: മനസ്സ് കൊണ്ടും പ്രവൃത്തി കൊണ്ടും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഇത് ഞങ്ങളുടെ വാക്കാണ്, സ്വതന്ത്രരായ എല്ലാ മുസ്‌ലിമിന്റെയും വാക്കാണ്'.

ഇസ്രായേലിനുള്ള മുന്നറിയിപ്പും അവർ കുറിച്ചു:'ഇതൊരു തുടക്കം മാത്രമാണ്. നദി മുതൽ കടൽ വരെയുള്ള ഞങ്ങളുടെ ഭൂമിയുടെ -ഫലസ്തീൻ- സ്വതന്ത്ര്യമല്ലാതെ മറ്റൊന്നും ഞങ്ങൾ സ്വീകരിക്കില്ല'.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വൃത്തകെട്ട ആക്രമണത്തിനും കൊലപാതകത്തിനും പകരമായാണ് ഈ ആക്രമണമെന്നും തങ്ങളുമായി യുദ്ധം തുടർന്നാൽ അത് ഭീകരമായിരിക്കുമെന്നും അനോണിമസ് ജോ കുറിച്ചു.

അതേസമയം, വെടിനിർത്തൽ ആവശ്യം ഉയരുമ്പോഴും ഗസ്സയിലും വെസ്റ്റ്ബാങ്കിലും കൂട്ടക്കുരുതി ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. രണ്ടു മാസത്തിലേറെയായി തുടരുന്ന വംശഹത്യയിൽ ഗസ്സയിൽ മാത്രം 18,608 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അരലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ മാത്രം 196 പേരെയാണ് ഇസ്രായേൽ കൊന്നത്. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് യുഎൻ ചൂണ്ടിക്കാട്ടുന്നത്. ഗസ്സയിൽ കരയുദ്ധം തുടങ്ങിയ ശേഷം തങ്ങളുടെ 116 സൈനികർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ പറയുന്നത്.

 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News